ടി സാമന്ത റൂത്ത്‌ പ്രഭുവിനും ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവിനും കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം മനസ് തുറന്ന് പറയുകയാണ് സാമന്ത. അമ്മയാകാനായി എല്ലായ്‌പ്പോഴും താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം പറഞ്ഞത്.

To advertise here,

'തീർച്ചയായും ഇത് പുതിയതും ആവേശകരവുമായ അനുഭവമാണ്. കുറച്ചുകാലമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഒരമ്മയാകാൻ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടി ഞാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യും.' -സാമന്ത പറഞ്ഞു.

'ജീവിതത്തിലെ എല്ലാത്തിനേയും അഭിനിവേശത്തോടെ കാണുന്നയാളാണ് ഞാൻ. ഇപ്പോൾ വ്യത്യസ്തമായ, പുതിയ തരത്തിലുള്ള ഒരു ശക്തിയും ലക്ഷ്യവുമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ യാത്രയ്ക്കായി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓരോ ദിവസവും ഞാൻ പഠിക്കുകയാണ്. ജീവിതത്തിൽ അടുത്തതായി വരാൻ പോകുന്നതിനെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.' -സാമന്ത തുടർന്നു.

ജൂൺ 24-നാണ് താൻ ഗർഭിണിയാണെന്ന് സാമന്ത അറിയിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. നിലവിലെ പ്രൊജക്ടുകൾ പൂർത്തിയാക്കിയശേഷം പ്രസവാവധി എടുക്കുമെന്നും അറിയിച്ചു. പുതിയ ചിത്രം മാ ഇൻടി ബംഗാരത്തിന്റെ വിജയാഘോഷത്തിനിടെ സാമന്തയുടെ ബേബി ബംപ് കണ്ടതിനെ തുടർന്ന് ഗർഭിണിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യം സാമന്ത സ്ഥിരീകരിച്ചത്.

2025 ഡിസംബറിലായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകൾ. 'ദി ഫാമിലി മാൻ 2' (The Family Man 2) എന്ന പ്രശസ്ത വെബ് സീരീസിന്റെ സെറ്റിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്.