ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ വ്‌ളോഗുകളിലൂടെയാണ്. തന്റെ പാചകക്കാരനായ ദിലീപിനൊപ്പം സെലിബ്രിറ്റികളുടെ വീടുകളിലെത്തിയാണ് ഫറ കുക്കിങ് വ്‌ളോഗുകള്‍ ചെയ്യാറ്. ഒപ്പം അവരുടെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്യും. 

To advertise here,

എന്നാല്‍ തന്റെ ഏറ്റവും പുതിയ വ്‌ളോഗിനായി ഫറാ ഖാന്‍ പോയത് ഏതെങ്കിലും സിനിമാ താരത്തിന്റെ വീട്ടിലല്ല, മറിച്ച് കുപ്രസിദ്ധ ആള്‍ദൈവമായ ബാബാ രാംദേവിന്റെ ആശ്രമത്തിലാണ്. ഇരുവരും തമ്മിലുള്ള രസകരമായ സംസാരവും പാചകവുമെല്ലാം ഇപ്പോള്‍ വൈറലായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഫറാ ഖാന്‍ രാംദേവിനോട് പറഞ്ഞൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

Also Read: ധനശ്രീ വർമയോട് ചാഹലുമായുള്ള വിവാഹമോചനത്തെ കുറിച്ച് അനുചിതമായ ചോദ്യങ്ങൾ; ഫറാ ഖാനെതിരെ വ്യാപക വിമർശനം

'താങ്കളും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരുപോലെയാണ്' എന്നാണ് രാംദേവിനോട് ഫറാ ഖാന്‍ പറഞ്ഞത്. തന്റെ ആശ്രമത്തിലെ എല്ലായിടത്തും ഫറയെ കൊണ്ടുപോയത് ബാബാ രാംദേവ് തന്നെയാണ്. ഇതിനിടെ അദ്ദേഹം പറഞ്ഞൊരു കാര്യത്തിന് മറുപടിയായാണ് ഫറ രാംദേവിനെ സല്‍മാനുമായി ഉപമിച്ചത്. 

'ആളുകള്‍ക്ക് താമസിക്കാനായി ഞങ്ങള്‍ കൊട്ടാരങ്ങളാണ് നിര്‍മിച്ചത്. ഞങ്ങള്‍ക്ക് താമസിക്കാനാകട്ടെ, കുടിലുകളും' -ഇതാണ് 'ആശ്രമം ടൂറി'നിടെ ബാബാ രാംദേവ് ഫറാ ഖാനോട് പറഞ്ഞത്. ഉടനടി ഫറ അദ്ദേഹത്തോട് പ്രതികരിച്ചു. സല്‍മാന്‍ ഖാനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു 'ഓം ശാന്തി ഓം' സംവിധായികയുടെ പ്രതികരണം. 

'നിങ്ങളും സല്‍മാന്‍ ഖാനും ഒരുപോലെയാണ്. അദ്ദേഹവും വണ്‍ബിഎച്ച്‌കെ-യിലാണ് താമസിക്കുന്നത്. പക്ഷേ ബാക്കിയെല്ലാവര്‍ക്കും അദ്ദേഹം കൊട്ടാരങ്ങള്‍ നിര്‍മിച്ചുനല്‍കി.' -ഇതാണ് ഫറാ ഖാന്‍ പറഞ്ഞത്. പിന്നാലെ 'അത് ശരിയാണ്' എന്ന് പറഞ്ഞുകൊണ്ട് ബാബാ രാംദേവ് ചിരിക്കുന്നതും വ്‌ളോഗില്‍ കാണാമായിരുന്നു.