ഭാര്യ ആർതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത് വരെ ഇനി അഭിനയിക്കില്ലെന്ന് തമിഴ് നടൻ രവി മോഹൻ. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വികാരാധീനനായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകിയും ചെന്നൈ വിടുന്നതായി പ്രഖ്യാപിച്ചും രവി മോഹന്റെ സുഹൃത്തും തെറാപ്പിസ്റ്റുമായ കെനീഷാ ഫ്രാൻസിസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് രവി മോഹൻ വാർത്താസമ്മേളനം വിളിച്ചത്. വിവാഹമോചനം ലഭിക്കുന്നതുവരെ തന്റെ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്ന് രവി മോഹൻ നിറകണ്ണുകളോടെയാണ് പറഞ്ഞത്.

To advertise here,

കടുത്ത അപമാനം സഹിച്ചാണ് താൻ ആർതിക്കൊപ്പം ജീവിച്ചതെന്നും രവി മോഹൻ പറഞ്ഞു. വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും താരം പറഞ്ഞു. 'സഹിക്കാവുന്നതിന്റെ അപ്പുറമായി. ഇത്രയും ദിവസം ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇപ്പോൾ സമയമായി. ആളുകൾ കരുതുന്നത് ജയം രവി എന്ന രവി മോഹൻ സോഫ്റ്റായ മനുഷ്യനാണെന്നാണ്. ഞാൻ അങ്ങനെയായിരുന്നു. എന്നാൽ ഇനി അങ്ങനെയായിരിക്കില്ല.' -രവി മോഹൻ പറഞ്ഞു.

മൃദുവായ സ്വഭാവമുള്ള ഒരാളുടെ കോപം സഹിക്കാൻ കഴിയാത്തതാകും എന്ന തമിഴ് പഴഞ്ചൊല്ല് അദ്ദേഹം ഓർമിപ്പിച്ചു. ആളുകൾ തന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എനിക്ക് വിവാഹമോചനം ലഭിക്കുന്നത് വരെ ഞാൻ അഭിനയിക്കില്ല. എന്ത് തന്നെ സംഭവിച്ചാലും എനിക്ക് വിവാഹമോചനം ലഭിക്കുക തന്നെ ചെയ്യും. എന്റെ ജീവിതം വീണ്ടും സാധാരണനിലയിലാകും. ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.' -കണ്ണ് നിറഞ്ഞുകൊണ്ട് രവി മോഹൻ പറഞ്ഞു.

തന്റെ തെറാപ്പിസ്റ്റും സുഹൃത്തുമായ കെനീഷാ ഫ്രാൻസിസിനെ കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ചു. 'നിങ്ങൾ എല്ലാവരും കൂടി കെനീഷയെ അകലേക്ക് പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുകയാണ്. തന്റെ അവസ്ഥയ്ക്ക് കാരണം പേരിൽ മൂന്നക്ഷരമുള്ള ഒരു നടിയാണെന്നും രവി മോഹൻ പറഞ്ഞു. കുടുംബങ്ങൾ തകർത്തശേഷം പൊതുവേദികളിൽ ഫെമിനിസം പ്രസംഗിച്ചിട്ട് എന്താണ് കാര്യമെന്നും നടിയുടെ പേര് പറയാതെ രവി മോഹൻ പറഞ്ഞു.