ഓഗസ്റ്റ് ആദ്യവാരം ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യത്തിന് ഒരുപോലെ ഗുണംചെയ്യുന്നതാണ് മുലയൂട്ടൽ. എല്ലാ പോഷകഘടകങ്ങളും സമന്വയിപ്പിച്ച മുലപ്പാൽ പ്രതിരോധശേഷി വർധിപ്പിക്കാനും ബുദ്ധിവികാസത്തിനും മികച്ചതാണ്. അമ്മമാരുടെ മാനസിക-ശാരീരികാരോഗ്യത്തിനും മുലയൂട്ടൽ ഗുണംചെയ്യും. ഇപ്പോഴിതാ മുലയൂട്ടൽ കാലത്ത് നേരിട്ട മാനസിക സംഘർഷങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് നടി ദിവ്യങ്ക ത്രിപാഠി.

To advertise here,

യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിവ്യങ്ക ഇതേക്കുറിച്ച് വിശദമാക്കിയത്. ഇക്കഴിഞ്ഞ മേയിലാണ് ദിവ്യങ്കയ്ക്കും ഭർത്താവും നടനുമായ വിവേക് ദാഹിയയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. എന്തുകൊണ്ടാണ് ആരും മുലയൂട്ടലിനേക്കുറിച്ച് തുറന്നുസംസാരിക്കാത്തതെന്ന് ദിവ്യങ്ക ചോദിച്ചു. ഇപ്പോഴും ഈ വിഷയത്തെ വിലക്കപ്പെട്ടതായാണ് പലരും കാണുന്നത്. എന്തുകൊണ്ടാണ് ആരും മുലയൂട്ടുന്ന അമ്മമാരേക്കുറിച്ചു സംസാരിക്കാത്തത്. കുഞ്ഞിനെ മുലയൂട്ടേണ്ടതിനേക്കുറിച്ച് അമ്മയോ, സഹോദരിയോ, സുഹൃത്തുക്കളോ പോലും തന്നോടും പറഞ്ഞിരുന്നില്ലെന്നും ദിവ്യങ്ക പറയുന്നു.

മുലയൂട്ടേണ്ട സമയമാവുമ്പോഴും കുഞ്ഞ് കരയുമ്പോഴുമൊക്കെ ശരീരം സ്വാഭാവികമായി അത് തിരിച്ചറിയുകയും മുലപ്പാൽ ഇറ്റുവീഴാൻ തുടങ്ങുകയും ചെയ്യും. ഒന്നോ, രണ്ടോ തവണ കുഞ്ഞിനെ മുലയൂട്ടാൻ വൈകിയാൽ അസഹ്യമായ വേദനയുമായിരിക്കും. ജോലിത്തിരക്കും മറ്റുമായി കുഞ്ഞിനെ മുലയൂട്ടാൻ വിട്ടുപോകുന്ന സമയത്ത് അതികഠിനമായ വേദനയാണ് അനുഭവിക്കാറുള്ളതെന്നും ദിവ്യങ്ക പറയുന്നു.

ആരും ആ വേദനയേക്കുറിച്ചോ, കുറ്റബോധത്തേക്കുറിച്ചോ സംസാരിക്കില്ല. മുലയൂട്ടൽ ഒരു പരീക്ഷയല്ല. സമയമെടുത്ത് അമ്മയും കുഞ്ഞും പഠിക്കുന്ന കാര്യമാണത്. അതേക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ വിദഗ്ധരോട് സംസാരിക്കാൻ തയ്യാറാവണം. അമ്മയാകുന്നതുവരെ ആർക്കും മുലയൂട്ടലിനേക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ല, രാത്രിമുഴുവൻ ഉറക്കമിളച്ചു കിടക്കുകയും കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടത്ര പാൽ കിട്ടുന്നുണ്ടോ എന്ന് ആശങ്കപ്പെടുമായിരുന്നു. ഒരുകൂട്ടം അമ്മമാരോടും വിദഗ്ധരോടും സംസാരിച്ചാണ് പല ആശങ്കകളും മാറിയത്- ദിവ്യങ്ക പറയുന്നു.

എങ്ങനെ മുലയൂട്ടണം?

പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല. ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്.

സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.

മാനസികാവസ്ഥ പ്രധാനം

അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക.

ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.