ഡയാന രാജകുമാരിയെപ്പോലെ തന്നെ ജനങ്ങളോടുള്ള സമീപനത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ ആരാധിക്കപ്പെടുന്നയാളാണ് മകന്‍ ഹാരി രാജകുമാരന്‍. രാജകുടുംബത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചതും കൊട്ടാരം വിട്ടിറങ്ങിയതുമെല്ലാം ഹാരിയെ വാര്‍ത്തകളുടെ തോഴനാക്കി. ഭാര്യ മേഗനുമായി വേര്‍പിരിയുന്നു എന്ന തിരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഹാരി കാലിഫോര്‍ണിയയില്‍ സര്‍ഫിങ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. 

To advertise here,

സര്‍ഫിങ് ഇതിഹാസം എന്നറിയപ്പെടുന്ന റെയ്മാന വാന്‍ ബസ്‌ടോലിയര്‍ ആണ് ഹാരിയുടെ സര്‍ഫിങ് ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തഴക്കംവന്നയാളെ പോലെ സര്‍ഫിങ് ആഘോഷിക്കുന്ന ഹാരിയുടെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. കാലിഫോര്‍ണിയയിലെ പുതിയ ജീവിതവുമായി ഹാരി പൊരുത്തപ്പെട്ടുകഴിഞ്ഞു എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നു. 

പഠിച്ചെടുക്കാന്‍ ഏറെ പ്രയാസമുള്ള കായികവിനോദമായാണ് സര്‍ഫിങ് പറയപ്പടുന്നത്. ഹാരി മാത്രമല്ല, അച്ഛന്‍ ചാള്‍സ് രാജാവും സഹോദരന്‍ വില്യം രാജകുമാരും സര്‍ഫിങില്‍ കമ്പമുള്ളവരാണ്. ഹാരി ജീവിതം ഏറ്റവും മനോഹരമായി ആസ്വദിക്കുകയാണെന്നും വിവാഹമോചനം നേടി കൊട്ടാരത്തിലേക്ക് തിരിച്ചുപോകുന്നു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകളൊക്കെ കെട്ടുകഥകളാണെന്നും നീളുന്നു കമന്റ് ബോക്‌സിലെ ചര്‍ച്ചകള്‍.