മോണോഗമിയെന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം പങ്കാളികളുള്ള പോളിഗമി ഇപ്പോഴും സമൂഹം അംഗീകരിച്ചിട്ടില്ല. അത് തെറ്റാണെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. എന്നാല്‍ പോളിമോറസ് ജീവിതത്തിലൂടെ സന്തോഷം കണ്ടെത്തുകയാണ് അമേരിക്കയില്‍ നിന്നുള്ള ജെയിംസ്‌ ബാരെറ്റ് എന്ന യുവാവ്. 

To advertise here,

അഞ്ച് ഭാര്യമാരും 11 മക്കളും ബാരെറ്റിനുണ്ട്. പങ്കാളികള്‍ക്ക് പരസ്പരം അറിയാമെന്നും അതുകൊണ്ട് താന്‍ ആരേയും വഞ്ചിക്കുന്നില്ലെന്നും ബാരെറ്റ് പറയുന്നു. ആദ്യം ഒരു പങ്കാളിയാണുണ്ടായിരുന്നത്. അവരെ താന്‍ സ്ഥിരമായി വഞ്ചിച്ചിരുന്നുവെന്നും ബാരെറ്റ് പറയുന്നു. ഇതോടെയാണ് മോണോഗമി ഉപേക്ഷിച്ച് പോളിമോറസായതെന്നും 30-കാരനായ ബാരെറ്റ് പറയുന്നു. 

'എന്റെ ഏകപങ്കാളിത്ത ബന്ധങ്ങളിലെല്ലാം എപ്പോഴും ഒരു വഞ്ചകനായിരുന്നു. പങ്കാളി അറിയാതെ മറ്റ് സ്ത്രീകളുമായി ഞാന്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ അഞ്ച് ഭാര്യമാരോടൊപ്പം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്രനാണ്. സമാധാനവുമുണ്ട്.'-ബാരെറ്റ് വ്യക്തമാക്കി. 

കാമറൂണ്‍ (29), ജെസീക്ക (31), റെറ്റ (28), ഗാബി (30), ഡയാന (30) എന്നിവരാണ് ബാരെറ്റിന്റെ ഭാര്യമാര്‍. കാമറൂണും ജെസീക്കയും 13 വര്‍ഷം മുമ്പാണ് ബാരെറ്റിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഡയാനയാണ് ഏറ്റവും പുതിയ പങ്കാളി. നാല് വര്‍ഷം മുമ്പാണ് ഡയാനയെ വിവാഹം ചെയ്തത്. ഐഡന്‍ (12), ആബേല്‍ (11), ജെസ്സി (9), അയാന്‍ (6), ജെറ്റ് (5), ജെഡി (4), സോഫിയ (4), ഒക്ടേവിയ (3), ബോബി (2), ക്ലിയോ (1), കൂടാതെ 11 മാസം പ്രായമുള്ള കുഞ്ഞ് സമ്മറും ഉള്‍പ്പെടുന്നതാണ് ബാരെറ്റിന്റെ മക്കള്‍. 

കുഞ്ഞുങ്ങളെ വളര്‍ത്താനും സാമ്പത്തികകാര്യങ്ങളിലും പങ്കാളികളുടെ സഹായം ബാരെറ്റിന് ലഭിക്കുന്നുണ്ട്. വെസ്റ്റ് കോസ്റ്റിലെ
വീട്ടില്‍ ഒരുമിച്ചാണ് ഭാര്യമാരും കുട്ടികളും താമസിക്കുന്നത്. സ്‌നേഹിക്കാന്‍ ഏകപങ്കാളി എന്നത് മാത്രമല്ല ഏക മാര്‍ഗമെന്നും ഒന്നിലധികം പങ്കാളികളെ ഒരേസമയം സ്‌നേഹിക്കാനാകുമെന്നും ബാരെറ്റ് പറയുന്നു. പോളിഗമി സാധാരണ പോലെ കണ്ട് നിയമവിധേയമാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബാരെറ്റ് കൂട്ടിച്ചേര്‍്ക്കുന്നു.