വ്യക്തികള്‍ എന്ന നിലയിലും ദമ്പതികള്‍ എന്ന നിലയിലും സംതൃപ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനം.

മക്കൾ വളർന്നു വലുതായി ഉന്നതപഠനത്തിനായോ ജോലിക്കായോ പുറത്തേക്ക് പോകുമ്പോൾ മാതാപിതാക്കൾക്ക് വീട് പെട്ടെന്ന് നിശ്ശബ്ദമായതുപോലെ തോന്നാറുണ്ട്. വർഷങ്ങളോളം മക്കളുടെ കാര്യങ്ങൾക്കും അവരുടെ സമയക്രമങ്ങൾക്കും ചുറ്റും കറങ്ങിയിരുന്ന ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം പലരിലും ഏകാന്തതയും അനിശ്ചിതത്വവും നഷ്ടബോധവും ഉണ്ടാക്കാം. മനഃശാസ്ത്രത്തിൽ ഇതിനെ എംപ്റ്റി നെസ്റ്റ് സിൻഡ്രോം എന്നാണ് വിളിക്കുന്നത്.
എന്നാൽ, സങ്കടപ്പെട്ടിരിക്കേണ്ട ഒരു ഘട്ടമല്ല ഇത്. മറിച്ച്, മാതാപിതാക്കൾ എന്ന ഉത്തരവാദിത്തത്തിനപ്പുറം, പങ്കാളികളെന്ന നിലയിൽ വീണ്ടും കണ്ടെത്താനും പ്രണയം പുതുക്കാനും ദമ്പതികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്.
ഒരുമിച്ച് സമയം ചെലവഴിക്കാൻ മനഃപൂർവം ശ്രമിക്കുക
മക്കൾ വീട്ടിലുള്ളപ്പോൾ മാതാപിതാക്കളുടെ സമയവും ഊർജവുമെല്ലാം അവരുടെ സ്കൂൾ, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായിരിക്കും ചെലവഴിക്കപ്പെടുന്നത്. മക്കൾ പോയിക്കഴിയുമ്പോൾ ശ്രദ്ധ വീണ്ടും പരസ്പരം കേന്ദ്രീകരിക്കാൻ അല്പം ശ്രമം ആവശ്യമാണ്. ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൂടുതൽ സമയം ലഭിക്കുന്നതുകൊണ്ട് മാത്രം അടുപ്പം കൂടുമെന്ന് കരുതരുത്; അതിനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തണം.
ഇരുവർക്കും താല്പര്യമുള്ള കാര്യങ്ങൾ കണ്ടെത്തുകയാണ് ആദ്യപടി. പുതിയ വിഭവങ്ങൾ ഒരുമിച്ച് പാചകം ചെയ്യുക, പൂന്തോട്ടപരിപാലനം, വൈകുന്നേരങ്ങളിലെ നടത്തം, സിനിമ കാണൽ, യാത്രകൾ, സംഗീതം ആസ്വദിക്കൽ, വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുത്താം. മാതാപിതാക്കളാകുന്നതിന് മുമ്പ് നിങ്ങൾ ആസ്വദിച്ചിരുന്ന ഹോബികളിലേക്ക് തിരികെ പോകുന്നതും നല്ലതാണ്. മക്കളെക്കുറിച്ചോ വീട്ടുജോലികളെക്കുറിച്ചോ അല്ലാതെ സംസാരിക്കാനും ചിരിക്കാനും പുതിയ അനുഭവങ്ങൾ പങ്കുവെക്കാനും ഇത് സഹായിക്കും.
പുതിയ ശീലങ്ങളും ആഘോഷങ്ങളും
ഞായറാഴ്ചകളിലെ പ്രത്യേക ഉച്ചഭക്ഷണം, പിറന്നാൾ ആഘോഷങ്ങൾ, വാർഷിക അവധിക്കാല യാത്രകൾ തുടങ്ങി മിക്ക കുടുംബശീലങ്ങളും മക്കളെ ചുറ്റിപ്പറ്റിയായിരിക്കും. മക്കൾ വീടുവിടുമ്പോൾ ഈ പതിവുകൾക്ക് മാറ്റം വരുന്നത് സ്വാഭാവികമാണ്. എന്തോ നഷ്ടപ്പെട്ടു എന്ന് തോന്നുന്നതിന് പകരം, രണ്ടുപേർക്ക് മാത്രമായി പുതിയ ചില ശീലങ്ങൾ തുടങ്ങാൻ ഈ സമയം ഉപയോഗിക്കുക.
ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ പുറത്തുപോയി പ്രഭാതഭക്ഷണം കഴിക്കുന്നതോ മാസത്തിലൊരിക്കൽ ഒരു ഏകദിന യാത്ര പോകുന്നതോ ശീലമാക്കാം. മാസത്തിലൊരിക്കൽ പുതിയൊരു റസ്റ്റോറന്റ് പരീക്ഷിക്കുക, ഒരു വൈകുന്നേരം ഒരുമിച്ച് പ്രത്യേക അത്താഴം തയ്യാറാക്കുക, മാസത്തിലൊരിക്കൽ മൂവി നൈറ്റ് സംഘടിപ്പിക്കുക, ആർട്ട് എക്സിബിഷനുകൾ സന്ദർശിക്കുക, ഏതാനും മാസങ്ങൾ കൂടുമ്പോൾ ചെറിയ അവധിക്കാല യാത്രകൾ നടത്തുക എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് ആവേശത്തോടെ കാത്തിരിക്കാൻ ഇത്തരം ചെറിയ ആഘോഷങ്ങൾ സഹായിക്കും.
ഡേറ്റ് നൈറ്റുകൾ തിരികെ കൊണ്ടുവരിക
വിവാഹം കഴിഞ്ഞാലോ കുട്ടികളായാലോ അവസാനിക്കേണ്ട ഒന്നല്ല ഡേറ്റ് നൈറ്റുകൾ. വാസ്തവത്തിൽ, എംപ്റ്റിനെസ്റ്റ് കാലഘട്ടം ഇവ തിരികെ കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. വീട്ടുജോലികളിൽനിന്നും ഓഫീസ് തിരക്കുകളിൽനിന്നുമെല്ലാം മാറി, ആഴ്ചയിൽ ഒരു വൈകുന്നേരം പങ്കാളിക്കായി മാത്രം മാറ്റിവെക്കുക. ഇതിന് വലിയ ചെലവേറിയ അത്താഴവിരുന്നുകളോ ആഡംബര പ്ലാനുകളോ ആവശ്യമില്ല. ഒരുമിച്ച് നടക്കാൻ പോയ ശേഷം ഒരു കാപ്പി കുടിക്കുക, വീട്ടിൽതന്നെ പ്രത്യേക ഭക്ഷണം തയ്യാറാക്കുക, അടുത്തുള്ള കഫേയിലോ സംഗീത പരിപാടിക്കോ പോകുക, അല്ലെങ്കിൽ നന്നായി ഒരുങ്ങി പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ആകാം. ഓരോ ആഴ്ചയും ഓരോരുത്തർ മാറിമാറി പ്ലാൻ ചെയ്യുന്നത് പുതിയ അനുഭവങ്ങൾ സമ്മാനിക്കും. സാധാരണ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി പങ്കാളിക്ക് പൂർണ്ണശ്രദ്ധ നൽകുക എന്നതാണ് ഇവിടെ പ്രധാനം.
വീട്ടുജോലികൾ പങ്കുവെക്കുക
മക്കൾ വീടുവിടുമ്പോൾ വീട്ടിലെ ദിനചര്യകളും ഉത്തരവാദിത്തങ്ങളും മാറും. സ്കൂൾ സമയക്രമത്തിനനുസരിച്ച് ചെയ്തിരുന്ന പല ജോലികളും പിന്നീട് ആവശ്യമായി വരില്ല. ഈ സാഹചര്യത്തിൽ, വീട്ടിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ പങ്കുവെക്കണമെന്ന് ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് നല്ലതാണ്. പാചകം, പലചരക്ക് സാധനങ്ങൾ വാങ്ങൽ, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ, ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ ദൈനംദിന കാര്യങ്ങൾ അവലോകനം ചെയ്യുക. വർഷങ്ങളായി ഒരാൾതന്നെ ചെയ്തിരുന്നതുകൊണ്ട് ഇനിയും അങ്ങനെ തുടരണമെന്ന് കരുതരുത്. ഓരോരുത്തർക്കും ചെയ്യാൻ ഇഷ്ടമുള്ളതും അല്ലാത്തതുമായ ജോലികൾ ഏതൊക്കെയാണെന്നും, ഏതൊക്കെ ജോലികൾ ലഘൂകരിക്കാമെന്നും തുറന്നു സംസാരിക്കുക. ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കുവെക്കുന്നത് പരസ്പരമുള്ള അസ്വാരസ്യങ്ങൾ കുറയ്ക്കാനും ഇരുവർക്കും കൂടുതൽ വിശ്രമസമയം ലഭിക്കാനും സഹായിക്കും.
വ്യക്തിപരമായ താല്പര്യങ്ങൾ
പങ്കാളിയുമായി വീണ്ടും അടുക്കുക എന്നതിനർത്ഥം എല്ലാ കാര്യങ്ങളും എപ്പോഴും ഒരുമിച്ച് ചെയ്യണമെന്നല്ല. വർഷങ്ങളോളം മക്കളെ വളർത്താനും കുടുംബം നോക്കാനും ഓടിനടന്ന ശേഷം, സ്വന്തം താല്പര്യങ്ങളും സൗഹൃദങ്ങളും ലക്ഷ്യങ്ങളും തിരിച്ചുപിടിക്കാൻ ഇരുവർക്കും ആഗ്രഹമുണ്ടാകും. അതിനുള്ള സ്വാതന്ത്ര്യം പരസ്പരം നൽകുന്നത് ബന്ധത്തെ കൂടുതൽ ആരോഗ്യകരമാക്കും.
ഒരാൾക്ക് നൃത്തം പഠിക്കാനോ ചിത്രരചന പഠിക്കാനോ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാനോ താല്പര്യമുണ്ടാകാം. മറ്റൊരാൾക്ക് സന്നദ്ധപ്രവർത്തനങ്ങളിലോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിലോ ആയിരിക്കും താല്പര്യം. ഇങ്ങനെ വെവ്വേറെ സമയം ചെലവഴിക്കുന്നത് ബന്ധത്തിൽ അകൽച്ചയുണ്ടാക്കുമെന്ന് ഭയപ്പെടേണ്ടതില്ല. വ്യക്തിപരമായ പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, വൈകുന്നേരങ്ങളിൽ ഒരുമിച്ചിരിക്കുമ്പോൾ പങ്കുവെക്കാൻ പുതിയ വിശേഷങ്ങളുണ്ടാകും. വ്യക്തികൾ എന്ന നിലയിലും ദമ്പതികൾ എന്ന നിലയിലും സംതൃപ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനം.
Content Highlights: Learn effective strategies for parents to cope with empty nest syndrome, including rekindling romance and establishing new routines together.
Published: 16 Nov 2026, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented