പ്രണയ വാർഷികവും വിവാഹ വാർഷകവുമെല്ലാം ആഘോഷിക്കുന്നവരാണ് മിക്കവരും. പങ്കാളികൾ പരസ്പരം സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ പ്രണയവാർഷികത്തിന് കാമുകിക്കായി ഒരുക്കിയ സർപ്രൈസ് സമ്മാനം ഒരു യുവാവിന് വരുത്തിവെച്ചത് വലിയ സാമ്പത്തിക നഷ്ടമാണ്.

To advertise here,

തന്റെ ഒരു മാസത്തെ ശമ്പളം മുഴുവൻ ബലൂണിൽ കെട്ടി കാമുകിക്ക് സമ്മാനിക്കാനായിരുന്നു ജർമൻ യുവാവിന്റെ പ്ലാൻ. എന്നാൽ കാമുകി ഈ ബലൂണുകളുടെ ബോക്‌സ് തുറന്നതിനുപിന്നാലെ പണം ആകാശത്തേക്ക് പറന്നുപോകുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 13 കോടി ആളുകളാണ് കണ്ടത്. 36 ലക്ഷം പേർ ലൈക്കും ചെയ്തു. നാൽപതിനായിരത്തിന് അടുത്ത് കമന്റുകളും നേടി.

ഒരു പാർക്കിങ് ഏരിയയിൽവെച്ചാണ് യുവാവ് കാമുകിക്കായി സർപ്രൈസ് ഒരുക്കിയത്. ചുവന്ന റിബ്ബൺ കെട്ടിയ വെള്ള നിറത്തിലുള്ള ഗിഫ്റ്റ് ബോക്‌സിനുള്ളിലാണ് യുവാവ് പണം കോർത്തുവെച്ച ബലൂണുകൾ വെച്ചിരുന്നത്. കാമുകി പെട്ടി തുറന്നപ്പോൾ ആദ്യം പിങ്ക് നിറത്തിലുള്ള വെളിച്ചം പുറത്തേക്ക് വന്നു. പിന്നാലെ പണം കോർത്ത ബലൂൺ ആകാശത്തേക്ക് ഉയർന്നുപൊങ്ങി. പെട്ടെന്ന് വികാരാധീനനായ യുവതി കാമുകനെ കെട്ടിപ്പിടിച്ചു. ഇതിനിടയിൽ ബലൂൺ കുറച്ചു കൂടി ഉയരത്തിലെത്തി. യുവതി അതിന് പിന്നാലെ ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. നിരാശനായ യുവാവ് തന്റെ കോട്ട് ഊരി എറിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

2000 ഡോളർ (ഏകദേശം 1.8 ലക്ഷം ഇന്ത്യൻ രൂപ) ആണ് യുവാവിന് നഷ്ടപ്പെട്ടത്. ഇത് തന്റെ ഒരു മാസത്തെ ശമ്പളമായിരുന്നെന്ന് യുവാവ് സങ്കടത്തോടെ പറയുന്നതും തലയിൽ കൈവെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. 'സർപ്രൈസ് ഒരുക്കിയ നിന്റെ ആ മനസിനാണ് വില, പണം ഇനിയും ഉണ്ടാക്കാമല്ലോ' എന്ന പറഞ്ഞ് യുവാവിനെ കാമുകി ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.