വർഷം 50 ലക്ഷം രൂപ ശമ്പളമുള്ള സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുക എന്നത് ആരെ സംബന്ധിച്ചും ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമാണ്. ഈ പരീക്ഷണത്തിന് മുതിർന്ന് വിജയിച്ച പലരുടേയും കഥകൾ ഇൻസ്റ്റഗ്രാം റീൽസുകളിലുൾപ്പടെ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ വലിയ തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ കടന്നുപോകേണ്ടിവരുന്ന അനിശ്ചിതത്വവും പേടിയും പലരും പങ്കുവെക്കാറില്ല. ഒരു കരിയർ പരീക്ഷണത്തിന് മുതിർന്ന് കണ്ടന്റ് ക്രിയേഷനിലേക്ക് കടന്ന സാനിയ ബത്ര എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റഗ്രാം റീൽ ഇവയെല്ലാം ഉൾപ്പെടുന്നതാണ്. 

To advertise here,

തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് സാനിയ തന്റെ ജീവിതത്തിലെടുത്ത മാറ്റത്തെക്കുറിച്ച് പങ്കുവെച്ചത്. ജോലി രാജിവെച്ച ദിവസം താൻ വലിയ ഭയത്തിലായിരുന്നുവെന്ന് സാനിയ പറയുന്നു. എന്തിനാണ് ഇത്രയും വലിയ ശമ്പളമുള്ള ജോലി കളയുന്നത്?, കണ്ടന്റ് ക്രിയേഷൻ ഒരു സ്ഥിരതയുള്ള കരിയർ ആണോ? എന്നിങ്ങനെ ചുറ്റുമുള്ളവർ ചോദിച്ച അതേ ചോദ്യങ്ങൾ തന്റെ മനസ്സിലും ഉണ്ടായിരുന്നുവെന്ന് അവർ പറയുന്നു.

പേരും പദവിയും കൃത്യമായ വരുമാനവുമുള്ള ജീവിതത്തിൽ നിന്ന്, യാതൊരു ഉറപ്പുമില്ലാത്ത ഒരു മേഖലയിലേക്കായിരുന്നു സാനിയയുടെ ചുവടുമാറ്റം. ഒരു ഫോണും വലിയൊരു സ്വപ്നവും ആത്മവിശ്വാസവും മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യമായ വരുമാനമോ കൃത്യമായ പ്ലാനോ ഇല്ലാതെ പൂജ്യത്തിൽ നിന്ന് തുടങ്ങുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

തുടക്കത്തിൽ പല മാസങ്ങളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതിരുന്നപ്പോൾ തന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് സാനിയ സംശയിച്ചിരുന്നു. നിരന്തരമായ പരിശ്രമത്തിലൂടെയും പുതിയ കാര്യങ്ങൾ പഠിച്ചും അവർ മികച്ച വീഡിയോകൾ നിർമ്മിച്ചു. ഇന്ന് താൻ കെട്ടിപ്പടുത്ത ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്ന് സാനിയ അഭിമാനത്തോടെ പറയുന്നു. ട്രാലൽ, ലൈഫ്സ്റ്റൽ കണ്ടന്റുകളാണ് സാനിയ ചെയ്യുന്നത്. 

‘ഇന്ന് ഞാൻ ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ വിജയിച്ചു എന്ന് എനിക്ക് അഭിമാനത്തോടെ പറയാം. എല്ലാം തികഞ്ഞതുകൊണ്ടല്ല ഇത് പറയുന്നത്, മറിച്ച് ഞാൻ കെട്ടിപ്പടുക്കുന്ന ഈ ജീവിതത്തിൽ ഓരോ ദിവസവും ഞാൻ ആവേശഭരിതയാണ് എന്നതാണ് കാരണം’- റീലിൽ അവർ പങ്കുവെക്കുന്നു. 

‘നിങ്ങൾ ഒരു വലിയ തീരുമാനത്തിന്റെ വക്കിലാണെങ്കിൽ, നിങ്ങളെത്തന്നെ കുറച്ചുകൂടി വിശ്വസിക്കാനുള്ള കാരണമായി ഇതിനെ കാണുക. ഏറ്റവും ഭയപ്പെടുത്തുന്ന തീരുമാനങ്ങൾ പലപ്പോഴും ഏറ്റവും സംതൃപ്തി നൽകുന്ന ഫലങ്ങളിലേക്ക് നയിച്ചേക്കാം’- എന്നാണ് സാനിയയുടെ പക്ഷം. 

സാനിയയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. മാനസിക സമ്മർദ്ദം കുറയുമ്പോൾ പുതിയ ആശയങ്ങൾ താനേ വരും എന്നും ഇത്രയും വലിയ റിസ്ക് എടുക്കാൻ എല്ലാവർക്കും കഴിയില്ല എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.