മാധ്യമഭീമനും 93 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും എസ്‌റ്റേറ്റും ഉള്‍പ്പെടുന്ന മൊറാഗയില്‍ നടന്ന വിവാഹത്തില്‍ എലീന സുക്കോവയെയാണ് മര്‍ഡോക്ക് ജീവിതപങ്കാളിയാക്കിയത്. 67-കാരിയായ മോസ്‌കോ സ്വദേശിയായ എലീന മോളിക്യുലാര്‍ ബയോളജിസ്റ്റാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാടിയറ്റ്‌സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ചടങ്ങിനെത്തിയിരുന്നു. വെള്ള നിറത്തിലുള്ള ഗൗണായിരുന്നു എലീനയുടെ വിവാഹവേഷം. മര്‍ഡോക്ക് കറുപ്പ് നിറത്തിലുള്ള സ്യൂട്ടും ധരിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്. ലോസ് ആഞ്ജലീസില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ 66-കാരി ആന്‍ ലെസ്ലി സ്മിത്തുമായി മര്‍ഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറി. ആനിന്റെ തീവ്ര മത കാഴ്ച്ചപ്പാടുകളായിരുന്നു ഇതിന് കാരണം.
എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ല്‍ അവസാനിച്ചു. ഇതില്‍ രണ്ടു കുട്ടികളുണ്ട്. 2022-ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്.
ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. മെല്‍ബണില് 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്‍ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
Content Highlights: rupert murdoch marries for fifth time aged 93
Published: 03 Jun 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented