അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാക്കുന്ന മനോഹരമായ അനുഭവമാണ് മുലയൂട്ടൽ. എന്നാൽ ആദ്യമായി അമ്മയാകുന്നവർക്ക് പൊതുവെ ഈ കാലഘട്ടം ചില ശാരീരിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. മുലക്കണ്ണിലെ വേദന, സ്തനങ്ങൾ വീങ്ങി വീർക്കൽ (Engorgement), സ്തനങ്ങളിലെ അണുബാധ (Mastitis) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. മാതൃത്വത്തിന്റെ സന്തോഷങ്ങൾക്കിടയിൽ ഇത്തരം ശാരീരിക അസ്വസ്ഥതകൾ പലരെയും മാനസികമായും തളർത്താറുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ല കൃത്യമായ അറിവും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ അസ്വസ്ഥതകൾ എളുപ്പത്തിൽ പരിഹരിക്കാനും മുലയൂട്ടൽ സുഗമമാക്കാനും സാധിക്കും.

To advertise here,

മുലയൂട്ടലിലെ കഠിനമായ വേദന

മുലയൂട്ടലിന്റെ ആദ്യ ആഴ്ചകളിൽ ഭൂരിഭാഗം അമ്മമാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുലക്കണ്ണിലുണ്ടാകുന്ന കഠിനമായ വേദനയും പൊട്ടലും. കുഞ്ഞ് സ്തനങ്ങളിൽ ശരിയായ രീതിയിൽ വായ ഉറപ്പിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. ഇതുകൂടാതെ ശരിയല്ലാത്ത സ്ഥാനങ്ങളിൽ കുട്ടിയെ കിടത്തി പാൽ നൽകുന്നതും സ്തനങ്ങളിലെ ചർമ്മത്തിനുണ്ടാകുന്ന അമിതമായ വരൾച്ചയും ഈ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു.

എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെ ഈ അസ്വസ്ഥത പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി കുഞ്ഞിന് പാൽ നൽകുമ്പോൾ മുലക്കണ്ണ് മാത്രം നൽകുന്നതിന് പകരം, ചുറ്റുമുള്ള കറുത്ത ഭാഗം (Areola) പരമാവധി കുഞ്ഞിന്റെ വായിലാകുന്ന രീതിയിൽ ചേർത്തുപിടിക്കാൻ ശ്രദ്ധിക്കുക. ഓരോ മുലയൂട്ടലിനു ശേഷവും ഏതാനും തുള്ളി മുലപ്പാലെടുത്ത് മുലക്കണ്ണിൽ പുരട്ടുന്നത് മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. കാരണം അതിലെ സ്വാഭാവിക ആന്റിബാക്ടീരിയൽ ഘടകങ്ങളാണ്. കൂടാതെ സ്തനങ്ങൾ കഴുകാൻ വീര്യമുള്ള സോപ്പുകളോ കെമിക്കലുകളോ ഉപയോഗിക്കാതെ ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുന്നത് ചർമ്മം കൂടുതൽ വരണ്ടുപോകുന്നത് തടയും.

സ്തനങ്ങളിലെ അമിത വീക്കവും വേദനയും: എൻഗോർജ്‌മെന്റ് തടയാൻ ചില ലളിത വഴികൾ

സ്തനങ്ങളിൽ അമിതമായി പാൽ നിറഞ്ഞ് കഠിനമായ വേദനയും വീക്കവും ഭാരവും അനുഭവപ്പെടുന്ന അവസ്ഥയാണ് എൻഗോർജ്‌മെന്റ് (Breast Engorgement). ആദ്യ ദിനങ്ങളിൽ പാൽ ഉൽപ്പാദനം പെട്ടെന്ന് വർദ്ധിക്കുന്നതും, കുഞ്ഞ് ആവശ്യത്തിന് പാൽ കുടിക്കാതിരിക്കുന്നതും ഇതിന് കാരണമാകുന്നു. കൂടാതെ ഓരോ തവണയും മുലയൂട്ടുന്ന സമയം തമ്മിലുള്ള ഇടവേളകൾ നീണ്ടുപോകുന്നതും സ്തനങ്ങളിൽ പാൽ കെട്ടിക്കിടന്ന് കല്ലിക്കുന്നതിലേക്ക് നയിക്കുന്നു.

ചില ലളിതമായ പ്രായോഗിക മാർഗ്ഗങ്ങളിലൂടെ ഈ അവസ്ഥ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. കുഞ്ഞിന്റെ ആവശ്യാനുസരണം (ഏകദേശം 2-3 മണിക്കൂർ ഇടവിട്ട്) കൃത്യമായി മുലപ്പാൽ നൽകുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പാൽ നൽകുന്നതിന് തൊട്ടുമുമ്പ് നേരിയ ചൂടുവെള്ളത്തിൽ മുക്കിയ തുണി സ്തനങ്ങളിൽ വെക്കുന്നത് പാലിന്റെ ഒഴുക്ക് സുഗമമാക്കാൻ സഹായിക്കും; മുലയൂട്ടലിനു ശേഷം അനുഭവപ്പെടുന്ന വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത കംപ്രസ് (Cold compress) ഉപയോഗിക്കാവുന്നതാണ്. കുഞ്ഞ് പാൽ കുടിച്ചശേഷവും സ്തനങ്ങളിൽ ഭാരം അനുഭവപ്പെടുന്നുവെങ്കിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ചോ കൈകൊണ്ടോ അധികമുള്ള പാൽ പിഴിഞ്ഞുമാറ്റുന്നത് ഏറെ ഫലപ്രദമാണ്.

സ്തനങ്ങളിലെ അണുബാധ അഥവാ മാസ്റ്റിറ്റിസ്: ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും

സ്തനകലകളിൽ ഉണ്ടാകുന്ന അണുബാധയോ അമിതമായ വീക്കമോ ആണ് മാസ്റ്റിറ്റിസ് (Mastitis) എന്ന് അറിയപ്പെടുന്നത്. പാൽനാളികളിൽ തടസ്സം ഉണ്ടാകുകയും സ്തനങ്ങളിൽ ദീർഘനേരം പാൽ കെട്ടിക്കിടക്കുകയും ചെയ്യുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. സ്തനത്തിന്റെ ഒരു ഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ വേദന, വീക്കം, ചുവപ്പുനിറം, തടിപ്പ് എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഇതിനുപുറമെ ഉയർന്ന പനി, വിറയൽ, കടുത്ത ശരീരവേദന, അമിതമായ ക്ഷീണം, അസ്വസ്ഥത തുടങ്ങിയവയും മാസ്റ്റിറ്റിസ് ബാധിച്ച അമ്മമാരിൽ കണ്ടുവരുന്നു.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മുലയൂട്ടൽ ഒരിക്കലും നിർത്തിവെക്കാൻ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാസ്റ്റൈറ്റിസ് ബാധിച്ച സ്തനത്തിൽ നിന്നും കുഞ്ഞിന് പാൽ നൽകുന്നത് തികച്ചും സുരക്ഷിതമാണ്. മാത്രമല്ല ഇത് സ്തനങ്ങളിൽ പാൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിന് ആവശ്യമായ പൂർണ്ണ വിശ്രമം നൽകുകയും വേണം. എന്നാൽ കഠിനമായ വേദനയോടൊപ്പം ഉയർന്ന പനിയും ശരീരവേദനയും തുടരുകയാണെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ ആന്റിബയോട്ടിക് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

അമ്മമാർ അറിഞ്ഞിരിക്കേണ്ടത്

മുലയൂട്ടൽ എന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണെങ്കിലും ആദ്യ ദിനങ്ങളിൽ അതിനോട് ശരിയായി പൊരുത്തപ്പെടാൻ അമ്മയ്ക്കും കുഞ്ഞിനും അല്പം സമയം ആവശ്യമാണ്. അതിനാൽ തന്നെ കഠിനമായ വേദന സഹിച്ച് മുലയൂട്ടുന്നത് ഒരിക്കലും ശരിയായ രീതിയല്ല. അതിനാൽ കുഞ്ഞ് വായ ഉറപ്പിക്കുന്നതിലെ (Latching) പ്രശ്നങ്ങൾ കൊണ്ടാകാം ഇത്തരം വേദനകൾ ഉണ്ടാകുന്നത്. മുലയൂട്ടുന്ന സമയത്ത് പുറകിൽ തലയിണ വെച്ച് ചാരിയിരുന്ന് തികച്ചും സൗകര്യപ്രദമായ രീതിയിൽ ഇരിക്കാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ സ്തനങ്ങളിൽ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇറുകിയ വസ്ത്രങ്ങളും ബ്രാകളും ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് കൂടുതൽ നല്ലത്.

ശാരീരികമായ ബുദ്ധിമുട്ടുകൾ അവഗണിക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. പ്രാഥമികമായ പരിചരണങ്ങൾ കൊണ്ടോ മുൻകരുതലുകൾ കൊണ്ടോ മാറാത്ത തരത്തിലുള്ള അസ്വസ്ഥതകൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിലോ സ്തനങ്ങളിൽ കഠിനമായ വേദനയോടൊപ്പം പനി വരികയാണെങ്കിലോ വിദഗ്ദ്ധോപദേശം തേടാൻ ഒട്ടും മടിക്കരുത്. ഇത്തരം ഘട്ടങ്ങളിൽ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെയോ അല്ലെങ്കിൽ ഒരു ലാക്റ്റേഷൻ കൺസൾട്ടന്റിന്റെയോ സഹായം തേടുന്നത് മുലയൂട്ടൽ കൂടുതൽ സുരക്ഷിതവും വേദനാരഹിതവുമാക്കാൻ നിങ്ങളെ സഹായിക്കും

കണ്ണൂർ ആസ്റ്റർ മിംസിൽ പീഡിയാട്രിക്സ് & നിയോനേറ്റോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ.