'അന്ന് അതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ എനിക്ക് തീരെ ചെറുപ്പമായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ ഡയാന എന്ന വ്യക്തി ലോകത്തിനും എനിക്കും എന്തായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു'

ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഗാഗ്രാ ചോളിയും ആഭരണങ്ങളുമണിഞ്ഞ്, മുഖത്ത് ചായം പൂശി ഡയാന രാജകുമാരിയുടെ മടിയിലിരിക്കുന്ന ഒരു നാലുവയസ്സുകാരി. 'ഡയാനയുടെ ഇന്ത്യൻ മകൾ' എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞുനിൽക്കുകയാണ് ആ ചിത്രം. 1992ൽ ഡയാന രാജകുമാരിയുടെ ഇന്ത്യൻ സന്ദർശനവേളയിൽ പകർത്തപ്പെട്ട ആ ചിത്രം വീണ്ടും വൈറലായത് ഡയാന രാജകുമാരിയുടെ 29-ാം ചരമവാർഷികത്തിന്റെ പശ്ചാത്തലത്തിലാണ്. സ്‌നേഹവും കരുണയും കൊണ്ട് ജനകോടികളുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഡയാന രാജകുമാരി.
1992 ഫെബ്രുവരി 14-നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഡയാന രാജകുമാരി ഹൈദരാബാദിലെ ലാലാപ്പേട്ട് ഗവൺമെന്റ് ഹൈസ്‌കൂളിൽ എത്തിയത്. അന്ന് രാജകുമാരിയെ സ്വീകരിക്കാനായി പരമ്പരാഗത ലംബാഡി നൃത്തം അവതരിപ്പിച്ച സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയായിരുന്നു നാലു വയസ്സുകാരിയായ അവന്തി റെഡ്ഡി. നൃത്ത അധ്യാപികയായ ജപമാല റാണിയുടെ മകളായ അവന്തി, കുഞ്ഞുന്നാൾ മുതലേ നൃത്തത്തിലും കലയിലും മിടുക്കിയായിരുന്നു. നൃത്തവേഷത്തിൽ, മുഖത്ത് ചായങ്ങൾ തേച്ച്, നഗ്‌നപാദയായി നിന്ന ആ കൊച്ചുകുട്ടി പെട്ടെന്നാണ് രാജകുമാരിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നൃത്തത്തിനുശേഷം തറയിൽ ഇരിക്കുകയായിരുന്ന അവന്തിയുടെ അടുത്തേക്ക് ഡയാന നടന്നെത്തി. അവളെയെടുത്ത് മടിയിലിരുത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രോട്ടോക്കോളുകൾ മാറ്റിവെച്ചുള്ള ആ പ്രവൃത്തി ഇന്ത്യയിലെ രാജകീയ സന്ദർശനത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി മാറി.
അവന്തിക്ക് നേരിയ ജലദോഷമുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച രാജകുമാരി മറ്റൊന്നും ചിന്തിക്കാതെ തന്റെ കൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് ആ കൊച്ചുകുട്ടിയുടെ മൂക്ക് തുടച്ചുകൊടുത്തു. ഡയാനയുടെ അപാരമായ സഹാനുഭൂതിയും മാതൃസ്‌നേഹവുമാണ് ആ നിമിഷത്തിൽ ലോകം കണ്ടത്. വിഐപി പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുട്ടിയെ വാങ്ങാൻ ശ്രമിച്ചെങ്കിലും, അവളെ കൈവിടാൻ രാജകുമാരി തയ്യാറായില്ല. സന്ദർശനം കഴിയുന്നതുവരെ അവന്തി രാജകുമാരിയുടെ കൈകളിൽ തന്നെയുണ്ടായിരുന്നു. 'എനിക്ക് പെൺമക്കളില്ല, അതുകൊണ്ട് ഇന്ന് മുതൽ നീയാണ് എന്റെ മകൾ' എന്ന് സ്‌നേഹത്തോടെ ഡയാന അവന്തിയോട് പറയുകയും ചെയ്തു. രാജകുമാരിയുടെ പെട്ടെന്നുള്ള നീക്കം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്‌കൂൾ അധികൃതരും പരിഭ്രാന്തരായെങ്കിലും അവന്തിയെ അവർ മടിയിൽനിന്ന് മാറ്റാൻ അനുവദിച്ചില്ലെന്ന് അന്നത്തെ സ്‌കൂൾ എഡ്യൂക്കേഷൻ ഡയറക്ടർ പ്രണോതി സുഹാസിനി കാവൂരി പിന്നീട് പറഞ്ഞിരുന്നു.
ഇന്ത്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെങ്കിലും അവന്തിയെ ഡയാന മറന്നില്ല. തുടർന്നുളള വർഷങ്ങളിൽ കത്തുകളിലൂടെ ഡയാന ആ സൗഹൃദം നിലനിർത്തി. ഡയാന സ്വന്തം ഒപ്പോടു കൂടിയ ചിത്രം അവന്തിക്ക് സമ്മാനമായി അയച്ചു നൽകുകയും ചെയ്തു. 'അവരെന്നെ മടിയിലിരുത്തി എന്റെ പേര് അന്ന് ചോദിച്ചിരുന്നു. പഠിക്കുന്ന ക്ലാസും. വളർന്നപ്പോഴാണ് അവർ ആരാണെന്ന് എനിക്ക് കൂടുതൽ മനസ്സിലായത്. ഞാനവരുടെ ജീവചരിത്രം വായിച്ചിരുന്നു. അവരുടെ പോലെ ലെയേഡ് മുടി എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ അവർ ആകുക എളുപ്പമല്ലല്ലോ? അവർ എനിക്കയച്ചിരുന്ന കത്തുകൾ എല്ലാം ഞാൻ എല്ലാവർക്കും കാണിച്ചുകൊടുക്കുമായിരുന്നു.' എന്നാണ് മുതിർന്ന ശേഷം ആ ദിവസങ്ങളെക്കുറിച്ച് അവന്തി ഓർത്തെടുത്തത്.
1997-ൽ അവന്തി തന്റെ നൃത്തസംഘത്തിനൊപ്പം യൂറോപ്പ് സന്ദർശിച്ചപ്പോൾ ഡയാന രാജകുമാരിയെ ലണ്ടനിൽ നേരിട്ട് കാണാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾമുമ്പ്, 1997 ഓഗസ്റ്റിൽ പാരീസിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു. ഡയാനയുടെ വിയോഗ വാർത്ത അറിയുമ്പോൾ 10 വയസ്സുകാരിയായ അവന്തി ബെൽജിയത്തിൽ സ്‌കൂളുകളിൽ നൃത്ത പര്യടനത്തിലായിരുന്നു. അവർ മരിക്കുന്ന ദിവസവും താൻ നൃത്തം ചെയ്തിരുന്നതായി പിന്നീട് അവന്തി പറഞ്ഞിട്ടുണ്ട്.
ഇന്ന് 36 വയസ്സുകാരിയായ അവന്തി റെഡ്ഡി പ്രൈമറി സ്‌കൂൾ അധ്യാപികയും നർത്തകിയുമാണ്. ഡയാന രാജകുമാരി ഒപ്പിട്ടുനൽകിയ ആ ചിത്രം ഇന്നും വീട്ടിലെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായി അവന്തി സൂക്ഷിക്കുന്നു. ഡയാനയോടുള്ള കടുത്ത ആരാധന കാരണം അവരുടെ പ്രശസ്തമായ 'ലേയേർഡ് ഹെയർകട്ട്' അനുകരിക്കാൻ പോലും അവന്തി ശ്രമിച്ചിരുന്നു. അന്ന് ഡയാന ഇരുന്ന കസേര അലങ്കരിക്കാൻ ഉപയോഗിച്ച ഇൻഡിഗോ സിൽക്ക് തുണിയുടെ കഷ്ണം സുഹാസിനി കാവൂരി ഇന്നും നിധിയായി കാത്തുസൂക്ഷിക്കുന്നുണ്ട്.
'അന്ന് അതിന്റെ വ്യാപ്തി മനസ്സിലാക്കാൻ എനിക്ക് തീരെ ചെറുപ്പമായിരുന്നു. എന്നാൽ വളർന്നപ്പോൾ ഡയാന എന്ന വ്യക്തി ലോകത്തിനും എനിക്കും എന്തായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു' - പിന്നീടൊരിക്കൽ അവന്തി പറഞ്ഞ് ഇങ്ങനെയാണ്
Content Highlights: Princess Diana met 4-year-old Avanti Reddy during her 1992 visit to Hyderabad., Diana broke protocol to hold Avanti and wiped her nose with her handkerchief., They maintained a connection through letters until Diana's tragic death in 1997., Avanti Reddy is now a primary school teacher and dancer, preserving the cherished memory.
Published: 02 Sept 2026, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented