കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും ഡാന്‍സറുമായ റിഷി എസ് കുമാര്‍ തന്റെ പ്രൊപ്പോസല്‍ വീഡിയോ യുട്യൂബില്‍ പങ്കുവെച്ചത്. ജീവിത പങ്കാളിയാകാന്‍ പോകുന്ന ഡോ. ഐശ്വര്യ ഉണ്ണിയെ ഈ വീഡിയോയിലൂടെ റിഷി ആരാധകര്‍ക്കായി പരിചയപ്പെടുത്തി. 'ട്രെഷര്‍ ഹണ്ട്' പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. ബൂബു എന്നാണ് ഐശ്വര്യയെ താന്‍ വിളിക്കുന്നതെന്നും ആറ് വര്‍ഷമായുള്ള പ്രണയമാണെന്നും വീഡിയോയില്‍ റിഷി പറയുന്നുണ്ട്.

To advertise here,

ഇപ്പോഴിതാ ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് റിഷി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ എല്ലാവരും നൃത്തം ചെയ്ത് ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം. റിഷി പങ്കെടുത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളും ടെലിവിഷന്‍ രംഗത്തെ സുഹൃത്തുക്കളും ഹല്‍ദിയില്‍ പങ്കെടുത്തു.

ലാവന്‍ഡെര്‍ നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ഓവര്‍കോട്ടുമായിരുന്നു റിഷിയുടെ ഔട്ട്ഫിറ്റ്. അതേ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. അതിഥികളെല്ലാം ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്.

റിഷി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. മുടിയന്‍ ചേട്ടനെ ഇഷ്ടമാണെന്നും ഇത്രയും കാലം പ്രണയം രഹസ്യമായി സൂക്ഷിച്ചുവല്ലേ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. റിഷിയുടെ അടുത്ത സുഹൃത്താണ് ഐശ്വര്യ. സെപ്റ്റംബര്‍ അഞ്ചിനാണ് ഇരുവരുടേയും വിവാഹം.