പിതാവ് ഋഷി കപൂറുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. കര്‍ക്കശക്കാരനായ പിതാവായിരുന്നു ഋഷി കപൂറെന്നും മുന്‍കോപം കൂടുതലായിരുന്നുവെന്നും രണ്‍ബീര്‍ പറയുന്നു. നിഖില്‍ കാമത്തിന്റെ പോഡ് കാസ്റ്റിലാണ് താരം മനസ്സുതുറന്നത്. 

To advertise here,

'അച്ഛന്‍ നല്ല മനുഷ്യനായിരുന്നു. പക്ഷേ ഒരിക്കലും ഒരു സുഹൃത്തിനെപ്പോലെ എന്നോട് പെരുമാറിയിട്ടില്ല. മുന്‍കോപിയായിരുന്നു. എനിക്കൊരിക്കലും അദ്ദേഹത്തോട് വിയോജിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഒരിക്കല്‍പോലും 'നോ' പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് മുന്നില്‍ തല താഴ്ത്തിയാണ് എപ്പോഴും നില്‍ക്കാറുള്ളത്. പറയുന്നതെല്ലാം അതുപോലെ അനുസരിക്കും.'-രണ്‍ബീര്‍ വ്യക്തമാക്കുന്നു.

അച്ഛനൊപ്പം സമയം ചെലവഴിക്കാത്തതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെന്നും അച്ഛന്‍ എപ്പോഴും യാത്രയിലായതിനാല്‍ മികച്ചൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും അച്ഛനോട് തനിക്ക് എപ്പോഴും ബഹുമാനം മാത്രമേയുള്ളൂവെന്നും രണ്‍ബീര്‍ പറയുന്നു.

ഇതിന് മുമ്പ് കപില്‍ ശര്‍മയുടെ ഷോയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലും രണ്‍ബീര്‍ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വ്യാപകമാകുന്നതിന് മുമ്പ് ഋഷി കപൂര്‍  ആയിരുന്നു 'ഒറിജിനല്‍ ട്രോള്‍' എന്ന് തമാശരൂപേണ രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് കാരണമായ തന്റെ കുട്ടിക്കാലത്തെ ഒരു സംഭവത്തെ കുറിച്ചും രണ്‍ബീര്‍ ഷോയില്‍ പറയുന്നുണ്ട്. 

രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ച അച്ഛന്‍ അമ്മായിയെ ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്തിയതാണ് ആ സംഭവം. അന്ന് മദ്യപിച്ച ആളുകളെപ്പോലെയാണ് അച്ഛന്‍ അമ്മായിയെ കളിയാക്കിയതെന്നും രണ്‍ബീര്‍ പറയുന്നു. 

രക്താര്‍ബുദത്തെ തുടര്‍ന്നാണ് ഋഷി കപൂര്‍ മരിച്ചത്. 2018-ല്‍ അര്‍ബുദം സ്ഥിരീകരിക്കുകയും 2020 ഏപ്രില്‍ 30-ന് അദ്ദേഹം ലോകത്തോട് വിട പറയുകയും ചെയ്തു.