അച്ഛന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് എത്തുന്നത് സ്വപ്‌നം കണ്ടിരുന്ന സിനീഡ് ജാക്‌സന്റെ ഹൃദയം തകർത്തുകൊണ്ടാണ് വിവാഹത്തിന് രണ്ടുദിവസം മുൻപ് അച്ഛൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിലാകുന്നത്. കടുത്ത ശ്വാസതടസ്സവും ഹൃദയമിടിപ്പിലെ ക്രമക്കേടുകളെയും തുടർന്നാണ് ലെസ്ലി ഹീലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനകളിൽ, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാറുള്ളതായി കണ്ടെത്തി. എക്കോകാർഡിയോഗ്രാം പരിശോധനാ ഫലം പുറത്തുവന്നതോടെ വിവാഹത്തിന് ലെസ്ലിക്ക് പങ്കെടുക്കാനാവില്ലെന്ന് ആ കുടുംബം തിരിച്ചറിഞ്ഞു.

To advertise here,

'വാർത്ത കേട്ട നിമിഷം ഞാൻ തകർന്നുപോയി. കരച്ചിൽ അടക്കാൻ എനിക്ക് കഴിഞ്ഞില്ല,' സിനീഡ് പറഞ്ഞു. 'ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമാണ് അച്ഛന്റെ കൈപിടിച്ച് വിവാഹവേദിയിലെത്തുക എന്നുള്ളത്. എന്റെ ആ സ്വപ്നമാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്.' തന്റെ ഏക മകളെ, കൈപിടിച്ച് വിവാഹവേദിയിലെ മണവാളന്റെ കൈകളിൽ ഏൽപ്പിക്കുക എന്നത് ഏതൊരു അച്ഛനെയും പോലെ ലെസ്ലിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷെ, ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴും ലെസ്ലി തന്റെ മകളോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്'വിവാഹം മാറ്റിവെക്കരുത്. സഹോദരന്മാർ നിനക്കൊപ്പമുണ്ട്, നീ മുന്നോട്ട് പോകണം.' എന്നുമാത്രമാണ്.

ഒടുവിൽ അച്ഛന്റെ ആഗ്രഹം പോലെ വിവാഹം നടത്താൻ ആ കുടുംബം തീരുമാനിച്ചു. സിനീഡും ഒരു തീരുമാനമെടുത്തിരുന്നു. അച്ഛന് എത്താൻ പറ്റിയില്ലെങ്കിൽ അച്ഛനുള്ളിടത്തേക്ക് താനെത്തുമായിരുന്നു ആ തീരുമാനം. 'ഈ കുപ്പായം വാങ്ങുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞിരുന്നത്, വിവാഹ നിമിഷം നേരിട്ട് കാണണം എന്നാണ്. അച്ഛനെ കാണാതെ, അച്ഛന്റെ അനുഗ്രഹം വാങ്ങാതെ എനിക്കൊരു വിവാഹമില്ലെന്ന് ഞാൻ ഉറപ്പിച്ചു. അച്ഛന് വരാൻ കഴിയില്ലെങ്കിൽ, വധുവിന്റെ വേഷത്തിൽ അച്ഛന്റെ അടുത്തേക്ക് ഞാൻ പോകും, അതായിരുന്നു തീരുമാനം.' സിനീഡ് വ്യക്തമാക്കി.

തീരുമാനിച്ചുറപ്പിച്ച പോലെ വിവാഹദിവസം രാവിലെ, മേക്കപ്പും വിവാഹ വസ്ത്രവും ധരിച്ച ശേഷം സിനീഡ് നേരെ പോയത് ടേംസൈഡ് ജനറൽ ആശുപത്രിയിലെ കാർഡിയോളജി വാർഡിലേക്കായിരുന്നു. മകൾ വരുന്നുണ്ടെന്നറിഞ്ഞ ലെസ്ലി, തന്റെ രോഗാവസ്ഥയ്ക്കിടയിലും വിവാഹത്തിനായി കരുതിവെച്ചിരുന്ന സ്യൂട്ട് ധരിച്ച് തയ്യാറായി. വാർഡിന് പുറത്ത് അമ്മയോടൊപ്പം കാത്തുനിന്ന സിനീഡ്, അച്ഛൻ തയ്യാറായെന്ന സന്ദേശം ലഭിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്. മകളെ വിവാഹ വസ്ത്രത്തിൽ കണ്ട മാത്രയിൽ ലെസ്ലിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സ്‌കോട്ട് തോമസ് ലാർഗ്രിഡ്ജിന്റെ ദിസ് ഡാൻസ് എന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങിയപ്പോൾ, രോഗശയ്യയിൽ നിന്ന് എഴുന്നേറ്റ അച്ഛൻ മകളെ ചേർത്തുപിടിച്ച് നൃത്തം ചെയ്തു.

'അവിടെയുണ്ടായിരുന്ന നഴ്‌സുമാരും മറ്റ് രോഗികളും കരയുകയായിരുന്നു. തീർത്തും വൈകാരികമായ ഒരു നിമിഷമായിരുന്നു അത്,' സിനീഡ് ഓർത്തെടുക്കുന്നു.കാർഡിയോളജി യൂണിറ്റിലെ ജീവനക്കാർ കാണിച്ച കരുതലും വഴക്കവും കൂടിയാണ് ഈ അപൂർവ സംഗമത്തിന് കളമൊരുക്കിയത്. രോഗിയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ച്, അണുബാധയേൽക്കാത്ത വിധത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ജീവനക്കാർ സന്ദർശനത്തിന് അനുമതി നൽകിയത്.

അച്ഛനൊപ്പമുള്ള വൈകാരികമായ ആ നിമിഷങ്ങൾക്ക് ശേഷം, സമാധാനത്തോടെ സിനീഡ് വിവാഹവേദിയിലേക്ക് മടങ്ങി. അച്ഛനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയതോടെ തന്റെ ഉള്ളിലെ ആശങ്കകളും സങ്കടങ്ങളും മാറിയതായി സിനീഡ് പറയുന്നു. മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ ലെസ്ലിക്ക് കഴിഞ്ഞില്ലെങ്കിലും, അതിനായി അദ്ദേഹം ചുമതലപ്പെടുത്തിയത് സിനീഡിന്റെ അഞ്ചുവയസ്സുകാരൻ മകൻ മാക്‌സിയെ ആയിരുന്നു. മുത്തശ്ശന്റെ നിർദ്ദേശപ്രകാരം, കുഞ്ഞു മാക്‌സി തന്റെ അമ്മയുടെ കൈപിടിച്ച് പടികൾ ഇറങ്ങി, കാത്തുനിന്ന മണവാളൻ സ്റ്റീഫന്റെ കൈകളിലേക്ക് ഏൽപ്പിച്ചു. അകലെ ആശുപത്രി കിടക്കയിലിരുന്ന് ലെസ്ലി ആ കാഴ്ചകൾ ഫോണിലൂടെ തത്സമയം കണ്ടു.

സിനീഡും സ്റ്റീഫനും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പതിനേഴാം വയസ്സിൽ കോളേജിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. കൗമാരത്തിലെ ചെറിയ പിണക്കങ്ങൾക്ക് ശേഷം വേർപിരിഞ്ഞെങ്കിലും, ഇരുപതുകളുടെ തുടക്കത്തിൽ അവർ വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. 2015-ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.