നമ്മൾ ഒരാളുമായി സംസാരിക്കുമ്പോൾ ചില സംഭാഷണങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാൻ തോന്നും. എന്നാൽ മറ്റു ചില സംഭാഷണങ്ങൾ എത്ര നേരം കഴിഞ്ഞാലും അവസാനിക്കരുതെന്ന് ആഗ്രഹിക്കും. എന്തുകൊണ്ടാണ് ചിലരോടുള്ള സംസാരം ഇത്രത്തോളം ആസ്വാദ്യകരമാകുന്നത്? അതിനു പിന്നിൽ ഒരു പ്രത്യേക താളമുണ്ടെന്നാണ് പുതിയ മനഃശാസ്ത്ര പഠനം പറയുന്നത്. 'പിങ്ക് നോയിസ്' എന്ന ഗണിതശാസ്ത്ര മാതൃകയുമായി ബന്ധപ്പെട്ടതാണ് ഈ കണ്ടെത്തൽ.സയൻസ് അഡ്‌വാൻസ് എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, നല്ല സംഭാഷണങ്ങൾ ഒരേ വിഷയത്തിൽ തുടർച്ചയായി യോജിച്ചുപോകുന്നതോ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് പെട്ടെന്ന് വഴിമാറുന്നതോ അല്ല. മറിച്ച്, ഒരേ ആശയത്തിൽ ഒന്നിച്ചുനിൽക്കുകയും പിന്നീട് പുതിയ ചിന്തകളിലേക്ക് മാറുകയും വീണ്ടും പരസ്പരം ബന്ധപ്പെടുകയും ചെയ്യുന്ന രീതിയാണ് അവയിൽ കാണുന്നത്. അപരിചിതർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും ഈ രീതി സംഭാഷണത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അപരിചിതർക്കിടയിൽ കൂടുതൽ അടുപ്പം തോന്നാനും സ്പീഡ് ഡേറ്റിങ്ങിൽ വീണ്ടും കാണാമെന്ന് തീരുമാനിക്കാനുമുള്ള സാധ്യതയും ഇതുമായി ബന്ധപ്പെട്ടിരുന്നു.
also read : സുഹൃത്തുക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടോ? പഠനം പറയുന്നത്
എന്താണ് പിങ്ക് നോയിസ്?
സംഭാഷണത്തിൽ ഒരാൾ പറയുന്ന കാര്യങ്ങളുടെ അർഥവും മറ്റൊരാൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ഗവേഷകർ പ്രധാനമായും പരിശോധിച്ചത്. ഇതിനെ ഭാഷാപരമായ ഏകോപനം എന്നു വിളിക്കാം. സംസാരിക്കുന്നവർ ക്രമേണ പരസ്പരം ഉപയോഗിക്കുന്ന വാക്കുകൾ, സംസാരശൈലി, ശബ്ദത്തിന്റെ ഉയർച്ചത്താഴ്ചകൾ, ശരീരചലനങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്ന പ്രവണതയാണിത്.എന്നാൽ സംഭാഷണത്തിൽ എപ്പോഴും ഒരേ അഭിപ്രായത്തിലും ആശയത്തിലും തുടരുന്നത് നല്ലതല്ല. അങ്ങനെ സംഭവിച്ചാൽ സംസാരം ആവർത്തനവിരസമാകും. അതുപോലെ, ഓരോ വാചകത്തിലും ബന്ധമില്ലാത്ത വിഷയങ്ങളിലേക്ക് മാറുന്നതും സംഭാഷണത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും.ഇവയ്ക്കിടയിലുള്ള സന്തുലിതാവസ്ഥയാണ് പിങ്ക് നോയിസ്. ഒരാൾ പറയുന്ന വിഷയം മറ്റൊരാൾ ഏറ്റെടുക്കുകയും അതിൽ കുറച്ചുനേരം മുന്നോട്ടുപോകുകയും ചെയ്യുന്നു. പിന്നീട് ഒരാൾ പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുമ്പോൾ സംഭാഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുന്നു. ആ പുതിയ ആശയത്തോടും മറ്റേയാൾ പ്രതികരിക്കുമ്പോൾ ഇരുവരും വീണ്ടും ഒരേ ചിന്തയിൽ എത്തുന്നു. ഇത്തരത്തിലുള്ള സ്വാഭാവികമായ മാറ്റങ്ങളും തിരിച്ചുചേരലുകളുമാണ് നല്ല സംഭാഷണങ്ങളുടെ പ്രത്യേകതയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സംഭാഷണത്തിലെ മൂന്ന് വ്യത്യസ്ത രീതികൾ
സംഭാഷണത്തിലെ മാറ്റങ്ങളെ മനസ്സിലാക്കാൻ ശബ്ദതരംഗങ്ങളുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര ആശയമാണ് ഗവേഷകർ ഉപയോഗിച്ചത്. ശബ്ദത്തിലെ മാറ്റങ്ങൾ എത്ര വേഗത്തിലാണ് സംഭവിക്കുന്നത്, ദീർഘകാലത്ത് അവ എങ്ങനെ മാറുന്നു എന്നിവയെ അടിസ്ഥാനമാക്കി മൂന്ന് രീതികൾ അവർ വിശദീകരിക്കുന്നു.
- വൈറ്റ് നോയിസ് : ഓരോ നിമിഷത്തിലും പ്രവചനാതീതമായ മാറ്റങ്ങൾ സംഭവിക്കുന്ന രീതി. സംഭാഷണത്തിൽ ഒരാൾ പറയുന്ന കാര്യവുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയം അടുത്ത നിമിഷം തന്നെ കടന്നുവരുന്നതുപോലെയാണിത്.
- റെഡ് നോയിസ്: ദീർഘകാല മാറ്റങ്ങൾക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. ഒരേ കാര്യം ആവർത്തിച്ചുകൊണ്ടിരിക്കുകയോ ഒരിക്കൽ അകന്നുപോയ ആശയങ്ങൾ പിന്നീട് വീണ്ടും ബന്ധപ്പെടാതിരിക്കുകയോ ചെയ്യാം.
- പിങ്ക് നോയിസ് : ഈ രണ്ടിനുമിടയിലുള്ള സന്തുലിതാവസ്ഥ. ഒരു വിഷയത്തിൽ കുറച്ചുനേരം ഒരുമിച്ച് മുന്നോട്ടുപോകുകയും ഇടയ്ക്ക് പുതിയ ആശയങ്ങളിലേക്ക് മാറുകയും പിന്നീട് വീണ്ടും ബന്ധപ്പെടുകയും ചെയ്യുന്ന രീതി.
1,656 സംഭാഷണങ്ങൾ പരിശോധിച്ചു
സംഭാഷണങ്ങളിലെ ഈ രീതി അളക്കാൻ ഗവേഷകർ കമ്പ്യൂട്ടർ ഭാഷാ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഓരോരുത്തരുടെയും സംസാരഭാഗങ്ങൾ വേർതിരിച്ച്, അവയിലെ വാചകങ്ങളുടെ അർഥം 768 സംഖ്യാ ഘടകങ്ങളുള്ള ഒരു ഗണിതരൂപത്തിലേക്ക് മാറ്റി. തുടർന്ന് തുടർച്ചയായി സംസാരിച്ച രണ്ടുപേരുടെ ആശയങ്ങൾ തമ്മിലുള്ള സാമ്യവും അകലവും കണക്കാക്കി.അപരിചിതരായ ആളുകൾ തമ്മിൽ ഓൺലൈനിൽ നടത്തിയ 1,656 സംഭാഷണങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചത്. ഒരു സാമൂഹിക പരിപാടിയിൽ ആദ്യമായി കണ്ടുമുട്ടുന്നവരെപ്പോലെ കുറഞ്ഞത് 25 മിനിറ്റെങ്കിലും സംസാരിക്കാനായിരുന്നു ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഓരോ സംഭാഷണത്തിലും ശരാശരി 320 സംസാരഘട്ടങ്ങളുണ്ടായിരുന്നു.ഈ സംഭാഷണങ്ങളിൽ 94 ശതമാനവും വൈറ്റ് നോയിസിന്റെ അളവായ 0.5-നു മുകളിലായിരുന്നു. ശരാശരി സ്‌കോർ 0.62 ആയിരുന്നു. അതായത്, എല്ലാ സംഭാഷണങ്ങളും പൂർണമായ പിങ്ക് നോയിസ് മാതൃകയിലായിരുന്നില്ലെങ്കിലും, യാദൃച്ഛികമായി സംഭവിക്കുന്ന മാറ്റങ്ങളെക്കാൾ ക്രമബദ്ധമായ ഒരു താളം അവയിൽ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.സംഭാഷണത്തിലെ വാചകങ്ങളുടെ ക്രമം മാറ്റിയപ്പോൾ ഈ പ്രത്യേക താളം ദുർബലമായി. അതായത്, ഓരോരുത്തരും പറയുന്ന കാര്യങ്ങൾ മുൻപ് പറഞ്ഞ ആശയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് പ്രധാനമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
നല്ല സംഭാഷണം കൂടുതൽ അടുപ്പമുണ്ടാക്കും
സംഭാഷണത്തിൽ പങ്കെടുത്തവരോട് 205 ചോദ്യങ്ങളുള്ള സർവേയും ഗവേഷകർ നടത്തി. സംസാരിച്ചത് എത്രത്തോളം ആസ്വദിച്ചു, മറ്റേയാളുമായി എത്രത്തോളം അടുപ്പം തോന്നി, സംഭാഷണം തുടരാൻ ആഗ്രഹമുണ്ടായിരുന്നോ, വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
ഇതിൽ പിങ്ക് നോയിസുമായി ബന്ധപ്പെട്ട ഏഴ് പ്രധാന കാര്യങ്ങൾ കണ്ടെത്തി:
- സംഭാഷണം കൂടുതൽ ആസ്വാദ്യകരമായി തോന്നി.
- സംസാരം തുടരാൻ കൂടുതൽ താൽപര്യമുണ്ടായി.
- വ്യക്തിപരമായ കാര്യങ്ങൾ
- പങ്കുവെക്കാനുള്ള മനസ്സ് വർധിച്ചു.
- മറ്റേയാൾ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുന്നതായി തോന്നി.
- സംഭാഷണം നേരത്തേ അവസാനിപ്പിക്കുന്നതിനുപകരം തുടരാൻ ആഗ്രഹിച്ചു.
- മറ്റേയാൾക്കും സംസാരം തുടരാൻ താൽപര്യമുണ്ടെന്ന് കരുതി.
- 25 മിനിറ്റിൽ കൂടുതൽ സംസാരിക്കാൻ സാധ്യതയുണ്ടായി.
എന്നാൽ ഓർമശക്തി, സംഭാഷണത്തിലെ പങ്കാളിത്തം, വ്യക്തിത്വ സവിശേഷതകൾ തുടങ്ങിയവയുമായി പിങ്ക് നോയിസിന് വ്യക്തമായ ബന്ധം കണ്ടെത്താനായില്ല. സംഭാഷണത്തിന്റെ ദൈർഘ്യവും വാക്കുകളുടെ എണ്ണവും കണക്കിലെടുത്തപ്പോഴും ആസ്വാദ്യതയും അടുപ്പവും സംബന്ധിച്ച ബന്ധം നിലനിന്നു.
സുഹൃത്തുക്കൾക്കിടയിലും ഇതേ രീതി
അപരിചിതർ തമ്മിലുള്ള സംഭാഷണങ്ങളിൽമാത്രം ഈ കണ്ടെത്തൽ ഒതുങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ 97 സൗഹൃദസംഭാഷണങ്ങളും വിശകലനം ചെയ്തു. കറുത്ത വർഗക്കാരായ സുഹൃത്തുക്കളും അല്ലാത്തവരുമായ കോളജ് വിദ്യാർഥികൾ തമ്മിലായിരുന്നു ഈ സംഭാഷണങ്ങൾ. ശരാശരി 18 മിനിറ്റ് നീണ്ടുനിന്ന സംസാരം, കറുത്ത വർഗക്കാരനായ സുഹൃത്തിന്റെ ജീവിതത്തിലെ നിർണായകമായ ഒരു അനുഭവത്തെക്കുറിച്ചായിരുന്നു.
ഇവിടെയും പിങ്ക് നോയിസും സംഭാഷണത്തിന്റെ ആസ്വാദ്യതയും തമ്മിൽ ചെറിയ തോതിലുള്ള അനുകൂലബന്ധം കണ്ടെത്തി. എന്നാൽ പരസ്പര അടുപ്പം, വ്യക്തിത്വ സവിശേഷതകൾ എന്നിവയുമായി കാര്യമായ ബന്ധം കണ്ടെത്താനായില്ല.
വീണ്ടും കാണാൻ തീരുമാനിച്ചവരുടെ സംഭാഷണത്തിലും പിങ്ക് നോയിസ്
യഥാർഥ ജീവിതത്തിലെ ഒരു തീരുമാനവുമായി ഈ കണ്ടെത്തലിന് ബന്ധമുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു. ഇതിനായി അപരിചിതർ തമ്മിലുള്ള 31 ഫോൺ സംഭാഷണങ്ങൾ വിശകലനം ചെയ്തു. ഓരോ സംഭാഷണവും പത്ത് മിനിറ്റ് നീണ്ടുനിന്നു.ഇതിൽ പരസ്പരം വീണ്ടും കാണാൻ 'അതെ' അല്ലെങ്കിൽ 'ഒരുപക്ഷേ' എന്ന് മറുപടി നൽകിയ 19 ജോഡികളുടെ സംഭാഷണങ്ങളിൽ പിങ്ക് നോയിസ് കൂടുതലായിരുന്നു. വീണ്ടും കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ 12 ജോഡികളുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വ്യത്യാസം കണ്ടെത്തിയത്.സംഭാഷണത്തിന്റെ ദൈർഘ്യവും സംസാരഘട്ടങ്ങളുടെ എണ്ണവും കണക്കിലെടുത്തിട്ടും ഈ ബന്ധം നിലനിന്നു. സ്വാഭാവികമായ സാഹചര്യങ്ങളിൽ ഒരാളോടുള്ള താത്പര്യം തിരിച്ചറിയുന്നതിലും സംഭാഷണത്തിന്റെ ഈ താളത്തിന് പങ്കുണ്ടാകാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.
ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സംഭാഷണത്തിന്റെ താളവും മെച്ചപ്പെടുമോ?
നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ പരിശീലനത്തിലൂടെ പിങ്ക് നോയിസ് ശക്തമാകുന്നതായി മുൻപത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 25 അമേച്വർ പോഡ്കാസ്റ്റുകളിലെ ആദ്യ 50 എപ്പിസോഡുകളിലായി 1,032 സംഭാഷണങ്ങളും ഗവേഷകർ പരിശോധിച്ചു.രണ്ട് അവതാരകർ സ്വാഭാവികമായി സംസാരിക്കുന്ന പോഡ്കാസ്റ്റുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. വിവാഹിതരായ ദമ്പതികൾ, തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ, അതിഥികൾ പങ്കെടുക്കുന്ന എപ്പിസോഡുകൾ എന്നിവ ഒഴിവാക്കി.ആദ്യത്തെ 50 എപ്പിസോഡുകളിലൂടെ മുന്നോട്ടുപോകുമ്പോൾ അവതാരകരുടെ സംഭാഷണങ്ങളിൽ പിങ്ക് നോയിസ് വർധിക്കുന്നതായി കണ്ടെത്തി. ഒരുമിച്ച് കൂടുതൽ സമയം പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ പരസ്പരമുള്ള സംഭാഷണ ഏകോപനം മെച്ചപ്പെടുന്നുണ്ടാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കൃത്രിമബുദ്ധി സൃഷ്ടിച്ച സംഭാഷണങ്ങളിലും പിങ്ക് നോയിസ്
ഗവേഷകർ കൃത്രിമബുദ്ധിയുടെ സഹായത്തോടെയും ഒരു പരീക്ഷണം നടത്തി.അപരിചിതർ തമ്മിലുള്ള 100 സംസാരഘട്ടങ്ങളുള്ള 50 സന്തോഷകരമായ സംഭാഷണങ്ങളും 50 അസ്വസ്ഥതയുണ്ടാക്കുന്ന സംഭാഷണങ്ങളും തയ്യാറാക്കാൻ ആവശ്യപ്പെട്ടു. സംഭാഷണത്തിൽ ഒരേ താളം പാലിക്കണമെന്നോ പിങ്ക് നോയിസ് പിന്തുടരണമെന്നോ നിർദേശം നൽകിയിരുന്നില്ല.മനുഷ്യർ ഈ സംഭാഷണങ്ങൾ വിലയിരുത്തിയപ്പോൾ സന്തോഷകരമായ സംഭാഷണങ്ങൾക്ക് ശരാശരി അഞ്ചിൽ 4.8 മാർക്കും അസ്വസ്ഥതയുണ്ടാക്കുന്നവയ്ക്ക് 2.4 മാർക്കും ലഭിച്ചു. സന്തോഷകരമായ സംഭാഷണങ്ങളിൽ പിങ്ക് നോയിസ് കൂടുതലായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.മനുഷ്യരുടെ എഴുത്തുകളിലും സംഭാഷണങ്ങളിലും കാണുന്ന ഈ സ്വാഭാവിക താളം കൃത്രിമബുദ്ധി പരോക്ഷമായി പഠിച്ചെടുത്തിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
നല്ല സംഭാഷണത്തിന് എന്തുചെയ്യണം?
ദൈനംദിന സംഭാഷണങ്ങളിൽ ഈ കണ്ടെത്തൽ പ്രയോജനപ്പെടുത്താൻ ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാർട്ട്മൗത്ത് കോളജിലെ കാറ്റി ഒനീൽ ഒരു നിർദേശവും മുന്നോട്ടുവയ്ക്കുന്നു.സംസാരം തിരക്കിട്ട് മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. ഒരാൾ പറയുന്ന കാര്യം ശ്രദ്ധയോടെ കേൾക്കുകയും അതിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയും ഒരു വിഷയം പൂർണമായി മനസ്സിലാക്കിയശേഷം അടുത്തതിലേക്ക് കടക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ അപ്രതീക്ഷിതമായ സന്തോഷവും പരസ്പര അടുപ്പവും സംഭാഷണത്തിൽ ഉണ്ടാകാമെന്നാണ് അവരുടെ അഭിപ്രായം.എന്നാൽ ഈ പഠനത്തിന് ചില പരിമിതികളുമുണ്ട്. പരിശോധിച്ച സംഭാഷണങ്ങളെല്ലാം സ്വാഭാവികമായി നടന്നവയാണ്. അതിനാൽ പിങ്ക് നോയിസ് ഉള്ളതുകൊണ്ടാണ് സംഭാഷണം ആസ്വാദ്യകരമാകുന്നതെന്ന് ഉറപ്പിച്ച് പറയാനാവില്ല. പരസ്പരം നന്നായി ഇണങ്ങുന്നവർ സ്വാഭാവികമായി ഇത്തരം സംഭാഷണരീതിയിലേക്ക് എത്തുന്നതാകാനും സാധ്യതയുണ്ട്.
Content Highlights: Pink noise represents a natural balance between staying on topic and shifting to new ideas in a conversation., Conversations with higher pink noise are rated as more enjoyable and lead to a stronger desire to reconnect., Podcast co-hosts show an increase in pink noise alignment over time as they work together., Mindful listening and natural pacing can improve everyday social interactions.
Published: 14 Nov 2026, 04:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented