മൂന്നുവർഷത്തോളമായി ഷാകിര്സിയാനോവ ഇന്ത്യയിലാണ് താമസിക്കുന്നത്

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. എന്നാൽ പല വിദേശികൾക്കും ഇന്ത്യയെ കുറിച്ചുള്ളത് മോശം കാഴ്ചപ്പാടാണ്. വികസ്വര രാജ്യമെന്ന നിലയിലുള്ള പല പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യയെ കുറിച്ച് ലോകത്തിന് മുന്നിലുള്ള പ്രചാരണങ്ങളിൽ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ആറ് കാര്യങ്ങൾ പൊളിച്ചടുക്കുകയാണ് ഇന്ത്യയിൽ ജീവിക്കുന്ന ഒരു റഷ്യൻ യുവതി.
ക്‌സെനിലാ ഷാകിർസിയാനോവ എന്ന യുവതിയാണ് ഇന്ത്യയെ കുറിച്ചുള്ള ആറ് തെറ്റിദ്ധാരണകൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലാണ് ഇവർ താമസിക്കുന്നത്. കാറിലിരുന്ന് സാൻഡ്‌വിച്ച് കഴിച്ചുകൊണ്ടാണ് ഷാകിർസിയാനോവ ഇക്കാര്യങ്ങൾ പറയുന്നത്.
'ഞാൻ കഴിഞ്ഞ മൂന്നുവർഷത്തോളമായി ഇന്ത്യയിലാണ് താമസിക്കുന്നത്. ഞാൻ ചില മിഥ്യാധാരണകളിൽ വ്യക്തത വരുത്തട്ടെ.' -ഇങ്ങനെ പറഞ്ഞുകൊണ്ടാണ് യുവതിയുടെ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ഇതിനകം 70,000-ത്തിലേറെ പേരാണ് കണ്ടത്. ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു. ഷാകിർസിയാനോവ പറഞ്ഞ തെറ്റിദ്ധാരണകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയിൽ നിന്ന് സൂര്യന്റെ വെയിലേൽക്കുമ്പോൾ വിദേശികളുടെ ചർമത്തിൽ ടാൻ ഉണ്ടാകുമെന്നതിനെ കുറിച്ചാണ് യുവതി ആദ്യം പറഞ്ഞത്. ഇന്ത്യയിലെ സൂര്യൻ തന്നെ കരിച്ചുകളയുമെന്നാണ് പലരും പറഞ്ഞതെന്നും എന്നാൽ തനിക്ക് ഇതുവരെ ടാൻ ഉണ്ടായിട്ടില്ല എന്നും അവർ പറഞ്ഞു.
ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചാണ് ഷാകിർസിയാനോവ അടുത്തതായി പറഞ്ഞത്. എണ്ണമയം കൂടുതലാണെന്ന മുന്നറിയിപ്പ് തനിക്ക് ലഭിച്ചിരുന്നു എങ്കിൽ പോലും ഇന്ത്യൻ ഭക്ഷണം കഴിച്ച് തനിക്ക് ശരീരഭാരം കൂടിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. ബൈക്ക് യാത്രയെ കുറിച്ചാണ് അടുത്തതായി യുവതി പറഞ്ഞത്. ഇത്രയും കാലം ഇന്ത്യയിൽ ജീവിച്ചിട്ടും യാത്രക്കാരിയായി പോലും ഇതുവരെ ബൈക്കിൽ കയറേണ്ടി വന്നിട്ടില്ല എന്നാണ് ഷാകിർസിയാനോവയുടെ നിരീക്ഷണം.
നാലാമതായി അവർ പറഞ്ഞത് സാരിയെ കുറിച്ചാണ്. ഒരുപക്ഷേ ആഗോളതലത്തിൽ ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇവിത്തെ സ്ത്രീകൾ ദിവസവും സാരിയാണ് ധരിക്കുന്നത് എന്നത്. 'ഞാൻ ഇപ്പോഴും സാരി ധരിക്കാറില്ല. ഒരുദിവസം പോലും ധരിച്ചിട്ടില്ല. ഞെട്ടിയല്ലേ? എനിക്കറിയാം.' -റഷ്യൻ ചുവയുള്ള ഇംഗ്ലീഷിൽ ഷാകിർസിയാനോവ പറഞ്ഞു.
ഇന്ത്യയിൽ ഇത്രകാലം ജീവിച്ചിട്ടും താൻ ആത്മീയമായി പ്രബുദ്ധയായില്ലെന്നും ധ്യാനങ്ങളിൽ മുഴുകിയില്ലെന്നും അഞ്ചാമതായി ഷാകിർസിയാനോവ പറഞ്ഞു. മസാലച്ചായകുടിക്കുന്നതിനെ കുറിച്ചാണ് അവർ അവസാനമായി പറഞ്ഞത്. ഇന്ത്യയിൽ ജീവിക്കുമ്പോൾ താൻ ദിവസവും അഞ്ച് നേരം മസാലച്ചായ കുടിച്ചിട്ടില്ലെന്നാണ് ഷാകിർസിയാനോവ പറഞ്ഞത്.
ഇന്ത്യയിൽനിന്നുള്ള നിരവധി പേരാണ് ഷാകിർസിയാനോവയുടെ വീഡിയോയുടെ താഴെ കമന്റുകളെഴുതിയത്. സത്യസന്ധമായി പറഞ്ഞതിന് നന്ദി എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരു രാജ്യത്തുള്ള ഒരാൾ ഇന്ത്യൻ സംസ്‌കാരത്തിൽ താത്പര്യം പ്രകടിപ്പിക്കുന്നത് നല്ല കാര്യമാണെന്നാണ് മറ്റൊരു കമന്റ്. താങ്കൾ ഒരു സാധാരണ ഇന്ത്യൻ സ്ത്രീയെ പോലെ സംസാരിക്കുന്നുവെന്നാണ് ഇനിയൊരു കമന്റ്.
Content Highlights: Russian woman living in India debunks six common myths about the country | Watch Video
Published: 22 Dec 2025, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented