
ഒരിടവേളയ്ക്കുശേഷം വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ബ്രിട്ടനിലെ യോര്‍ക് പ്രഭു ആന്‍ഡ്രൂ രാജകുമാരന്‍. ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് സൈനിക-രാജ പദവികള്‍ നഷ്ടമായ ആന്‍ഡ്രൂ ഇത്തവണ ഉള്‍പ്പെട്ടത് ചൈനീസ് പൗരനുമായുള്ള ബന്ധത്തെത്തുടര്‍ന്നുള്ള വിവാദങ്ങളിലാണ്. ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ ചൈനീസ് വ്യവസായിയുമായുള്ള ബന്ധമാണ് ആന്‍ഡ്രൂവിന് വിനയായത്. എച്ച്-6 എന്നപേരില്‍ കോടതി രേഖകളില്‍ അറിയപ്പെടുന്ന യാങ് ടെങ്‌ബോ എന്ന ചൈനീസ് പൗരൻ ആൻഡ്രൂവുമായി 'അസ്വാഭാവിക വിശ്വസ്തബന്ധ'മുണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. ആരോപണങ്ങളെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തില്‍നിന്നുപോലും ആന്‍ഡ്രൂവിന് മാറിനില്‍ക്കേണ്ടി വന്നു.
കിരീടാവകാശികളില്‍ എട്ടാമന്‍
ആന്‍ഡ്രൂ ആഘോഷങ്ങളില്‍നിന്ന് മാറിനിന്നതോടെ രാജകുടുംബത്തിലെ ഐക്യത്തെക്കുറിച്ച് തന്നെ ചോദ്യമുയര്‍ന്നിരിക്കുകയാണ്. സാൻഡ്രിംഗ്ഹാമിലെ ആഘോഷങ്ങളില്‍നിന്ന് ആൻഡ്രൂവും മുന്‍ഭാര്യ സാറ ഫെര്‍ഗൂസണും രണ്ടുപെണ്‍മക്കളിലൊരാളായ യൂജീനും വിട്ടുനിന്നപ്പോള്‍ മറ്റൊരു മകള്‍ ബിയാട്രിസ് ചടങ്ങുകളില്‍ പങ്കെടുത്തു. ഗര്‍ഭിണിയായ ബിയാട്രിസ്, ഭര്‍ത്താവിനും എട്ടുവയസ്സുള്ള മകനുമൊപ്പമാണ് സാൻഡ്രിംഗ്ഹാമിലെ സെന്റ് മേരി മഗ്ദലീന പള്ളിയിലെത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ രാജകുമാരന്‍, ഡിസംബര്‍ 19-ന് നടന്ന ബെക്കിങ്ഹാം കൊട്ടാരത്തിലെ വിരുന്നിലും പങ്കെടുത്തിരുന്നില്ല.
നിലവിലെ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ സഹോദരനാണ് ആന്‍ഡ്രൂ. ഫിലിപ്പിന്റേയും എലിസബത്ത് രാജ്ഞിയുടേയും അഞ്ചുമക്കളില്‍ രണ്ടാമന്‍. നിലവിലെ കിരീടാവകാശികളില്‍ എട്ടാമന്‍. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആൻഡ്രൂ, സൈനിക സേവനത്തിനായി നാവികസേനയുടെ ഭാഗമായി. ഇവിടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ആൻഡ്രൂ ഹെലിക്കോപ്റ്റര്‍ പൈലറ്റായും പരിശീലകനായും യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. 1982-ല്‍ അര്‍ജന്റീന ഫോക്‌ലന്‍ഡ് ദ്വീപുകളില്‍ കടന്നുകയറിയപ്പോള്‍ ബ്രിട്ടീഷ് നാവികസേനയുടെ ഓപ്പറേഷനില്‍ ആന്‍ഡ്രൂ നേരിട്ട് പങ്കെടുത്തു. ലഫ്റ്റനന്റ് റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട ആന്‍ഡ്രൂവിനെ പിന്നീട് എലിസബത്ത് രാജ്ഞി പേഴ്‌സണ്‍ എയ്ഡ് ഡി ക്യാമ്പ് എന്ന തസ്തികില്‍ നിയമിച്ചു. കമാന്‍ഡര്‍ പദവി വരെ എത്തിയ ആൻഡ്രൂ 2001-ല്‍ വിരമിച്ചു. പിന്നീട് ഓണററി ക്യാപ്റ്റന്‍ പദവിയും 50-ാം വയസ്സില്‍ റിയര്‍ അഡ്മിറല്‍ പദവിയും വൈസ് അഡ്മിറല്‍ പദവിയും നല്‍കി. ലൈംഗികാരോപണത്തിന് പിന്നാലെ 150 സൈനികര്‍ ഒപ്പുവെച്ച കത്തിനെത്തുടര്‍ന്ന് 2022 ജനുവരിയില്‍ ആൻഡ്രൂവിന്റെ എല്ലാ സൈനിക- രാജ പദവികളും എലിസബത്ത് രാജ്ഞി തിരിച്ചെടുത്തു.

കൂ സ്റ്റാര്‍ക്കുയി ബന്ധം, സാറയുമായി കല്യാണം
ഗോള്‍ഫില്‍ തത്പരനായ ആൻഡ്രൂ റോയല്‍ ആന്‍ഡ് ആന്‍ഷ്യന്റ് ഗോള്‍ഫ് ക്ലബിന്റെ ക്യാപ്റ്റനായിരുന്നു. വിവിധ ഗോള്‍ഫ് ക്ലബ്ബുകളുടെ രക്ഷാധികാരിയും ഓണററി അംഗവുമായിരുന്നു. ആൻഡ്രൂവിന്റെ ഗോള്‍ഫ് പ്രേമം പൊതുഖജനാവിന് പാഴ്‌ച്ചെലവുണ്ടാക്കുന്നുവെന്ന വിമര്‍ശനം പോലുമുണ്ടായി. ആൻഡ്രൂവിന്റെ ആഡംബര ജീവിതവും സ്ത്രീ സുഹൃത്തുക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന് പല വിളിപ്പേരുകളും ചാര്‍ത്തിക്കൊടുത്തു. 1982-ലെ ഫോക്‌ലന്‍ഡ് യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ആന്‍ഡ്രൂ, അമേരിക്കന്‍ ഫോട്ടോഗ്രാഫറും നടിയുമായ കൂ സ്റ്റാര്‍ക്കുമായി പ്രണയത്തിലായി. 18 മാസത്തോളം മാത്രമാണ് ഇരുവരുടേയും പ്രണയബന്ധം നീണ്ടുനിന്നത്. എലിസബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ആൻഡ്രൂ കൂ സ്റ്റാര്‍ക്കുമായുള്ള ബന്ധം അവസാനിപ്പിക്കുയായിരുന്നു. പിന്നീട് ടിം ജെഫറീസുമായി വിവാഹിതയായ കൂ സ്റ്റാര്‍ക്കിന്റെ ഏകമകളുടെ തലതൊട്ടപ്പനായി ആൻഡ്രൂ.
കൂ സ്റ്റാര്‍ക്കുമായി പിരിഞ്ഞ് മൂന്നുവര്‍ഷത്തിന് ശേഷമായിരുന്നു ആന്‍ഡ്രൂ- സാറ ഫെര്‍ഗൂസണ്‍ വിവാഹം. സാറയുമായുള്ള വിവാഹദിവസം തന്നെയായിരുന്നു യോര്‍ക്കിന്റെ പ്രഭു പദവിയടക്കം എലിസബത്ത് ആൻഡ്രൂവിന് നല്‍കിയത്. ചെറുപ്പകാലം മുതലേ പരിചിതരായിരുന്നു ആൻഡ്രൂവും സാറയും. 1986-ല്‍ വെസ്റ്റ്മിനിസ്റ്റര്‍ അബേയില്‍വെച്ച് വിവാഹിതരായ ഇരുവരും 1992 മാര്‍ച്ചില്‍ വിവാഹമോചനം പ്രഖ്യാപിക്കുകയും മേയോടെ പരസ്പരധാരണയോടെ ബന്ധം വേര്‍പിരിയുകയും ചെയ്തു. ഇതിനിടെയാണ് ഇരുവര്‍ക്കും ബിയാട്രിസ്, യൂജിന്‍ എന്നീ പെണ്‍മക്കള്‍ ജനിക്കുന്നത്.
പദവികള്‍ നഷ്ടമാവുന്നു
പ്രായപൂര്‍ത്തിയാവുംമുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സാമൂഹികപ്രവര്‍ത്തക വെര്‍ജീനിയ ഗ്വിഫ്‌റെയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആന്‍ഡ്രൂവിന് സൈനിക- രാജ പദവികള്‍ നഷ്ടമാവുന്നത്. യു.എസ്. ബിസിനസുകാരന്‍ ജെഫ്രി എഡ്വേര്‍ഡ് എപ്സ്റ്റൈന്‍ തന്നെ ലൈംഗിക അടിമായായി ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ച് വിര്‍ജീനിയ അമേരിക്കയില്‍ നല്‍കിയ പരാതിയിലാണ് ആൻഡ്രൂവും ഉള്‍പ്പെട്ടത്. ആൻഡ്രൂവിന്റെ അടുത്ത സുഹൃത്തായിരുന്നു ജെഫ്രി എപ്സ്റ്റൈന്‍. ആൻഡ്രൂ തന്നെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വെര്‍ജീനയയുടെ ആരോപണം. 2001-ല്‍ 17 വയസ്സുള്ളപ്പോള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും വെര്‍ജിന്‍ ദ്വീപുകളിലും വെച്ച് ആന്‍ഡ്രൂ പീഡിപ്പെച്ചെന്ന് വിര്‍ജീനിയ മൊഴി നല്‍കി. ജെഫ്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ബന്ധത്തിലേര്‍പ്പെട്ടതെന്നും വിര്‍ജീനിയ ആരോപിച്ചു.
പ്രായപൂര്‍ത്തിയായകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് വിധേയനാക്കിയതിന് ജെഫ്രിയെ 2008-ല്‍ 18 മാസം തടവിന് ശിക്ഷിച്ചിരുന്നു. 2014-ല്‍ ഫ്‌ളോറിഡയിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ആന്‍ഡ്രൂ വിവാദത്തില്‍പ്പെടുന്നത്. ആരോപണത്തില്‍ വ്യക്തതവരുത്താന്‍ ബെക്കിങ്ഹാം കൊട്ടാരത്തിനുമേല്‍ സമ്മര്‍ദമുണ്ടായി. എന്നാല്‍, പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം കൊട്ടാരം നിഷേധിച്ചു. വെര്‍ജീനിയയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു ആൻഡ്രൂവിന്റെ വാദം. 2008-ലെ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും 2010-ല്‍ താന്‍ എപ്സ്റ്റൈനിന്റെ വീട്ടില്‍ താമസിച്ചത് തെറ്റായിരുന്നുവെന്ന് ആന്‍ഡ്രൂ ഏറ്റുപറഞ്ഞു. അതേസമയം, സൗഹൃദത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, കേസ് കോടതിക്ക് പുറത്തുവെച്ച് നഷ്ടപരിഹാരം നല്‍കി തീര്‍പ്പാക്കി. പെണ്‍വാണിഭക്കേസില്‍ വിചാരണ കാത്തിരിക്കെ മാന്‍ഹാട്ടനിലെ ജയിലില്‍ ജെഫ്രി എപ്സ്റ്റൈനിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ജെഫ്രി- ആന്‍ഡ്രൂ ബന്ധം
ബി.ബി.സിക്ക് നല്‍കിയ അസാധാരണ അഭിമുഖത്തില്‍ ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി തന്നെ ആന്‍ഡ്രൂ വെളിപ്പെടുത്തിയിരുന്നു. 1999-ല്‍ എപ്സ്റ്റൈനിന്റെ പെണ്‍സുഹൃത്തുവഴിയാണ് തങ്ങള്‍ പരിചയപ്പെടുന്നത് എന്നായിരുന്നു ആൻഡ്രൂവിന്റെ അവകാശവാദം. എപ്സ്റ്റൈനിന്റെ കാമുകി ഗിലൈന്‍ മാക്‌സ്‌വെല്ലിനെ തനിക്ക് യൂണിവേഴ്‌സിറ്റിക്കാലം മുതല്‍ അറിയാമെന്നായിരുന്നു ആൻഡ്രൂ പറഞ്ഞത്. ആൻഡ്രൂ എപ്സ്റ്റൈനിനൊപ്പം വെര്‍ജീനിയയിലെ സ്വകാര്യ ദ്വീപിലേക്ക് അയാളുടെ സ്വകാര്യജെറ്റില്‍ പറന്നതിന്റെ ലോഗ്ബുക്ക് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നു. മുന്‍ഭാര്യ സാറാ ഫെര്‍ഗൂസണിനെ കാണാന്‍ ആന്‍ഡ്രൂ ഇതേയിടത്തേക്ക് വന്നതിന്റെ വിവരങ്ങളും പ്രചരിച്ചു.
2000-ത്തില്‍ എലിസബത്ത് രാജ്ഞി വിന്‍ഡ്‌സര്‍ കാസിലില്‍ നടത്തിയ വിരുന്നില്‍ എപ്സ്റ്റൈനും ഗിലൈനും പങ്കെടുത്തതായി വിവരം പുറത്തുവന്നു. ആൻഡ്രൂവിന്റെ 40-ാം പിറന്നാളാഘോഷവും ഈ വിരുന്നില്‍വെച്ച് നടന്നിരുന്നു. 600-ഓളം പേര്‍ പങ്കെടുത്ത വിരുന്നില്‍ ഇരുവരും പങ്കെടുത്തത് തന്റെ അതിഥികളായാണെന്നും രാജകുടുംബത്തിന്റെ ക്ഷണത്തിലല്ലെന്നുമായിരുന്നു ആൻഡ്രൂവിന്റെ അവകാശവാദം. ഇതിന് പിന്നാലെ ഗിലൈയ്‌നും ആൻഡ്രൂവും പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 2000 ഡിസംബറില്‍ ഗിലൈയ്‌നിന്റെ പിറന്നാളിന് രാജകുടുംബത്തിന്റെ ഉടമസ്ഥതതയിലുള്ള സാൻഡ്രിംഗ്ഹാമില്‍ സര്‍പ്രൈസ് പാര്‍ട്ടി നടന്നിരുന്നു. ഇതുകൂടാതെ, ഗിലൈയ്‌നും ആൻഡ്രൂവും ഒരുമിച്ച് നടത്തിയ യാത്രകളുടെ വിവരങ്ങളും പുറത്തുവന്നു. വര്‍ഷത്തില്‍ മൂന്നുതവണയെങ്കിലും താനും എപ്സ്റ്റൈനും ഒന്നിച്ചുചേരാറുണ്ടായിരുന്നുവെന്നും പാം ബീച്ചിലെ വസതിയിലും സ്വകാര്യ ദ്വീപുകളിലും താമസിച്ചിട്ടുണ്ടെന്നും ജെറ്റില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ആൻഡ്രൂ തുറന്നുപറഞ്ഞു.
2006-ല്‍ ആൻഡ്രൂവിന്റെ ആദ്യമകള്‍ ബിയാട്രിസിന്റെ പിറന്നാളാഘോഷത്തിലും എപ്സ്റ്റൈന്‍ അതിഥിയായിരുന്നു. തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ എപ്‌സ്റ്റൈനിനെ ആൻഡ്രൂ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍വെച്ച് കാണുന്ന ചിത്രം പുറത്തുവന്നു. തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ എപ്‌സ്റ്റൈൻ വന്‍തുക സാമ്പത്തിക സഹായം നല്‍കിയെന്ന സാറ ഫെര്‍ഗൂസണിന്റെ തുറന്നുപറച്ചിലും ആൻഡ്രൂവിന് തിരിച്ചടിയായി.

ലളിത് മോദിയും ആൻഡ്രൂവും
ഇന്ത്യ വിട്ട വിവാദനായകന്‍ ഐ.പി.എല്‍. മുന്‍ കമ്മിഷണര്‍ ലളിത് മോദി യാത്രാരേഖകള്‍ ശരിയാക്കാന്‍ ബ്രീട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരുകളും ഉപയോഗിച്ചതായി വിവരം പുറത്തുവന്നിരുന്നു. ചാള്‍സിന്റേയും ആൻഡ്രൂവിന്റേയും പേര് ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍. യാത്രാരേഖ ലഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആന്‍ഡ്രൂവുമായി ലളിത് കൂടിക്കാഴ്ച നടത്തി. ഇന്ത്യ വിടുന്നതിന് ഒരുവര്‍ഷം മുമ്പ് ഭാര്യയുടെ ചികിത്സയ്ക്കായി പോര്‍ച്ചുഗലിലേക്ക് പോകുന്നതിന് മുമ്പ് മോദി ആന്‍ഡ്രൂ രാജകുമാരനെ കണ്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെല്‍സിയിലെ മോദിയുടെ ഏഴുനില വീട്ടില്‍നിന്ന് ആന്‍ഡ്രൂ ഇറങ്ങിവരുന്നത് കണ്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രാജകുടുംബാംഗങ്ങളുടെ സ്വകാര്യ കൂടിക്കാഴ്ചകളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നായിരുന്നു കൊട്ടാരത്തിന്റെ പ്രതികരണം. യാത്രാരേഖ ലഭിക്കാന്‍ ആന്‍ഡ്രൂ സ്വാധീനം ചെലുത്തിയതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും രാജകുടുംബം പ്രതികരിച്ചു.

ചൈനീസ് ചാരനോ ബിസിനസുകാരനോ?
ആൻഡ്രൂവിന്റെ വിശ്വസ്തനായ ചൈനീസ് ചാരന്‍ ബെക്കിങ്ഹാം കൊട്ടാരത്തില്‍ കയറിപ്പറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. സര്‍ക്കാര്‍ രേഖകളില്‍ എച്ച്-6 എന്നായിരുന്നു 'ചാരനെ' വിശേഷിപ്പിച്ചത്. എന്നാല്‍, കുറ്റാരോപിതന്റെ ആവശ്യത്തെത്തുടര്‍ന്ന് അയാളുടെ ഐഡന്റിറ്റി പുറത്തുവിടാന്‍ കോടതി നിര്‍ദേശിച്ചു. ഇതോടെ യാങ് ടെങ്‌ബോ എന്ന പേര് പുറത്തുവന്നു. ചാരവൃത്തി ആരോപിച്ച് ടെങ്‌ബോയ്ക്ക് ബ്രിട്ടന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തനിക്കെതിരായ ചാരവൃത്തി ആരോപണത്തില്‍ വാസ്തവമില്ലെന്നും നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ടെങ്‌ബോയുടെ അവകാശവാദം.
1974-ല്‍ ചൈനയിലെ തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ യുന്നാനിലാണ് ടെങ്‌ബോ ജനിച്ചത്. യുന്നാന്‍ സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കൈവില്‍ സയന്‍സില്‍ ബിരുദം നേടി. പിന്നീട് ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നോക്കി. ഉന്നതപഠനത്തിനായാണ് ടെങ്‌ബോ ആദ്യമായി ബ്രിട്ടനിലേക്ക് വരുന്നത്. ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ ടെങ്‌ബോ, ബ്രിട്ടനില്‍ ആദ്യമായി ബിസിനസ് ആരംഭിച്ചു. കണ്‍സള്‍ട്ടന്‍സി സ്ഥാപനം അടക്കം യു.കെയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു കമ്പനികളുടെ ഡയറക്ടറാണ് ടെങ്‌ബോ. യു.കെ- ചൈനീസ് ബിസിനസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ടെങ്‌ബോ, ഇരുരാജ്യങ്ങളിലെ വ്യവസായങ്ങളും തമ്മിലെ പാലമായി പ്രവര്‍ത്തിച്ചു. ചൈനീസ് സര്‍ക്കാരിന്റെ വിവിധ പരിപാടികളിലും ടെങ്‌ബോയുടെ സാന്നിധ്യമുണ്ടായിരുന്നു.

2021-ല്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കാനിരിക്കെ ടെങ്‌ബോ അതിര്‍ത്തിയില്‍ തടയപ്പെട്ടു. ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത തന്റെ വസ്തുക്കള്‍ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2022 ഫെബ്രുവരിയില്‍ ടെങ്‌ബോ നല്‍കിയ ഹര്‍ജിയില്‍ അനുകൂലമായ വിധി വന്നു. എന്നാല്‍, അപ്പീലില്‍ ടെങ്‌ബോയുടെ ആവശ്യം നിഷേധിക്കപ്പെട്ടു. പിന്നാലെ, ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റുമായി (യു.എഫ്.ഡബ്ല്യൂ.ഡി) ടെങ്‌ബോയ്ക്ക് ബന്ധമുണ്ടെന്ന് കുറ്റം ചുമത്തി. പാശ്ചാത്യ രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യു.എഫ്.ഡബ്ല്യൂ.ഡി. എന്നായിരുന്നു കണ്ടെത്തല്‍. ഒരുവര്‍ഷത്തിനപ്പുറം ബെയ്ജിങ്ങില്‍ നിന്ന് യു.കെയിലേക്ക് തിരിച്ച ടെങ്‌ബോയെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി. 2023 മാര്‍ച്ചില്‍ ടെങ്‌ബോയുടെ സ്ഥിരതാമസത്തിനുള്ള അനുമതി റദ്ദാക്കി. പിന്നാലെ പ്രവേശനവിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍, ബ്രിട്ടന്‍ തന്റെ രണ്ടാംവീടാണെന്നാണ് ടെങ്‌ബോ വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും അവകാശപ്പെടുന്നു.
ആന്‍ഡ്രൂ-യാങ് ടെങ്‌ബോ ബന്ധം
സംരംഭകരെ സഹായിക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ സ്ഥാപിച്ച പിച്ച് അറ്റ് പ്ലെയ്‌സ് എന്ന പദ്ധതിയാണ് ഇരുവരേയും ഒന്നിപ്പിക്കുന്ന പ്രത്യക്ഷഘടകം. പിച്ച് അറ്റ് പ്ലെയ്‌സ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത് ടെങ്‌ബോയുടെ നേതൃത്വത്തിലാണ്. പിച്ച് അറ്റ് പ്ലെയ്‌സ് ചൈന എന്ന പേരിലാണ്. ഇതിന് ചൈനീസ് സര്‍ക്കാരിന്റെ പിന്‍ബലമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രൂ രാജകുമാരനും ടെങ്‌ബോയും തമ്മിലെ ബന്ധം വെളിവാക്കുന്ന കത്തും ഇതിനിടെ പുറത്തുവന്നിരുന്നു. ആന്‍ഡ്രൂവിന്റെ ഉപദേശകന്‍ ഡൊമനിക് ഹാംഷെയര്‍ ടെങ്‌ബോയ്ക്ക് എഴുതിയ കത്തിലെ പരാമര്‍ശം ഇങ്ങനെ: 'രാജകുമാരന്റെ ഏറ്റവും അടുത്ത വിശ്വസ്തര്‍ക്ക് പുറത്ത്, ഏറ്റവും പ്രധാനപ്പെട്ട ആളാണ് നിങ്ങള്‍. പലരും ആഗ്രഹിക്കുന്ന സ്ഥാനമാണത്.' ചൈനയിലെ സംരംഭകരുമായി രാജകുമാരന് വേണ്ടി ആശയവിനിമയം നടത്താന്‍ ടെങ്‌ബോയെ ചുമതലപ്പെടുത്തിയിത്തിരിക്കുന്നതായും കത്തില്‍ പറയുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ടെങ്‌ബോയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്നാണ് ആൻഡ്രൂവിന്റെ വിശദീകരണം. ഇരുവരുടേയും ആശയവിനിമയം ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമായിരുന്നുവെന്ന് രാജകുമാരന്റെ ഓഫീസ് വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ ഒരുകാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെടുത്തി ഏറെ കോലാഹലമുണ്ടായിട്ടും സൗഹൃദം നിഷേധിക്കാനോ അവസാനിപ്പിക്കാനോ ആന്‍ഡ്രൂ തയ്യാറായിരുന്നില്ല. എന്നാല്‍, ടെങ്‌ബോയുടെ കാര്യത്തില്‍ നേര്‍വിപരീത നീക്കമുണ്ടായത് എന്തോ ചീഞ്ഞുനാറുന്നുവെന്ന സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. രാജകുടുംബാംഗത്തിന് നേരെയുണ്ടായ ചൈനീസ് ചാരബന്ധ ആരോപണത്തിന് ബ്രിട്ടനില്‍ മാത്രമല്ല ആഗോളതലത്തില്‍തന്നെ വലിയ അനുരണനങ്ങളുണ്ടായി.
Content Highlights: Prince Andrew fresh scandal over ties to a Chinese spy. Royal Christmas absence fuels concerns
Published: 28 Dec 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented