ചലച്ചിത്ര പ്രേമികളുടെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടാണ് പ്രശസ്ത നടൻ ഓം പുരി ഈ ലോകത്തോട് വിട വാങ്ങിയത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് വിവാദപരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ആദ്യഭാര്യയും നര്‍ത്തകിയുമായ സീമ കപൂര്‍. 

To advertise here,

സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സീമ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 

താന്‍ ഗര്‍ഭിണിയായിരിക്കെ ഓം പുരി നന്ദിത പുരിയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സീമ കപൂര്‍ പറഞ്ഞത്. ഇതാണ് തങ്ങളുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. സിറ്റി ഓഫ് ജോയ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണസമയത്തായിരുന്നു ഇക്കാര്യങ്ങള്‍ സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീമയുമായുള്ള വിവാഹമോചനത്തിന് ശേഷം നന്ദിത പുരിയെ ഓം പുരി വിവാഹം ചെയ്തിരുന്നു. 

'വിധു വിനോദ് ചോപ്രയുടെ ആദ്യഭാര്യയായ റെനു സലൂജ എന്റെ നല്ലൊരു സുഹൃത്താണ്. അവള്‍ക്ക് ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവളും സംവിധായകന്‍ സുധീര്‍ മിശ്രയുമടക്കം ആരും എന്നോട് എന്താണ് നടക്കുന്നതെന്ന് പറഞ്ഞില്ല. ഇതൊന്നും അത്ര ഗൗരവമുള്ളതല്ല എന്നാണ് അവര്‍ കരുതിയത്. ഷൂട്ടിങ് കഴിഞ്ഞാല്‍ അദ്ദേഹം സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് അവര്‍ക്ക് തോന്നി. പിന്നീട് ഡല്‍ഹിയിലുള്ളപ്പോഴാണ് ഞാന്‍ ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞത്.' -സീമ കപൂര്‍ പറഞ്ഞു. 

'ഞാന്‍ മുംബൈയിലേക്ക് മടങ്ങി. എല്ലാം സാധാരണനിലയിലായെന്ന് ഞാന്‍ കരുതി. ഷൂട്ടിങ്ങിനായി അദ്ദേഹം മുംബൈയില്‍ നിന്ന് പോയി. ആ സമയത്ത് അദ്ദേഹത്തിന്റെ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില പ്രണയലേഖനങ്ങള്‍ കണ്ടു. ഞാനാകെ തകര്‍ന്നുപോയി. മറ്റൊരു ബന്ധം ഉണ്ടെങ്കില്‍ പോലും അദ്ദേഹവുമായി വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എല്ലാം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം ഞാന്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ നന്ദിതയെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഇത് അസ്വസ്ഥതയുണ്ടാക്കി.' -സീമ തുടര്‍ന്നു. 

'കാര്യങ്ങള്‍ പിന്നീട് വഷളായി. ഓം പുരി വളരെയധികം കുടിക്കുമായിരുന്നു. നന്ദിതയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. അതോടെ ഒരു രാത്രി ഞാന്‍ പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ആ ഗര്‍ഭം അലസിപ്പോയി. പിന്നീട് ഓം പുരി തന്റെ സെക്രട്ടറി വഴി 25,000 രൂപ എനിക്ക് കൊടുത്തയച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. 'ഈ അഹങ്കാരമാണ് നിന്നെ നശിപ്പിക്കുന്നത്' എന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാള്‍ അഹങ്കാരം എന്ന് കരുതിയത് ആത്മാഭിമാനമായിരുന്നു.' -സീമ പറഞ്ഞു. 

1990-ലാണ് സീമ കപൂര്‍ ഓം പുരിയെ വിവാഹം ചെയ്തത്. എട്ട് മാസം മാത്രമായിരുന്നു ദാമ്പത്യത്തന്റെ ആയുസ്സ്. പിന്നീട് ഓം പുരി മാധ്യമപ്രവര്‍ത്തകയായ നന്ദിത പുരിയെ വിവാഹം ചെയ്തു. 2017-ല്‍ തന്റെ 66-ാം വയസില്‍ മുംബൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഓം പുരി മരിച്ചത്.