മുലയൂട്ടൽ സംബന്ധിച്ച് നിരവധി ആശങ്കകളുള്ള അമ്മമാരുണ്ട്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ പോലും അമ്മയെ സമ്മർദത്തിലാക്കാനും മുലപ്പാൽ കുറയാനുമിടയുണ്ട്. ഇത്തരത്തിൽ മുലയൂട്ടുന്ന സമയത്ത് വ്യായാമം ചെയ്യുന്നതിനേക്കുറിച്ചും സിസേറിയനായാൽ മുലപ്പാൽ കുറയുമോ എന്നുമൊക്കെ സംശയിക്കുന്നവരുണ്ട്. അത്തരത്തിലുള്ള ചില ആശങ്കകളും അതിനുള്ള ഉത്തരങ്ങളും പരിസോധിക്കാം.

To advertise here,

ആവശ്യത്തിന് മുലപ്പാൽ ഉണ്ടാവില്ലേ?

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള അമ്മമാർക്ക് മാത്രമേ കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള അത്രയും അളവിൽ പാൽ ഉണ്ടാവാതിരിക്കൂ. ഗർഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് മരുന്ന് കഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് മുലപ്പാൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.

കുഞ്ഞിന്റെ ആദ്യകരച്ചിൽ കേട്ടാലുടനെ അമ്മ മുല ചുരത്തണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. ചില സമയങ്ങളിൽ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ അമ്മയെ മാനസിക സമ്മർദത്തിലാക്കാനും ഫലം വിപരീതമാകാനും സാധ്യതയുണ്ട്.

മുലയൂട്ടുമ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടേ?

മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ആഹാരങ്ങൾ ഏതൊക്കെയെന്ന് പ്രത്യേകം പറയുന്നില്ല. നെയ്യും മധുരവുമൊക്കെ ചേർന്ന ആഹാരം കൂടുതൽ കഴിക്കരുത് എന്ന് മാത്രം. മുലപ്പാലിന്റെ 88 ശതമാനവും വെള്ളമാണ്. അതുകൊണ്ട് വയർ ചാടാതിരിക്കാൻ വെള്ളം ഒഴിവാക്കണമെന്ന നിർദേശവും പൂർണമായും ശരിയല്ല.

അമ്മ വ്യായാമം ചെയ്താൽ മുലപ്പാൽ കുറയുമെന്നത് സത്യമല്ലേ?

ഇത് തികച്ചും വാസ്തവവിരുദ്ധമാണെന്ന് ഡോക്ടർമാർ പറയുന്നു. വ്യായാമം ചെയ്യുന്നത് അമ്മയുടെ മാനസികാരോഗ്യത്തിനും നല്ലതാണ്. വ്യായാമം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കുഞ്ഞിന് പാൽ നല്കണം. വ്യായാമശേഷവും അരമണിക്കൂർ കഴിഞ്ഞേ കുഞ്ഞിന് പാൽ നല്കാവൂ എന്ന് മാത്രം.

വിശക്കുമ്പോഴല്ലേ കുഞ്ഞ് കരയുന്നത്?

വിശക്കുമ്പോൾ മാത്രമല്ല കുഞ്ഞ് കരയുന്നത്. എന്ത് പ്രശ്നത്തിനും കുഞ്ഞുങ്ങൾക്ക് ഒരു ഭാഷയിലേ പ്രതികരിക്കാൻ കഴിയൂ. അതുകൊണ്ട് അവർ കരയുമ്പോഴൊക്കെ പാല് കൊടുക്കാൻ അമ്മമാരെ നിർബന്ധിക്കരുത്.

സിസേറിയനായതുകൊണ്ടല്ലേ മുലപ്പാലുണ്ടാവാത്തത്?

ഇത് തികച്ചും തെറ്റിദ്ധാരണയാണ്. സ്വാഭാവികമായ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും മുലപ്പാലിന്റെ അളവിന് വ്യത്യാസം വരണമെന്നില്ല.

ഗർഭകാലത്ത് അമ്മ നേരിടുന്ന മാനസികസംഘർഷങ്ങളാണ് ഒരു പരിധി വരെ ആവശ്യത്തിന് മുലപ്പാൽ ഉണ്ടാവാതിരിക്കാൻ പ്രധാന കാരണം. മുലയൂട്ടൽ സംബന്ധിച്ച പ്രാഥമിക നടപടികൾ ഇക്കാലയളവിൽ തുടങ്ങുകയും വേണം. കുഞ്ഞിന് പാൽ കൊടുക്കാൻ പിടിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള പരിശീലനം, മുലഞെട്ടുകൾ ഉൾവലിഞ്ഞതാണോ എന്ന പരിശോധന തുടങ്ങിയവയൊക്കെ ഗർഭകാലത്ത് തന്നെ നടത്തേണ്ടതാണ്.

പ്രസവശേഷമുള്ള ആദ്യദിവസങ്ങളിൽ കുഞ്ഞിന് അമ്മയുമായി ഇടപഴകാനുള്ള അവസരവും കൂടുതലായി നല്കണം. ബന്ധുജനങ്ങളുടെ അനാവശ്യ ഇടപെടൽ അമ്മയുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ മുമ്പിൽ വച്ച് മുലയൂട്ടലിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ഗുണകരമല്ല.

മുലപ്പാൽ വലിച്ചുകുടിക്കാൻ മടിയന്മാരായ കുഞ്ഞുങ്ങളെ കരച്ചിലടക്കാൻ കുപ്പിപ്പാൽ കൊടുത്ത് ശീലിപ്പിക്കുന്നത് നല്ലതല്ല. ഇങ്ങനെ ചെയ്താൽ കുഞ്ഞിന് നിപ്പിൾ കൺഫ്യൂഷൻ ഉണ്ടാവും. മുലപ്പാൽ കുടിക്കുന്നതും കുപ്പിപ്പാൽ കുടിക്കുന്നതും രണ്ട് രീതിയിലായതിനാൽ കുഞ്ഞിന് ആശയക്കുഴപ്പം വരും. എളുപ്പമുള്ള മാർഗമെന്ന നിലയിൽ കുഞ്ഞ് കുപ്പിപ്പാലിന് വാശിപിടിക്കുകയും ചെയ്യും. മുലപ്പാൽ വലിച്ചുകുടിക്കുന്നതിൽ കുഞ്ഞിനുള്ള ഈ മടി മുലപ്പാലിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.