ഒരുകയ്യില്‍ ഷാംപെയ്‌യ്ന്‍ ഗ്ലാസും മറുകയ്യില്‍ ബ്രസ്റ്റ് പമ്പുമായി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടി രാധിക ആപ്‌തെ നേരിടുന്നത്. രാധിക പങ്കുവെക്കുന്നത് തെറ്റായ സന്ദേശമാണെന്നും മുലയൂട്ടുന്ന അമ്മമാര്‍ മദ്യപിക്കുന്നത് കുഞ്ഞിന് ദോഷംചെയ്യുമെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ബാഫ്റ്റ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കുന്ന വേളയില്‍നിന്നുള്ള ചിത്രമായിരുന്നു രാധിക പങ്കുവെച്ചിരുന്നത്.

To advertise here,

അതേസമയം, ശ്രദ്ധാപൂര്‍വമാണെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ മിതമായ രീതിയില്‍ മദ്യപിക്കുന്നതില്‍ അപകടമില്ലെന്ന് ന്യൂഡല്‍ഹിയിലെ എലന്റിസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. മന്നന്‍ ഗുപ്തയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസം ഒരു ഡ്രിങ്കില്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. മദ്യം കഴിച്ച് ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം കുഞ്ഞിന് പാലൂട്ടുന്നതിലൂടെ മദ്യത്തിന്റെ അംശം കുഞ്ഞിനുള്ളിലേക്ക് എത്തുന്നത് പരിമിതപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായും അദ്ദേഹം പറയുന്നു. 

ഇടയ്ക്കിടക്കും അമിതമായും മദ്യപിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. വിരളമായും നിയന്ത്രിതമായും മദ്യപിക്കുന്നത് കുട്ടിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നും ഡോ. മന്നന്‍ ഗുപ്ത പറയുന്നു. മുലയൂട്ടുന്ന സമയത്ത് മദ്യപിക്കുന്നത് അമ്മമാരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മദ്യപാനം നിര്‍ജലീകരണത്തിന് കാരണമാകും. മാത്രമല്ല, മുലപ്പാലിന്റെ ഉത്പാദനവും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2024 ഡിസംബര്‍ മാസത്തിലാണ് താനും പങ്കാളി ബെനഡിക്ട് ടെയ്‌ലറും മാതാപിതാക്കളായെന്ന വിവരം രാധിക പങ്കുവെച്ചത്.