കഴിഞ്ഞാഴ്ച്ചയായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടേയും സംരഭക സാനിയ ചന്ദോക്കിന്റേയും വിവാഹം. മുംബൈയിൽ നടന്ന ചടങ്ങിൽ ഒട്ടേറെ സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിന്റേയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അർജുന്റെ സഹോദരി സാറാ തെണ്ടുൽക്കർ.

To advertise here,

തന്റെ ഹൃദയമാണ് അർജുനെന്നും ആ ഹൃദയത്തെ സാനിയയെ ഏൽപ്പിക്കുകയാണെന്നും സാറ വീഡിയോയിൽ പറയുന്നു. 'സാനിയ, നീയാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന, എന്നാൽ എനിക്ക് ഒരിക്കലും ലഭിക്കാതെ പോയ എന്റെ സഹോദരി. സഹോദരന്റെ ഭാര്യ എന്നതിനേക്കാൾ ഒരു സഹോദരിയായാണ് ഞാൻ നിന്നെ കാണുന്നത്. അമ്മ പറഞ്ഞതുപോലെ നിന്നെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് കഴിയില്ല. കാരണം വർഷങ്ങളായി നീ ഈ കുടുംബത്തിന്റെ ഭാഗമാണ്.

നിന്റെ എൻഗേജ്‌മെന്റിൽ ഞാൻ പറഞ്ഞതുപോലെ, എന്റെ ഹൃദയമാണ് അർജുൻ. ഇപ്പോൾ ആ ഹൃദയത്തെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. അവനെ നന്നായി നോക്കണം, സ്‌നേഹിക്കണം, ശ്രദ്ധിക്കണം. തീർച്ചയായും അവനും നിന്നെ അങ്ങനെതന്നെ നോക്കുമെന്ന് എനിക്കറിയാം. നിങ്ങളെ രണ്ടുപേരെയും ഞാൻ സ്‌നേഹിക്കുന്നു. എല്ലാ സ്‌നേഹവും, സമൃദ്ധിയും, സന്തോഷവും നിങ്ങൾക്ക് ആശംസിക്കുന്നു.'- സാറ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ പറഞ്ഞു. അതിഥികൾ ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ് സാറയുടെ വാക്കുകൾ സ്വീകരിച്ചത്.