ബോളിവുഡ് നടനും കൊമേഡിയനുമായ സതീഷ് ഷായുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും ഇന്ത്യന്‍ സിനിമാലോകവും. വൃക്ക തകരാറിനെ തുടര്‍ന്നായിരുന്നു 74-കാരനായ സതീഷിന്റെ അന്ത്യം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സതീഷ് ഷാ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംവിധായകന്‍ ജെ.ഡി. മജേദിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

'അദ്ദേഹത്തിന്റെ മരണവാര്‍ത്ത എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം മരണത്തിന് മുമ്പ് 11 മണിക്ക് അദ്ദേഹം ആതിഷ് കപാഡിയയുമായി സംസാരിച്ചിരുന്നു. പിന്നീട് 12:57-ന് രത്‌ന പതക് ഷായോടും സംസാരിച്ചു. രണ്ടുമണിക്കൂറിന് ശേഷം കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയാണ്.' -മജേദിയ പറഞ്ഞു.

'മിനിഞ്ഞാന്ന് ഞങ്ങള്‍ തമ്മില്‍ കാണേണ്ടതായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീടിന് താഴെ എത്തിയിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ കൂടിക്കാഴ്ച മാറ്റിവെക്കുകയായിരുന്നു. എന്റെ കുടുംബത്തിനും അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. എന്റെ രണ്ട് പെണ്‍മക്കളെയും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഭാര്യയുമായും സൗഹൃദമുണ്ടായിരുന്നു. എല്ലാവരുമായും അദ്ദേഹം ഫോണില്‍ സംസാരിക്കുകയായിരുന്നു. 'നോക്കൂ, ഞാന്‍ വളരെ ആരോഗ്യവാനാണ്' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.' -മജേദിയ തുടര്‍ന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് സതീഷ് ഷാ അന്തരിച്ചത്. ഉച്ചഭക്ഷണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) പരിശീലനം നേടി. 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' (1978) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തന്റെ കരിയറില്‍ 250-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.