സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിലും ആഡംബര ചിത്രങ്ങളിലും ആകൃഷ്ടരായി ഇത്തരമൊരു വലിയ തീരുമാനത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് അതുകൊണ്ട് രണ്ടുതവണ ആലോചിക്കണം

മനോഹരവും ആകർഷകവുമായ ശരീരവടിവ് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹങ്ങൾ അതിരുകടന്ന് ജീവനുതന്നെ ഭീഷണിയാകുന്ന അപകടകരമായ ശസ്ത്രക്രിയാ തരംഗങ്ങൾക്ക് വഴിമാറുകയാണെങ്കിലോ. അത്തരത്തിൽ കേട്ടാൽ ഞെട്ടുന്ന ഒരു സൗന്ദര്യവർധക ശസ്ത്രക്രിയ തരംഗമാവുകയാണ്, റിബ് റീമോഡലിങ്. അരക്കെട്ട് കൂടുതൽ ഇടുങ്ങി അവർഗ്ലാസ് ആകൃതിയിൽ ആക്കുന്നതിനുവേണ്ടിയുമാണ് ഈ സർജറി ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് മോഡലും ഇൻഫ്ളുവൻസറുമായ കിം കർദാഷിയാന്റെ ശരീരവടിവിൽ ആകൃഷ്ടരായ യുവതികളാണ് സമാനമായ ശരീരാകൃതി സ്വന്തമാക്കുന്നതിനായി ഇത്തരം കോസ്മെറ്റിക് സർജറിക്ക് പിറകേ പായുന്നത്. എന്നാൽ, കൃത്യമായ ഭക്ഷണക്രമമോ വ്യായാമമോ ഇല്ലാതെ തികച്ചും കൃത്രിമമായി വാരിയെല്ലുകളുടെ ഘടന മാറ്റിയെഴുതുന്ന റിബ് റീമോഡലിങ്ങിന് പിന്നിൽ വലിയ അപകടസാധ്യതയാണ് മറഞ്ഞിരിക്കുന്നത്.
Read More: ഡോക്ടർ പുറത്തിറങ്ങിയതിന് പിന്നാലെ യുവതി പ്രസവിച്ചു; കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ഭർത്താവ്
എന്താണ് റിബ് റീമോഡലിങ്?
ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ആകൃതി മാറ്റി മറിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന ഒരു കോസ്മെറ്റിക് ശസ്ത്രക്രിയയാണിത്. വാരിയെല്ലുകളെ കേന്ദ്രീകരിച്ചാണ് ഈ സർജറി നടക്കുന്നത്. സർജറി ചെയ്യുന്ന രീതിക്കനുസരിച്ച് ഈ വാരിയെല്ലുകൾ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ കൃത്യമായ അളവിൽ പൊട്ടിച്ചു മാറ്റം വരുത്തുകയോ ചെയ്യുന്നു. ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താനും കൂടുതൽ ഇടുങ്ങിയ അരക്കെട്ട് സൃഷ്ടിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. വാരിയെല്ലുകളുടെ സ്ഥാനം മാറ്റി സ്ഥാപിക്കുന്നതിലൂടെയോ അവയുടെ ഘടന തിരുത്തുന്നതിലൂടെയോ വയറിന്റെ വശങ്ങളിലെ വ്യാപ്തി കുറയ്ക്കാനാകും. എന്നാൽ ഇതിന്റെ അന്തിമഫലം കേവലം ശസ്ത്രക്രിയാ വൈദഗ്ധ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല; വ്യക്തിയുടെ ശരീരഘടന, രോഗശാന്തി കൈവരിക്കാനുള്ള ശേഷി എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.
ചില ക്ലിനിക്കുകൾ ഈ സർജറിയെ മിനിമലി ഇൻവേസീവ് അഥവാ ചെറിയ മുറിവുകൾ മാത്രമുള്ള ലളിതമായ പരീക്ഷണമായി ചിത്രീകരിക്കാറുണ്ട്. ഏതൊരു പ്രധാന ശസ്ത്രക്രിയയെയും പോലെ തന്നെ സങ്കീർണ്ണമാണ് റിബ് റീമോഡലിങ്ങും. ശസ്ത്രക്രിയയ്ക്കിടെ വശങ്ങളിലോ പുറകിലോ ഉണ്ടാക്കുന്ന ചെറിയ മുറിവുകളിലൂടെയാണ് വാരിയെല്ലുകളിലേക്ക് സർജന്മാർ എത്തുന്നത്. അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓസിലേറ്റിങ് സോ (Oscillating saw) അല്ലെങ്കിൽ പൈസോടോം (Piezotome) തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് വാരിയെല്ലുകളിൽ പൊട്ടലുകൾ സൃഷ്ടിച്ചാണ് ആകൃതിയിൽ മാറ്റം സൃഷ്ടിക്കുന്നത്. ശ്വാസകോശം, പേശികൾ, ഞരമ്പുകൾ, ആന്തരിക ചർമ്മം എന്നിവയോട് തൊട്ടുരുമ്മിയാണ് വാരിയെല്ലുകൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചെറിയൊരു പിഴവുപോലും ആന്തരിക അവയവങ്ങളെ നേരിട്ട് ബാധിക്കും. ശസ്ത്രക്രിയ കഴിഞ്ഞാലും ദുരിതം തീരുന്നില്ല. നാല് മുതൽ ആറ് ആഴ്ച വരെ നല്ലപോലെ മുറുക്കിത്തന്നെ കോർസെറ്റ് ധരിക്കണം. സർജറി കഴിഞ്ഞപാടെ കോർസെറ്റ് ധരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ചെറുതല്ല.
വാരിയെല്ലുകളിൽ കൃത്യമായ ഒടിവുകൾ ഉണ്ടാക്കി ആകൃതി മാറ്റുന്ന കുഡ്സേവ്, യു.യു.എ.ഐ.എസ്.ടി തുടങ്ങിയ പരമ്പരാഗത രീതികൾ, അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ മുറിവുകളോടെ നടത്തുന്ന ശസ്ത്രക്രിയകൾ, ടൈറ്റാനിയം പ്ലേറ്റുകൾ ഉപയോഗിച്ച് വാരിയെല്ലുകൾക്ക് പുതിയ ആകൃതിയും ഉറപ്പും നൽകുന്ന അത്യാധുനിക രീതി തുടങ്ങി അഞ്ച് പ്രധാന രീതികളാണ് റിബ് റീമോഡലിങ്ങിനായി ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യകളൊന്നും തന്നെ എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ല. വ്യക്തികളുടെ ശരീരഘടനയ്ക്കും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് മാത്രമേ സർജന്മാർക്ക് ഇത് തീരുമാനിക്കാനാകൂ.
മറ്റ് കോസ്മെറ്റിക് സർജറികളെ അപേക്ഷിച്ച് ഉയർന്ന അപകടസാധ്യതയാണ് റിബ് റീമോഡലിങ്ങിനുള്ളത്. ഇൻഫെക്ഷൻ, രക്തസ്രാവം, സ്ഥിരമായ പാടുകൾ, പേശികളുടെ സ്പർശനശേഷി നഷ്ടപ്പെടൽ എന്നിവയ്ക്ക് പുറമെ അതിഗുരുതരമായ മറ്റ് ചില പ്രത്യാഘാതങ്ങളും ഇതിനുണ്ട്. ശ്വാസകോശത്തിനും നെഞ്ചിന്റെ ഉള്ളിലെ ഭിത്തിക്കുമിടയിൽ കാറ്റ് നിറഞ്ഞ് ശ്വാസകോശം ഭാഗികമായോ പൂർണ്ണമായോ ചുരുങ്ങിപ്പോകുന്ന ന്യുമോതോറാക്സ് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടേക്കാം. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യമാണ്.സർജറിക്കായി പൊട്ടിച്ച വാരിയെല്ലുകൾ പിന്നീട് കൂടിച്ചേരാതിരിക്കുകയോ തെറ്റായ രീതിയിൽ കൂട്ടിച്ചേരുകയോ ചെയ്യുന്ന നോൺ-കൺസോളിഡേഷൻ അവസ്ഥയിലേക്ക് എത്തപ്പെട്ടേക്കാം. സർജറിക്ക് ശേഷം ആഴ്ചകളോളം മുറുകിയ കോർസെറ്റുകൾ ധരിക്കുന്നത് മൂലം ചർമത്തിൽ വ്രണങ്ങളും അൾസറുകളും ഉണ്ടായേക്കാം.
Read More: ഫാഷൻ റാംപായി പച്ചക്കറി മാർക്കറ്റ്: മുളകും മല്ലിയിലയും കയ്യിലേന്തി യുവമോഡലുകൾ
2018 മുതൽ 2024 വരെയുള്ള കാലയളവിൽ നടന്ന സർജറികളെക്കുറിച്ച് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടി കോസ്മെറ്റിക് സർജന്മാർ പറയുന്നത് ഇത്തരം സർജറികളിൽ 3.7% ത്തിലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ്. 17.5 ശതമാനം പേർക്കും ചർമത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നുണ്ട്. 15.1 ശതമാനം പേരിൽ എല്ലുകൾ കൂടിച്ചേരാതിരിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. 12.7 ശതമാനം പേരിലും കോർ സെറ്റ് ഉപയോഗിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
പണച്ചെലവ് ഭീകരം
ഇന്ത്യയിൽ ഈ സർജറിക്ക് ഏകീകൃതമായ നിരക്കുകളില്ല. ആശുപത്രിയുടെ സൗകര്യങ്ങൾ, സർജന്റെ പരിചയസമ്പത്ത്, ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം എന്നിവയ്ക്കനുസരിച്ച് ലക്ഷക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിലും ആഡംബര ചിത്രങ്ങളിലും ആകൃഷ്ടരായി ഇത്തരമൊരു വലിയ തീരുമാനത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുൻപ് അതുകൊണ്ട് രണ്ടുതവണ ആലോചിക്കണം. അരക്കെട്ടിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, ആഗ്രഹങ്ങൾക്ക് അപ്പുറമുള്ള യാഥാർത്ഥ്യങ്ങളെയും ആരോഗ്യപരമായ അപകടങ്ങളെയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
Content Highlights: Rib remodeling is a cosmetic surgery targeting an hourglass figure, but it carries high risks, including infections and long-term health complications.
Published: 05 Nov 2026, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented