ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ നേരിട്ട വെല്ലുവിളികളേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി രാധിക ആപ്തെ. ഇപ്പോഴിതാ ഗർഭകാലത്ത് സിനിമാ മേഖലയിൽ താൻ നേരിട്ട വിവേചനത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം. നടി നേഹ ധൂപിയയുടെ 'ഫ്രീഡം ടു ഫീഡ് ലൈവ് സെഷൻ' എന്ന ക്യാംപയിനിലൂടെയാണ് രാധികയുടെ തുറന്നുപറച്ചിൽ.
താൻ ഗർഭിണിയാണെന്ന് പങ്കുവെച്ചപ്പോൾ സിനിമാരംഗത്തെ എല്ലാവരും സന്തോഷത്തോടെയല്ല സമീപിച്ചതെന്ന് പറയുകയാണ് രാധിക. അന്ന് ഒരു നിർമാതാവിനൊപ്പം പ്രവർത്തിച്ചിരുന്നു, അദ്ദേഹം ഈ വാർത്തയിൽ അസന്തുഷ്ടനായിരുന്നുവെന്ന് രാധിക പറയുന്നു. തണുത്ത പ്രതികരണമാണ് അയാളിൽ നിന്നു ലഭിച്ചത്. വയറുവീർക്കുന്ന അവസ്ഥയും അസ്വസ്ഥതയും ഉണ്ടായിരുന്നിട്ടും ഇറുകിയ വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിച്ചുവെന്നും രാധിക പറയുന്നു.
ഗർഭത്തിന്റെ ആദ്യമാസങ്ങളിലായിരുന്നു താനന്ന്. ഇടയ്ക്കിടെ വിശക്കുമായിരുന്നു. ചോറും പാസ്തയുമൊക്കെയായി ധാരാളം ഭക്ഷണവും കഴിക്കുമായിരുന്നു. ശാരീരികമായ മാറ്റങ്ങളും പ്രകടമായിരുന്നു. പക്ഷേ തന്റെ അവസ്ഥ മനസ്സിലാക്കുന്നതിന് പകരം സുഖകരമല്ലാത്ത പെരുമാറ്റമാണ് താൻ നേരിട്ടതെന്ന് രാധിക പറയുന്നു. സെറ്റിൽവച്ച് വേദന വരുമ്പോഴും അസ്വസ്ഥത അനുഭവപ്പെടുമ്പോഴുമൊന്നും ഡോക്ടറെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും രാധിക പരാതിപ്പെട്ടു.
അതേസമയംതന്നെ താൻ ഒരു വിദേശചിത്രത്തിൽ പ്രവർത്തിക്കവേ വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്നും രാധിക പറയുന്നു.
ആ ഹോളിവുഡ് നിർമാതാവ് വളരെയധികം പിന്തുണച്ചിരുന്നു. ഞാൻ വളരെയധികം ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഷൂട്ടിന്റെ അവസാനമാകുമ്പോഴേക്കും തീർത്തും വ്യത്യസ്തമായ രൂപത്തിലേക്കെത്തുമെന്നും അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ ചിരിയോടെ താങ്കൾ ഈ പ്രൊജക്ടിന്റെ അവസാനം മറ്റൊരു വ്യക്തിയായാലും കുഴപ്പമില്ലെന്നും കാരണം നിങ്ങൾ ഗർഭിണിയാണ് എന്നും അദ്ദേഹം മറുപടി നൽകി. ആ ഉറപ്പും ഊഷ്മളമായ പെരുമാറ്റവും ഹൃദയത്തിൽ സ്പർശിച്ചുവെന്നും താരം പറയുന്നു.
പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ മനസ്സിലാവുന്നയാളും അതിനെ ബഹുമാനിക്കുന്നയാളുമാണ് ഞാൻ. പക്ഷേ ഒരൽപം സഹാനുഭൂതിക്ക് പോലും ഏറെ കാക്കണം. ഗർഭിണിയാണെന്ന വിവരം പങ്കുവെക്കുമ്പോൾ പ്രത്യേക പരിഗണനയൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല, വെറും ദയയവും മനുഷ്യത്വവുമാണ് പ്രതീക്ഷിച്ചത്- രാധിക പറയുന്നു.
നേരത്തേയും ഗർഭകാലത്തേക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് പരിചയമുള്ള കൂടുതൽ സ്ത്രീകൾക്കും ബുദ്ധിമുട്ടേറിയ ഗർഭകാലമായിരുന്നു ഉണ്ടായിരുന്നതെന്നാണ് രാധിക പറഞ്ഞത്. ശരിക്കും ഇത് ആർത്തവവിരാമം അല്ലെങ്കിൽ ആർത്തവം പോലെയാണ്- ഈ ഹോർമോണുകൾ ഒരു തമാശയല്ല. ആർത്തവവും ആർത്തവവിരാമവും സംബന്ധിച്ച പ്രയാസങ്ങളേക്കുറിച്ച് നാം തുറന്നുസംസാരിക്കാറുണ്ടെങ്കിലും ഗർഭകാലത്തെ എപ്പോഴും പൊലിമയോടെയാണ് അവതരിപ്പിക്കാറുള്ളത്. ജന്മം നൽകുക എന്നത് വിസ്മയകരമായ കാര്യമാണ്. എന്നാൽ, അതിന്റെ ബുദ്ധിമുട്ടേറിയ വശങ്ങളേക്കുറിച്ച് ആരും സംസാരിക്കാറില്ല. ഈ സമീപനം അസംബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്, രാധിക കൂട്ടിച്ചേർത്തു.
2024 ഡിസംബറിലാണ് രാധികയും ഭർത്താവ് ബെനഡിക്ട് ടെയ്ലറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്.
Content Highlights: Radhika Apte shares her experience of facing discrimination in Bollywood during pregnancy
Published: 07 Aug 2025, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented