അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ മൂല്യമുള്ള സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം നാടകീയമായ വഴിത്തിരിവില്‍. 'സിന്‍ഡ്രെല്ലയുടെ രണ്ടാനമ്മയെപ്പോലെ'യാണ് സഞ്ജയ് കപൂറിന്റെ ഭാര്യ പ്രിയ സച്ച്‌ദേവ് കപൂര്‍ തങ്ങളോട് പെരുമാറിയതെന്ന് മുന്‍ ഭാര്യ കരിഷ്മ കപൂറിന്റെ മക്കള്‍ ആരോപിച്ചു. പ്രിയ കപൂര്‍ തങ്ങളുടെ ഓഹരികള്‍ വെട്ടികുറയ്ക്കാന്‍ ശ്രമിച്ചുവെന്നും സ്വന്തം മക്കളുടെ പേരിലേക്ക് ആസ്തികള്‍ മാറ്റുകയും ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു.

To advertise here,

പുതുതായി പുറത്തുവന്ന വില്‍പത്രം വ്യാജരേഖയാണെന്നും ഒരു വലിയ ഗൂഢാലോചന അതിന് പിന്നില്‍ നടന്നിട്ടുണ്ടെന്നും കരിഷ്മയുടെ മക്കള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചു. ക്രിമിനല്‍ പരാതി നല്‍കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് 21-ന് വില്‍പത്രം തയ്യാറാക്കിയിരുന്നെങ്കിലും ജൂലൈ 30 വരെ കരിഷ്മ കപൂറിന്റെ മക്കളെ ഈ വിവരം അറിയിച്ചിരുന്നില്ലെന്നും വില്‍പത്രം വായിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇതേ കുറിച്ച് അറിയുന്നതെന്നും ജഠ്മലാനി അറിയിച്ചു. പ്രിയ കപൂര്‍ രഹസ്യസ്വഭാവം ലംഘിച്ച് കടമയില്‍ വീഴ്ച വരുത്തുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്തുവെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ആസ്തിയുടെ ഏകദേശം 60% അവര്‍ക്കും, ഏകദേശം 12% അവരുടെ മകനും നീക്കിവെച്ചിട്ടുണ്ടെന്നും കരിഷ്മയുടെ മക്കളുടെ ഓഹരികള്‍ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട്, കമ്പനി ഓഹരികള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കത്തുകള്‍ തയ്യാറാക്കുന്നതില്‍ അവര്‍ തിടുക്കം കാണിച്ചുവെന്നും ജഠ്മലാനി ചൂണ്ടിക്കാട്ടി.