2000ത്തിലാണ് ഹൈഡി ക്ലം തന്റെ ആദ്യ ഹാലോവീന്‍ പാര്‍ട്ടിക്ക് തുടക്കമിടുന്നത്.

'ഹാലോവീൻ രാജ്ഞി' എന്നറിയപ്പെടുന്ന സൂപ്പർ മോഡലും ടെലിവിഷൻ അവതാരകയുമായ ഹൈഡി ക്ലം ഇത്തവണയും തന്റെ ഹാലോവീൻ ആഘോഷം വൻ തരംഗമാക്കി മാറ്റിയിരിക്കുകയാണ്. ഒക്ടോബർ 31-ന് ന്യൂയോർക്കിലെ മാൻഹാട്ടനിലുള്ള കത്തിഡ്രൽ റെസ്റ്റോറന്റിൽ വെച്ച് നടന്ന ഹാലോവീൻ പാർട്ടിയുടെ 25-ാം വാർഷികാഘോഷത്തിലാണ് താരം കാണികളെയും മാധ്യമങ്ങളെയും ഒരുപോലെ ഞെട്ടിച്ചത്.
എട്ടടി ഉയരമുള്ള, ചോരയിറ്റുന്ന മുറിച്ചുമാറ്റപ്പെട്ട ഒരു വലിയ ഇടതുകൈയുടെ രൂപത്തിലാണ് 53-കാരിയായ ഹൈഡി ക്ലം എത്തിയത്. മുൻവർഷങ്ങളിൽ പുഴുവായും മെഡൂസയായും വേഷമിട്ട് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയ താരം, ഇത്തവണ കൂടുതൽ ഭീതിജനകവും സങ്കീർണ്ണവുമായ പ്രോസ്‌തെറ്റിക് മോഡലിലൂടെ വീണ്ടും താരമായി. സ്വന്തം കൈപ്പത്തി നോക്കിയപ്പോൾ തോന്നിയ ഭാവനയിൽ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചതെന്ന് ഹൈഡി ക്ലം പറയുന്നു.
'എന്റ സ്വന്തം കൈപ്പത്തിയിലേക്ക് നോക്കിയപ്പോൾ, എനിക്ക് ഇതിനുള്ളിൽ കയറിനിൽക്കാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. എന്റെ വിരലുകൾ കാലുകളായി മാറിയാൽ ശരീരത്തെ ഇതിലേക്ക് ഒതുക്കാം എന്ന് തോന്നി. ഈ ആശയമാണ് ഞാൻ പ്രോസ്‌തെറ്റിക് ആർട്ടിസ്റ്റായ മൈക്ക് മാരിനോയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.'പ്രശസ്ത സ്‌പെഷ്യൽ ഇഫക്റ്റ് ആർട്ടിസ്റ്റ് മൈക്ക് മാരിനോ ആണ് ഒരു വർഷത്തെ പ്ലാനിംഗിന് ശേഷം ഈ സങ്കീർണ്ണമായ വേഷം തയാറാക്കിയത്.
എട്ടടി ഉയരമുള്ള മുറിച്ചുവെച്ച കൈപ്പത്തിയുടെ ഉള്ളിലാണ് ഹൈഡിയുടെ ശരീരം സജ്ജീകരിച്ചത്. കൈപ്പത്തിയുടെ രണ്ടു വിരലുകളിലൂടെ കാലുകൾ പുറത്തേക്കിട്ടു. കൈത്തണ്ടയിൽ നിന്ന് മുറിച്ചുമാറ്റപ്പെട്ട ഞരമ്പുകളും കലകളും ഭീതിജനകമായി ചിത്രീകരിച്ചു. വലിയ മോതിരങ്ങളും തിളങ്ങുന്ന ചുവപ്പ് നെയിൽ പോളിഷും കൈയ്യിൽ ഉൾപ്പെടുത്തിയിരുന്നു. കൈപ്പത്തിയുടെ മധ്യഭാഗത്ത് വെട്ടിപ്പൊളിച്ച രീതിയിലാണ് ഹൈഡിയുടെ മുഖം വരുന്നത്. വായിൽനിന്ന് ചുവന്ന പെയിന്റ് ഉപയോഗിച്ച് രക്തം ഒലിച്ചിറങ്ങുന്ന പ്രതീതി സൃഷ്ടിച്ചു. പാർട്ടിയുടെ ദിവസം ഈ വേഷമണിയാൻ മാത്രം ആറു മണിക്കൂറോളമാണ് എടുത്തത്.
'25ാം വാർഷികത്തിന് എന്തെങ്കിലും വലിയ രീതിയിൽ തന്നെ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു! ചിലപ്പോൾ ഏറ്റവും സാധാരണമായ കാര്യങ്ങൾ പോലും നമ്മൾ അൽപം വ്യത്യസ്തമായി കാണുമ്പോൾ ഏറ്റവും അസാധാരണമായി മാറിയേക്കാം. എനിക്ക് അപ്രതീക്ഷിതമായതും അൽപം വിചിത്രവും ഭയപ്പെടുത്തുന്നതും ഇതുവരെ ചെയ്യാത്തതുമായ എന്തെങ്കിലും വേണമായിരുന്നു. മൈക്ക് മറീനോയും അദ്ദേഹത്തിന്റെ മുഴുവൻ ടീമും അത്ഭുതകരമായി തന്നെ അത് ചെയ്തു തന്നു. ഈ ലോകത്ത് പലതും ഇപ്പോൾ കൈകൊണ്ട് നിർമിക്കപ്പെടുന്നില്ല - എന്നാൽ ഈ കോസ്റ്റ്യൂമിന്റെ ഓരോ ഞരമ്പും ചുളിവുകളും ചെറിയ വിശദാംശങ്ങളും കൈകൊണ്ട് നിർമിച്ചതാണെന്നത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. സ്‌നേഹത്തോടെയുള്ള ഒരു യഥാർത്ഥ പ്രയത്‌നം. എന്റെ ടീമിന് അഭിനന്ദനങ്ങൾ നേരുന്നു! കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാക്കാൻ നമുക്ക് ഇനി കഴിയില്ലെന്ന് ഓരോ വർഷവും ഞാൻ കരുതുന്നു, എങ്ങനെയോ നമ്മൾ അത് വീണ്ടും ചെയ്യുകയും ചെയ്യുന്നു. എന്നോടൊപ്പം വലിയ സ്വപ്നങ്ങൾ കണ്ടതിന് നന്ദി. അടുത്ത വർഷത്തിനായി നമ്മൾ എന്തായിരിക്കും കൊണ്ടുവരാനാകുക?' തന്റെ ഹാലോവീൻ ലുക്ക് പങ്കുവെച്ചുകൊണ്ട് ഹൈഡി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.
2000ത്തിലാണ് ഹൈഡി ക്ലം തന്റെ ആദ്യ ഹാലോവീൻ പാർട്ടിക്ക് തുടക്കമിടുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബോളിവുഡ്-ഹോളിവുഡ് താരങ്ങളും ഫാഷൻ ലോകത്തെ പ്രമുഖരും ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോപ്പ് കൾച്ചർ ഇവന്റായി ഇത് മാറിയിട്ടുണ്ട്. വസ്ത്രധാരണത്തിൽ പൂർണ്ണത കൈവരിക്കാൻ മാസംതോറും നീളുന്ന ആസൂത്രണങ്ങളും അന്താരാഷ്ട്ര സ്‌പെഷ്യൽ ഇഫക്ട് കലാകാരന്മാരുടെ സഹായവും ഹൈഡി തേടാറുണ്ട്.
Content Highlights: Heidi Klum's 2023 Halloween costume features an eight-foot severed hand, crafted by special effects artist Mike Marino, taking six hours to wear.
Published: 02 Nov 2026, 02:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented