ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും പ്രണയവും വിവാഹവും മകൾ റാഹയുടെ വരവും ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നീലകണ്ണുള്ള ആ മാലാഖ കുരുന്നിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർ എപ്പോഴും ഇരികൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ കുഞ്ഞു റാഹയുടെ ക്രിസ്മസ് ലുക്കാണ് സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 

To advertise here,

കപൂർ കുടുംബത്തിന്റെ ക്രിസ്മസ് ആ​ഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ താരകുടുംബത്തിൽ ആരാധകർ ശ്രദ്ധിച്ചത് റാഹയെ തന്നെയായിരുന്നു. എല്ലാവരെയും കൈകൾ വീശി അഭിവാദ്യം ചെയ്യുകയും ഫ്ലയിങ് കിസ് നൽകുകയും ചെയ്യുന്ന റാഹയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. ഇറ്റാലിയൻ ബ്രാൻഡായ മൊണാലിസയിൽ നിന്നുള്ള പുഷ്പ-ആപ്ലിക് ട്യൂലെ വസ്ത്രമായിരുന്നു റാഹ ധരിച്ചിരുന്നത്.  ക്രീമും പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ റാഹ രാജകുമാരിയെ പോലെ തോന്നിപ്പിച്ചുവെന്ന് ആരാധകർ പറയുന്നു.

Farfetch.com-ൽ  29,243 രൂപയാണ് റാഹയുടെ വസ്ത്രത്തിന്റെ വില. ആലിയ ധരിച്ച വസ്ത്രത്തിൻ്റെ നാലിരട്ടിയിലധികം വിലയുള്ളതായിരുന്നു റാഹയുടെ വസ്ത്രമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വി നെക്ക്‌ലൈനിൽ  നേർത്ത സ്‌ട്രാപ്പുകളുള്ള സ്ലിംഫിറ്റായിട്ടുള്ള ചുവന്ന വസ്ത്രമാണ് താരം ധരിച്ചിരുന്നത്. നീലയിൽ വെള്ള സ്ട്രിപ്പ്ഡ് ഷർട്ടും വെള്ള പാന്റുമായിരുന്നു രൺബീറിന്റെ വേഷം.

ഇടയ്ക്ക് രൺബീർ റാഹയെ താഴെ നിർത്താൻ ശ്രമിച്ചെങ്കിലും കൈയിൽ നിന്നും താഴെയിറങ്ങാൻ റാഹ തയാറാകാത്തതും രൺബീറിന്റെ നെഞ്ചോട് കൂടുതൽ ചേർന്നിരിക്കുന്നതും വീഡിയോയിൽ കാണാം.