വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദവും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളുമാണ് ആന്‍ഡ്രൂവിനെ വിവാദത്തിലേക്ക് തള്ളിവിട്ടത്.

രാജകീയ പദവികൾ നഷ്ടമായ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ (ഫയൽ ചിത്രം) | Photo : Toby Melville - WPA Pool/Getty Images
ആന്‍ഡ്രൂ ഇനി രാജകുമാരനല്ല. ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂവിന് രാജപദവികള്‍ നഷ്ടമായി. യുഎസ് ജയിലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ആന്‍ഡ്രൂവിന്റെ രാജപദവികള്‍ നീക്കിയത്. ബ്രിട്ടീഷ് രാജാവും ആന്‍ഡ്രൂവിന്റെ മൂത്തസഹോദരനുമായ ചാള്‍സ് മൂന്നാമനാണ് അറുപത്തിയഞ്ചുകാരനായ ആന്‍ഡ്രൂവിനെ രാജകുടുംബത്തില്‍നിന്ന് പുറത്താക്കിയത്. ആന്‍ഡ്രൂവിന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കംചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും തുടങ്ങി. ഇതോടെ രാജകുമാരന്‍ എന്നതിന് പകരം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്ന പേരിലാകും ഇനി അറിയപ്പെടുക. വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലെ കൊട്ടാരമായ റോയല്‍ ലോഡ്ജില്‍നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. ഇതോടെ സാധാരണ പൗരന്‍ എന്ന നിലയില്‍ ഒരു സ്വകാര്യ വസതിയിലേക്ക് താമസം മാറുകയും ചെയ്യും.
എപ്സ്റ്റീന്‍ കേസിലെ അതിജീവിതയായ വെർജീനിയ ജിഫ്രേ ആരോപണവുമായി രംഗത്തെത്തിയതാണ് ആന്‍ഡ്രൂവിന് കുരുക്കായത്. ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചെങ്കിലും വെർജീനിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആന്‍ഡ്രൂവിന് രാജകീയപദവികള്‍ നഷ്ടപ്പെടുത്തി. അവരുടെ മരണശേഷം പുറത്തുവന്ന 'നോബഡീസ് ഗേള്‍' എന്ന ഓര്‍മ്മക്കുറിപ്പിലാണ് ആന്‍ഡ്രൂ രാജകുമാരനും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്. എങ്കിലും ആന്‍ഡ്രൂവിനെതിരേ കൊട്ടാരം നടപടി സ്വീകരിക്കുകയായിരുന്നു. എന്താണ് ആന്‍ഡ്രൂവും വെർജീനിയയും തമ്മിലുള്ള ബന്ധം? എന്തായിരുന്നു വെർജീനിയയുടെ വെളിപ്പെടുത്തലുകള്‍? എന്താണ് ഇനി ആന്‍ഡ്രൂവിന്റെ ഭാവി?
എലിസബത്ത് രാജ്ഞിയുടെ മൂന്നാമത്തെ കുട്ടി
എലിസബത്ത് രാജ്ഞിയുടെയും എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെയും മൂന്നാമത്തെ കുട്ടിയായി 1960 ഫെബ്രുവരി 19-ന് ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലാണ് ആന്‍ഡ്രൂ രാജകുമാരന്‍ ജനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ സിംഹാസനത്തിലിരിക്കുന്നയാള്‍ക്ക് 1857-ന് ശേഷം ജനിച്ച ആദ്യത്തെ കുട്ടിയായിരുന്നു ആന്‍ഡ്രൂ. അദ്ദേഹത്തിന്റെ അമ്മ എലിസബത്ത് രാജ്ഞി 1953-ലാണ് കിരീടധാരണം ചെയ്യപ്പെട്ടത്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, ജനനസമയത്ത് ബ്രിട്ടീഷ് സിംഹാസനത്തിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്നു. പ്രിന്‍സ് വില്യം ജനിക്കുന്നതുവരെ, ജീവിതത്തിലെ ആദ്യത്തെ 22 വര്‍ഷക്കാലം ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശികളില്‍ ആന്‍ഡ്രൂ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. നിലവില്‍ സിംഹാസനത്തിന്റെ അവകാശത്തില്‍ എട്ടാം സ്ഥാനത്താണ് അദ്ദേഹം.
ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായുള്ള പ്രൈമറി സ്‌കൂളിലാണ് ആന്‍ഡ്രൂ വിദ്യാഭ്യാസം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവിനെയും സഹോദരനെയും പോലെ, സ്‌കോട്ട്‌ലൻഡിലെ ഗോര്‍ഡണ്‍സ്റ്റൗണ്‍ ബോര്‍ഡിങ് സ്‌കൂളില്‍ കുറച്ചുകാലം പഠിച്ചു. കൂടാതെ, കാനഡയിലെ ഒന്റാറിയോയിലുള്ള ലേക്ഫീല്‍ഡ് കോളേജ് സ്‌കൂളില്‍ കുറച്ചുകാലം എക്‌സ്‌ചേഞ്ച് വിദ്യാര്‍ഥിയായിരുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പിതാവിന്റെ പാത പിന്തുടര്‍ന്ന് നാവിക ഓഫീസറായി പരിശീലനം നേടുന്നതിനായി 1979-ല്‍ ഡാര്‍ട്ട്മൗത്തിലെ ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ (BRNC) ചേര്‍ന്നു. ബക്കിങ്ഹാം കൊട്ടാരം പറയുന്നതനുസരിച്ച്, ആന്‍ഡ്രൂ ചെറുപ്പം മുതലേ ഒരു ഹെലികോപ്റ്റര്‍ പൈലറ്റാകാന്‍ ആഗ്രഹിച്ചിരുന്നു. 1980-ല്‍ നേവല്‍ കോളേജിലെ കോഴ്സ് പൂര്‍ത്തിയാക്കിയ ആന്‍ഡ്രൂ തുടര്‍ന്ന് എയര്‍ക്രാഫ്റ്റുകളിലും ഹെലികോപ്റ്ററുകളിലും പൈലറ്റ് പരിശീലനം നേടി. എച്ച്.എം.എസ്. ഇന്‍വിന്‍സിബിള്‍ എന്ന വിമാനവാഹിനിക്കപ്പലില്‍ സേവനമനുഷ്ഠിച്ചുകൊണ്ട് അദ്ദേഹം റോയല്‍ നേവിയില്‍ ചേര്‍ന്നു.
റോയല്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് എന്ന നിലയില്‍, അദ്ദേഹം ഫോക്ലാൻഡ് ദ്വീപ് യുദ്ധത്തില്‍ പങ്കാളിയായി. 1982 ഏപ്രിലില്‍ ഫോക്ലാൻഡ് ദ്വീപുകളിലേക്ക് അയച്ച എച്ച്.എം.എസ്. ഇന്‍വിന്‍സിബിളില്‍ ആന്‍ഡ്രൂ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിച്ചു. 10 ആഴ്ചത്തെ യുദ്ധത്തിനിടയില്‍, ആന്‍ഡ്രൂ നിരവധി ദൗത്യങ്ങള്‍ നടത്തി. 1982 സെപ്റ്റംബറില്‍ യുദ്ധത്തിനുശേഷം ഇന്‍വിന്‍സിബിള്‍ ബ്രിട്ടനിലേക്ക് മടങ്ങിയപ്പോള്‍, എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും മകനെ സ്വീകരിക്കാന്‍ അവിടെ ഉണ്ടായിരുന്നു. യുദ്ധം അവസാനിച്ചശേഷവും ആന്‍ഡ്രൂ സജീവ സേവനം തുടര്‍ന്നു. അവസാന വര്‍ഷങ്ങളില്‍, പ്രതിരോധ മന്ത്രാലയത്തിനും റോയല്‍ നേവിക്കും വേണ്ടി ലണ്ടനില്‍ ജോലി ചെയ്തു. 22 വര്‍ഷത്തെ സജീവ സേവനത്തിനുശേഷം 2001 ജൂലായില്‍ റോയല്‍ നേവിയില്‍ നിന്ന് വിരമിച്ചു. 2001-ല്‍ കമാന്‍ഡര്‍ പദവിയില്‍ നിന്ന് വിരമിച്ചെങ്കിലും സേനയുമായുള്ള ബന്ധം നിലനിര്‍ത്തി. 2015-ല്‍ വൈസ് അഡ്മിറല്‍ എന്ന ഓണററി റാങ്കിലെത്തി.
1986 ജൂലായ് 23-ന് ആന്‍ഡ്രൂ, സാറാ ഫെര്‍ഗൂസണെ വിവാഹം കഴിച്ചു. അതേ ദിവസം തന്നെ, അദ്ദേഹത്തെ യോര്‍ക്ക് ഡ്യൂക്ക് ആയി നിയമിച്ചു. പരമ്പരാഗതമായി ബ്രിട്ടീഷ് രാജാവിന്റെ രണ്ടാമത്തെ മകന്‍ വഹിക്കുന്ന പദവിയാണിത്. ആന്‍ഡ്രൂവിനും സാറയ്ക്കും രണ്ട് പെണ്‍മക്കള്‍ ജനിച്ചു. 1988 ഓഗസ്റ്റ് 8-ന് ബിയാട്രിസ് രാജകുമാരിയും 1990 മാര്‍ച്ച് 23-ന് യൂജെനി രാജകുമാരിയും. 1992-ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു, 1996-ല്‍ വിവാഹമോചനം നേടി. സൈനികസേവനത്തില്‍ നിന്ന് വിരമിച്ചശേഷം, ആന്‍ഡ്രൂ ഒരു രാജകുടുംബാംഗത്തിന്റെ പരമ്പരാഗത ചുമതലകള്‍ ഏറ്റെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും വിവിധ ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു.
വെർജീനിയയുടെ വെളിപ്പെടുത്തല്‍
വിവാദ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള സൗഹൃദവും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളുമാണ് ആന്‍ഡ്രൂവിനെ വിവാദത്തിലേക്ക് തള്ളിവിട്ടത്. 2001-ലാണ് ആന്‍ഡ്രൂവിനെതിരേ വെര്‍ജീനിയ ആദ്യമായി ആരോപണമുന്നയിക്കുന്നത്. ആന്‍ഡ്രൂവുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് വെർജീനിയ വെളിപ്പെടുത്തി. ആദ്യ കൂടിക്കാഴ്ച ലണ്ടന്‍ ടൗണ്‍ഹൗസിലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക് ഫ്‌ളാറ്റിലും കരീബിയനിലെ അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപായ ലിറ്റില്‍ സെന്റ് ജെയിംസില്‍വെച്ചും ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും വെർജീനിയ അവകാശപ്പെട്ടു. എപ്സ്റ്റീന്റെ ആഡംബരവില്ലകളില്‍ മസാജിങ് ജോലി ചെയ്യുമ്പോഴായിരുന്നു അത്. ലണ്ടനിലെ കൂടിക്കാഴ്ചയ്ക്കുശേഷം 15,000 ഡോളര്‍ എപ്സ്റ്റീന്‍ പ്രതിഫലമായി തന്നുവെന്നും വെർജീനിയ വെളിപ്പെടുത്തി. അന്ന് നാവികസേനയില്‍നിന്ന് വിരമിച്ച ആന്‍ഡ്രൂ അന്താരാഷ്ട്ര വ്യാപാര-നിക്ഷേപങ്ങള്‍ക്കുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധിയായിരുന്നു.
2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായി എപ്സ്റ്റീന്‍ സമ്മതിക്കുകയും 18 മാസം തടവിന് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതിനിടെ എപ്സ്റ്റീന്റെ ഫ്ലോറിഡയിലെ വീട്ടില്‍ ആന്‍ഡ്രൂ മസാജിന് എത്തിയിരുന്നതായി മുന്‍ വീട്ടുജോലിക്കാരന്‍ വെളിപ്പെടുത്തി. ആന്‍ഡ്രൂ ആരോപണങ്ങള്‍ നിഷേധിച്ചു. 2010-ല്‍ എപ്സ്റ്റീന്‍ ജയില്‍മോചിതനായി. ഇതിനിടെ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍വെച്ച് ആന്‍ഡ്രൂ, എപ്സ്റ്റീനൊപ്പം എടുത്ത ഫോട്ടോകള്‍ പുറത്തുവന്നു. ഈ ഫോട്ടോകള്‍ പുറത്തുവന്നതിനേത്തുടര്‍ന്ന് 2011-ല്‍ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി സ്ഥാനം ആന്‍ഡ്രൂ ഒഴിഞ്ഞു. മാത്രമല്ല, എപ്സ്റ്റീനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട യു.എസ്. കോടതി രേഖകളില്‍ ആന്‍ഡ്രൂവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടും അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ ബക്കിങ്ഹാം കൊട്ടാരം നിഷേധിച്ചു. 2019 ഓഗസ്റ്റില്‍ അമേരിക്കയിലെ ജയിലില്‍ എപ്സ്റ്റീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
2019 നവംബറില്‍ ആന്‍ഡ്രൂ, എപ്സ്റ്റീനെക്കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖം നല്‍കി. 2010-ല്‍ അവസാനിച്ചതായി പറയപ്പെടുന്ന അവരുടെ സൗഹൃദത്തില്‍ ഖേദമില്ലെന്ന് ആന്‍ഡ്രൂ പറഞ്ഞു. ആന്‍ഡ്രൂവിന്റെ അഭിമുഖം കോളിളക്കം സൃഷ്ടിച്ചു. അഭിമുഖത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂ ഒരു രാജകീയ പദവികള്‍ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. 2021-ല്‍, വെർജീനിയ ആന്‍ഡ്രൂവിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തു. അടുത്ത വര്‍ഷം ആന്‍ഡ്രൂ തന്റെ സൈനിക പദവികളും രാജകീയ രക്ഷാകർതൃസ്ഥാനങ്ങളും ഉപേക്ഷിച്ചു. വെര്‍ജീനിയയുടെ ആരോപണത്തെത്തുടര്‍ന്ന് 2022 ജനുവരിയില്‍ എലിസബത്ത് രാജ്ഞി ആന്‍ഡ്രൂവിന്റെ സൈനികപദവികള്‍ നീക്കംചെയ്തിരുന്നു. വെർജീനിയ നല്‍കിയ കേസ് തള്ളാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, 2022-ല്‍ സിവില്‍ കേസ് വലിയ തുക നല്‍കി ആന്‍ഡ്രൂ ഒത്തുതീര്‍പ്പാക്കി. എന്നാല്‍ ഇത് സംബന്ധിച്ച സാമ്പത്തിക വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിരുന്നില്ല. വെർജീനിയ ഒടുവില്‍ ജീവനൊടുക്കി. വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 41-ാം വയസ്സില്‍ ഓസ്‌ട്രേലിയയിലെ വീട്ടില്‍വെച്ചാണ് ആത്മഹത്യ ചെയ്തത്.
ആന്‍ഡ്രൂവിന്റെ ഭാവിയെന്ത്?
ഒക്ടോബര്‍ 21-ന് പുറത്തിറങ്ങിയ വെർജീനിയയുടെ മരണാനന്തര ഓര്‍മ്മക്കുറിപ്പായ 'നോബഡീസ് ഗേള്‍' വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എപ്സ്റ്റീനും ആന്‍ഡ്രൂവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുസ്തകത്തില്‍ വെർജീനിയ എഴുതിയിരുന്നു. രണ്ടുവര്‍ഷത്തോളം എപ്സ്റ്റീന്‍ തന്നെ ലൈംഗിക അടിമയാക്കിയതായി അവര്‍ വെളിപ്പെടുത്തി. അന്ന് 17 വയസ്സു മാത്രമുണ്ടായിരുന്ന തന്നെ മൂന്നുതവണ ആന്‍ഡ്രൂരാജകുമാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വെർജീനിയയുടെ ആരോപണം. വെർജീനിയ ആത്മഹത്യ ചെയ്യും മുമ്പ് മാധ്യമപ്രവര്‍ത്തകയും നോ ബഡീസ് ഗേളിന്റെ സഹഎഴുത്തുകാരിയുമായ ആമി വാലസിനയച്ച ഇ-മെയിലില്‍ താന്‍ മരിച്ചാലും പുസ്തകം പുറത്തിറങ്ങണമെന്ന് എഴുതിയിരുന്നു. ഓര്‍മ്മക്കുറിപ്പുകളും അതിലെ വെളിപ്പെടുത്തലുകളും ആന്‍ഡ്രൂവിന് വിനയായി.
പദവികള്‍ സ്വമേധയാ ഉപേക്ഷിച്ചെങ്കിലും രാജകുമാരന്‍ എന്ന പദവി ആന്‍ഡ്രൂ നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് ആന്‍ഡ്രൂവിന് രാജകുമാരന്‍ എന്ന പദവിയും നഷ്ടമായത്. ആന്‍ഡ്രൂവിന് തന്റെ സ്ഥാനങ്ങളും പദവികളും നഷ്ടമാകുമെങ്കിലും ബ്രിട്ടീഷ് സിംഹാസനത്തിന്മേലുള്ള അവകാശം നഷ്ടമാകില്ല. അവകാശികളില്‍ എട്ടാം സ്ഥാനത്തായതിനാൽ രാജാവാകാനുള്ള സാധ്യത പ്രായോഗികമായി നിലവിലില്ല. പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് അദ്ദേഹത്തെ ഔദ്യോഗികമായി നീക്കം ചെയ്യുന്നതിന് നിയമനിര്‍മാണം ആവശ്യവുമാണ്. ലോകമെമ്പാടുമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സമ്മതം ആവശ്യമുള്ളതിനാല്‍ ഇതിന് സമയമെടുക്കും. ഈ പ്രോട്ടോക്കോള്‍ അവസാനമായി നടപ്പിലാക്കിയത് 1936-ല്‍ എഡ്വേഡ് എട്ടാമന്റെ സ്ഥാനത്യാഗത്തോടെയാണ്. മാത്രമല്ല, പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ നിലവിലെ സര്‍ക്കാര്‍ പദ്ധതികളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആന്‍ഡ്രൂവിന്റെ മക്കളായ യൂജെനി രാജകുമാരിക്കും ബിയാട്രിസ് രാജകുമാരിക്കും രാജപദവികള്‍ നഷ്ടമാകില്ല.
Published: 02 Nov 2025, 11:25 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented