പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രതിരോധ ശേഷിയ്ക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാൽ. അതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്.
ഊർജ്ജം
പ്രസവശേഷം അമ്മയ്ക്ക് ഊർജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടർന്നുള്ള 6-12 മാസം 400-450 കിലോ കലോറി അധിക ഊർജ്ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവൻ ഗോതമ്പ്, ഓട്‌സ്, റാഗി എന്നിവ ഊർജ്ജ ദായകമാണ്.
പ്രോട്ടീൻ
മുലപ്പാലിന്റെ ഉൽപാദനത്തിനും ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തിനും പ്രോട്ടീൻ ആവശ്യമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 6മാസം 19 ഗ്രാം പ്രോട്ടീനും പിന്നീടുള്ള 6-12 മാസം 13 ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്. പാൽ, പാലുൽപ്പന്നങ്ങൾ, മുട്ട, മീൻ, കോഴിയിറച്ചി, പയർ വർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവ പ്രോട്ടീനുവേണ്ടി തിരഞ്ഞെടുക്കാം.
കൊഴുപ്പ്
മുലയൂട്ടുന്ന അമ്മമാർക്ക് ദിവസേനയുള്ള ഭക്ഷണത്തിന്റെ 30% ഊർജ്ജം ലഭിക്കുന്നത് കൊഴുപ്പിൽ നിന്നാകണം. മുലയൂട്ടൽ കാലം ലിനോലെനിക് ആസിഡ്, ആൽഫ ലിനോലെനിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളുടെ ആവശ്യം വർദ്ധിക്കുന്നു. ഫ്‌ലാക്‌സ് സീഡ്, ചിയാ സീഡ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ഒലിവ് ഓയിൽ, കടുകെണ്ണ, സോയാബീൻ എണ്ണ എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്.
കാർബോഹൈഡ്രേറ്റ്
മുലപ്പാൽ ഉല്പാദിപ്പിക്കാനും അമ്മയുടെ ശരീരത്തിനാവശ്യമായ ഊർജ്ജം നൽകാനും കാർബോഹൈഡ്രേറ്റുകൾ നിർണ്ണായക പങ്ക് വഹിക്കുന്നു. നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണം. മുഴുവൻ ധാന്യങ്ങൾ, തൊലി നീക്കാത്ത പയർ വർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറി സാലഡുകൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വിറ്റാമിനുകൾ
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, വെള്ളത്തിൽ ലയിക്കുന്ന ബി വിറ്റാമിനുകളും അമ്മയ്ക്ക് അത്യാവശ്യമാണ്. മുലയൂട്ടൽ കാലം അധിക ഊർജ്ജം ആവശ്യമാകയാൽ ബി വിറ്റാമിനുകൾ അടങ്ങിയ ആഹാരം കഴിക്കണം. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ, നെല്ലിക്ക, പച്ചക്കറികൾ, മുളപ്പിച്ച പയർ എന്നിവ ഉൾപ്പെടുത്തണം. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മിനറലുകൾ (ലവണങ്ങൾ)
മുലയൂട്ടുന്ന അമ്മയ്ക്ക് കാൽസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, അയഡിൻ എന്നിവ വളരെ പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടെയും അസ്ഥിയുടെ ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. പാൽ, പാലുൽപ്പന്നങ്ങൾ, മുള്ളോടു കൂടിയ മത്സ്യം, എള്ള്, റാഗി, ഇലക്കറികൾ എന്നിവ കാൽസ്യത്തിന്റെ സ്രോതസ്സുകളാണ്. പ്രസവശേഷമുള്ള രക്തക്കുറവ് നികത്താൻ ഇരുമ്പ് ആവശ്യമാണ്. ഇലക്കറികൾ, ഈന്തപ്പഴം, കരൾ, റാഗി എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്.
വെള്ളം
ശരീരത്തിന്റെ താപനില ക്രമീകരിക്കാനും മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കാനും ധാരാളം വെള്ളം ആവശ്യമാണ്. മുലയൂട്ടുന്ന കാലത്തെ നിർജ്ജലീകരണം ഒഴിവാക്കാൻ കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ജ്യൂസുകൾ, ഷേക്കുകൾ എന്നിവ നല്ലതാണ്. കാപ്പി, ചായ എന്നിവ പരമാവധി ഒഴിവാക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
· ജങ്ക് ഫുഡുകൾ, കാർബണേറ്റഡ് ഡ്രിങ്കുകൾ, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കണം.
· ധാരാളം എരിവ്, മസാല, പുളിയുള്ള ഭക്ഷണങ്ങൾ
· കാപ്പി, ചായ എന്നിവ മിതമായ അളവിൽ മാത്രം
· മദ്യപാനം ഒഴിവാക്കുക
പോഷക സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, വിശ്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പാലിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷണിസ്റ്റ് ആണ് ലേഖിക.
Content Highlights: Best Postpartum Diet: Essential Nutrients for Breastfeeding Mom
Published: 24 Jul 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented