ബോളിവുഡ് താരദമ്പതിമാരായ ദീപികാ പദുക്കോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഗർഭിണിയായ ദീപികാ പദുക്കോൺ കഴിഞ്ഞദിവസം സിനിമാ ഷൂട്ടിങ്ങിനായി ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. ഷാരൂഖ് ഖാൻ നായകനാകുന്ന കിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം എത്തിയത്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

To advertise here,

ദീപികാ പദുക്കോണും ഷാരൂഖ് ഖാനും പടികൾ കയറുന്നതാണ് വീഡിയോയിലുള്ളത്. ഗർഭിണിയായ ദീപികയുടെ കൈപിടിച്ചാണ് ഷാരൂഖ് ഖാൻ പടികൾ കയറുന്നത്. കറുത്ത ഷർട്ടും പാന്റുമാണ് വീഡിയോയിൽ ഷാരൂഖ് ഖാൻ ധരിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബഹുവർണ പാന്റുമായിരുന്നു ദീപികയുടെ വേഷം. ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്.

'ജെന്റിൽമാൻ' എന്ന് പലരും ഷാരൂഖിനെ കമന്റുകളിൽ വിശേഷിപ്പിച്ചു. 'ഇതുകൊണ്ടാണ് ഇദ്ദേഹം 'കിങ് ഖാൻ' ആകുന്നത്' എന്നാണ് ഒരാൾ കുറിച്ചത്. 'ദീപികയേയും ഷാരൂഖിനേയും കിങ്ങിന്റെ സെറ്റിൽ ഒന്നിച്ചു കണ്ടപ്പോൾ ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങൾ ഓർമ്മവന്നു' എന്ന് മറ്റൊരാൾ കുറിച്ചു.

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെ ലൊക്കേഷനിലാണ് ഷാരൂഖും ദീപികയുമുള്ളത്. ഇതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ദീപികയ്ക്കൊപ്പം ഷാരൂഖ് ഖാനേയും ചിത്രങ്ങളിൽ കാണാം. ഇപ്പോൾ പുറത്തുവന്ന വീഡിയോയിലേത് പോലെ തന്നെ ദീപികയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഷാരൂഖ് ഖാനാണ് ചിത്രത്തിലുള്ളത്.