
തെലുങ്ക് താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് കഴിഞ്ഞയാഴ്ചയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, ഹൈദരാബാദിൽ നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. അടുത്തവർഷം ഫെബ്രുവരിയിലാകും വിവാഹമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ഭാഗമായി കൈവിരലിൽ അണിയിച്ച വജ്രമോതിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രശ്മികാ മന്ദാന. ഇൻസ്റ്റഗ്രാമിലാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. താരം തന്റെ വളർത്തുനായയെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. തമ്മ എന്ന ചിത്രത്തിലെ റാഹിയേ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ വീഡിയോ വളർത്തുനായയെ കാണിച്ചുകൊണ്ട് 'ഇതാരാണ്' എന്ന് ചോദിക്കുന്ന രശ്മികയാണ് വീഡിയോയിലുള്ളത്.
Also Read: വിശാലും സായ് ധൻസികയും പുതുജീവിതത്തിലേക്ക്; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം
ഈ വീഡിയോയിലാണ് താരത്തിന്റെ ഇടതുകൈയിലെ മോതിരവിരലിൽ തിളങ്ങുന്ന വജ്രമോതിരം ദൃശ്യമായത്. പോസ്റ്റിന്റെ കമന്റുകൾ ഭൂരിഭാഗവും ഈ മോതിരത്തെ കുറിച്ചുള്ളതാണ്. 'വിവാഹനിശ്ചയത്തിന്റെ വാർത്തയ്ക്ക് സ്ഥിരീകരണമായി' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞതിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന കമന്റും ഒട്ടേറെ പേർ എഴുതി.
ഒക്ടോബർ മൂന്നിനാണ് വിവാഹനിശ്ചയം നടന്നതെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണിൽ വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന 'ഇന്ത്യ ഡേ പരേഡി'ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സംവിധായകൻ രാഹുൽ സംകൃത്യന്റെ താത്കാലികമായി 'വിഡി 14' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.
Content Highlights: Rashmika Mandanna Shares First Glimpse Of Diamond Ring After Engagement To Vijay Deverakonda. Watch Video
Published: 11 Oct 2025, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented