മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വെള്ളിയാഴ്ച്ച രാവിലെ വാഹനപകടത്തില്‍ പരിക്കേറ്റിരുന്നു. ഡല്‍ഹി-ദെഹ്‌റാദൂണ്‍ ഹൈവേയില്‍ ദെഹ്‌റാദൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ ആയിരുന്നു അപകടം. താരം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ഈ അപകടത്തിന് പിന്നാലെ ഋഷഭ് പന്തും ടീമിലെ സഹതാരം ശിഖര്‍ ധവാനും തമ്മിലുള്ള സംഭാഷണത്തിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് പന്തിന് ധവാന്‍ ഉപദേശം നല്‍കുന്നതാണ് ഈ വീഡിയോയിലുള്ളത്.

തനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ എന്ന് പന്തിനോട് ധവാന്‍ ചോദിക്കുകയാണ്. 'സൂക്ഷിച്ച് വണ്ടിയോടിക്കണം' എന്നാണ് ധവാന്‍ ഇതിന് മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

മാതാപിതാക്കളെ കാണുന്നതിനായാണ് പന്ത് കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു.കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പന്തിന് ഗുരുതരമായ പരിക്കുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാക്‌സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്നിക് മാധ്യമങ്ങളോട് പറഞ്ഞു. താരത്തിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്.