ബന്ധങ്ങളിൽ ചെറിയ പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സാധാരണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പല ദമ്പതികൾക്കിടയിലും അഭിപ്രായവ്യത്യാസത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു വിഷയമുണ്ട് 'ഇന്ന് രാത്രി നമ്മൾ എന്തുകഴിക്കും? മിക്കപ്പോഴും പങ്കാളികളുടെ ഭക്ഷണതാത്പര്യങ്ങൾ ഒരുപോലെയാകണമെന്നില്ല. ഈ ഒരു ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്നവർക്കായാണ് സോഷ്യൽ മീഡിയയിൽ പുതിയൊരു ആശയം ചർച്ചയാകുന്നത്, അതാണ് 'ഫുഡ് ഡിവോഴ്‌സ്'.

To advertise here,

കേൾക്കുമ്പോൾ വിവാഹമോചനം പോലെ തോന്നാമെങ്കിലും, ഇതിൽ നിയമപരമായ വേർപിരിയലോ ദാമ്പത്യം അവസാനിപ്പിക്കലോ ഒന്നുമില്ല. പങ്കാളികൾ രണ്ടുപേരും ഒരേ വീട്ടിൽ ഒന്നിച്ചു ജീവിക്കുമ്പോൾ തന്നെ, ഭക്ഷണകാര്യത്തിൽ മാത്രം സ്വന്തം വഴി തിരഞ്ഞെടുക്കുന്ന രീതിയാണിത്.

ദമ്പതികൾക്കിടയിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ഇത്തരം ഒരു തീരുമാനം സഹായിക്കുന്നുണ്ടെന്ന് ലൈഫ്സ്‌റ്റൈൽ വിദഗ്ദ്ധർ പറയുന്നു.

ഒരാൾക്ക് ചോറും കറിയും കഴിക്കാൻ താല്പര്യമുള്ളപ്പോൾ മറ്റേയാൾക്ക് ചൈനീസ് ഭക്ഷണത്തോടോ അല്ലെങ്കിൽ സാലഡ് പോലെയുള്ള ഡയറ്റ് ഭക്ഷണത്തോടോ ആയിരിക്കും പ്രിയം.ജോലി തിരക്കുകൾ കാരണം ഒരാൾക്ക് രാത്രി ഏഴിന് ഭക്ഷണം കഴിക്കണം, എന്നാൽ മറ്റേയാൾക്ക് 10-ന്് ശേഷമേ വിശപ്പ് വരൂ.പങ്കാളികളിൽ ഒരാൾ സസ്യഭുക്കും മറ്റേയാൾ മാംസാഹരിയും ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറെ.

ഇത്തരം സന്ദർഭങ്ങളിൽ ഒരേ ഭക്ഷണം കഴിക്കാൻ പരസ്പരം നിർബന്ധിക്കുന്നതും, എന്തു കഴിക്കണമെന്ന് മണിക്കൂറുകളോളം തർക്കിക്കുന്നതും സമാധാനം കെടുത്തും. അതിനുപകരം, 'നിനക്ക് ഇഷ്ടമുള്ളത് നീ കഴിക്ക്, എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കാം'എന്ന ലളിതമായ തീരുമാനത്തിലെത്തുന്നതാണ് 'ഫുഡ് ഡിവോഴ്‌സ്'. ഇതിന് ചില ഗുണങ്ങളുമുണ്ട്. ദിവസേനയുള്ള 'എന്ത് കഴിക്കും?' എന്ന ചോദ്യത്തിന് പിന്നിലെ മാനസിക സമ്മർദ്ദത്തിൽ നിന്നും പങ്കാളിയ്ക്ക് മോചനം ലഭിക്കുന്നു. സ്വന്തം ആരോഗ്യത്തിനും താല്പര്യത്തിനും അനുസരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ പങ്കാളികൾക്ക് ഇതിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നു. ഭക്ഷണം തയ്യാറാക്കുന്നതിലും അല്ലെങ്കിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിലുമുള്ള അനാവശ്യ താമസവും തർക്കവും ഇതിലൂടെ ഒഴിവാക്കാം. ഇത് ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കുന്നില്ല. ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിർബന്ധിത കടമയായി കാണാതെ ഒരു സന്തോഷമായി മാറ്റുകയാണ് ഇത് ചെയ്യുന്നത്.

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലോ അല്ലെങ്കിൽ വാരാന്ത്യങ്ങളിലോ ദമ്പതികൾക്ക് ഒന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുകയോ, അല്ലെങ്കിൽ പ്രത്യേക അവസരങ്ങളിൽ ഒന്നിച്ച് പാചകം ചെയ്യുകയോ ചെയ്യാം. ഇത് ബന്ധങ്ങളിലെ സ്‌നേഹവും അടുപ്പവും നിലനിർത്താൻ സഹായിക്കും. ഒരു നല്ല ബന്ധത്തിന് കൃത്യമായ അതിർവരമ്പുകളും വ്യക്തമായ ആശയവിനിമയവുമാണ് ആവശ്യം. വീടും ജീവിതവും പങ്കിടുമ്പോഴും, ഭക്ഷണമേശയിലെ ചെറിയ വിട്ടുവീഴ്ചകളിലൂടെ വലിയ വഴക്കുകൾ ഒഴിവാക്കാൻ സാധിക്കുമെങ്കിൽ, 'ഫുഡ് ഡിവോഴ്‌സ്' ഒരു പ്രായോഗിക പരിഹാരം തന്നെയാണ്.