ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വില്ല്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ട് മൂന്ന് മാസത്തോളമായി. ഉദരസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് കേറ്റ് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. ഇനി ഈസ്റ്ററിന് ശേഷം മാത്രമേ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടൂവെന്ന് രാജകുടുംബം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

To advertise here,

എന്നാല്‍ ഇതിന് പിന്നാലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കെന്നിങ്സ്റ്റണ്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ കേറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തു. പൂന്തോട്ടത്തിലെ കസേരയില്‍ ഇരിക്കുന്ന കേറ്റിനൊപ്പം മക്കളായ ജോര്‍ജ്ജ്, ഷാര്‍ലെറ്റ്, ലൂയിസ് എന്നിവരാണ് ചിത്രത്തിലുള്ളത്. വില്ല്യമാണ് ഈ ചിത്രമെടുത്തതെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

placeholder
.
വനിതാ ദിനത്തില്‍ പോസ്റ്റ് ചെയ്ത എഡിറ്റ് ചെയ്ത ചിത്രം | Photo: twitter

യഥാര്‍ഥത്തില്‍ ഇത് എഡിറ്റ് ചെയ്ത ചിത്രമായിരുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സികളായ എപി, എഎഫ്പി, റോയിട്ടേഴ്‌സ് എന്നിവരെല്ലാം ചിത്രത്തില്‍ നടന്ന കൃത്രിമത്വം ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതോടെ കേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ക്ഷമ ചോദിച്ചുള്ള കുറിപ്പുമെത്തി. 'മറ്റു പല അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെപ്പോലെ ഇടയ്ക്കിടെ എഡിറ്റിങ് പരീക്ഷണം നടത്താറുണ്ട്. കുടുംബ ചിത്രത്തില്‍ എഡിറ്റിങ്ങിനെ തുടര്‍ന്ന് സംഭവിച്ച ആശയക്കുഴപ്പത്തില്‍ ക്ഷമ ചോദിക്കുന്നു.' എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ഇവിടേയും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. ലേഡി സാറ റോസ് ഹാന്‍ബറിയുമായി വില്ല്യം രാജകുമാരന്‍ പ്രണയത്തിലാണെന്നും വാലന്റൈന്‍സ് ദിനം ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും കാറില്‍ ഒരുമിച്ചിരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കേറ്റിന്റെ 'അപ്രത്യക്ഷമാക'ലിന് പിന്നില്‍ ഈ ബന്ധമാണെന്നും സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിറഞ്ഞു. എന്നാല്‍ രാജകുടുംബം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ഈ അഭ്യൂഹങ്ങളെല്ലാം പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കി ലേഡി റോസ് ഹാന്‍ബറിയുടെ അഭിഭാഷകന്‍ രംഗത്തെത്തി.

ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നല്‍കുന്ന ഒരു വീഡിയോ ബ്രിട്ടീഷ് ടാബ്ലോയ്ഡായ സണ്‍ പങ്കുവെച്ചിരിക്കുകയാണ്. വില്ല്യമും കേറ്റും വിന്‍ഡ്‌സറിലെ മാര്‍ക്കറ്റിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ കേറ്റ് വളരെ സന്തോഷവതിയായാണ് കാണപ്പെടുന്നത്. ശസ്ത്രക്രിയക്ക് ശേഷം കേറ്റ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകുമെന്നും സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.