കോഴിക്കോട്: കക്കോടി ചെറുകുളം റോഡിൽ കുറ്റാട്ടുതാഴത്ത് നിർമ്മാണത്തിലിരുന്ന ഇരുനില വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് തൊഴിലാളി മരിച്ചു. കാരന്തൂർ സ്വദേശിയായ രജനിത്താണ് (32) മരിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കവേ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

വീടിന്റെ ഒന്നാംനിലയിലെ സൺഷെയ്ഡിനോട് ചേർന്നുള്ള ഭാഗത്ത് പട്ടിക അടിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടയിൽ സൺഷെയ്ഡിനെ താങ്ങി നിർത്തിയിരുന്ന പലക പൊട്ടിവീഴുകയും തുടർന്ന് കോൺക്രീറ്റ് ബീമുകളും ചെങ്കല്ലുകളും തൊഴിലാളികളുടെ മേലേക്ക് പതിക്കുകയുമായിരുന്നു. മുകളിൽനിന്നുള്ള വീഴ്ചയിലും അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടുമാണ് രജനിത്ത് മരിച്ചത്.

അപകടശബ്ദം കേട്ട് മറ്റുതൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അവശിഷ്ടങ്ങൾ മാറ്റിയപ്പോഴേക്കും രജനിത്ത് മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

സംഭവസമയത്ത് കെട്ടിടത്തിൽ മറ്റുചില തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടം നടന്ന സൺഷെയ്ഡ് ഭാഗത്ത് ഈ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്.