തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ 46-ാം പിറന്നാള്‍ ആഘോഷത്തിലാണ് ആരാധകര്‍. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. എസ്.എസ് രാജമൗലിയുടെ ഇതിഹാസ ചിത്രമായ ബാഹുബലിയാണ് പ്രഭാസിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി താരം തന്റെ ഡയറ്റില്‍ കാര്യമായി മാറ്റം വരുത്തിയിരുന്നു. ദിവസവും 20 മുതല്‍ 30 മുട്ടകള്‍ വരെ കഴിച്ചിരുന്നുവെന്ന് അദ്ദേഹം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

To advertise here,

അന്ന് 40 മുട്ടകള്‍ പ്രഭാസ് കഴിക്കാറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നത്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് ബാഹുബലിക്കായി തന്റെ ശരീരം എങ്ങനെയാണ് മാറ്റിയതെന്ന് പ്രഭാസ് തുറന്നുപറഞ്ഞത്. 'ഇല്ല, എനിക്ക് 40 മുട്ടകളൊന്നും കഴിക്കാന്‍ കഴിയില്ല, പക്ഷേ ഞാന്‍ ധാരാളം മുട്ടകള്‍ കഴിച്ചിരുന്നു. ഒരു ദിവസം 20 എണ്ണം. ചിലപ്പോള്‍ 30 എണ്ണം. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അതിനാല്‍ അത് പ്രോട്ടീനുമായി ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ച് ഒരു ജ്യൂസ് പോലെയാക്കി കുടിക്കും. അപ്പോള്‍ അത്ര മോശം മണം ഉണ്ടാകില്ല. പുഴുങ്ങിയ മുട്ടകള്‍ കുറേ എണ്ണം ഒരു ദിവസം കഴിക്കാനാകില്ല. കുറച്ച് കഴിയുമ്പോള്‍ മടുപ്പുളവാക്കും.'-പ്രഭാസ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

പിന്നീട് 'സാഹോ' എന്ന ചിത്രത്തിനുവേണ്ടി ഭാരം കുറയ്ക്കണമായിരുന്നു. അതിനാല്‍ മാസങ്ങളോളം വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടര്‍ന്നുവെന്നും പ്രഭാസ് വ്യക്തമാക്കി. 'ബാഹുബലിക്ക് ശേഷം മെലിയണമായിരുന്നു. അത്രയും മസിലുണ്ടായിരുന്നു. അതുകൊണ്ട്, ഭാരം കുറയ്ക്കാന്‍ ഞാന്‍ മാസങ്ങളോളം വെജിറ്റേറിയന്‍ ഡയറ്റിലായിരുന്നു.'-പ്രഭാസ് അന്ന് അഭിമുഖത്തില്‍ പറഞ്ഞു.