
നവദമ്പതികള്‍ക്കൊപ്പം ജെന്നഫര്‍ ലോപ്പസ് | Photo: instagram/ @divoandthecity
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പുര്‍ ഒരു ആഡംബര വിവാഹത്തിന് സാക്ഷിയായി. ശതകോടീശ്വരനും യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തെ പ്രമുഖ വ്യക്തിയുമായ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടേയും ടെക് സംരഭകനായ വംശി ഗാദിരാജുവിന്റേയും വിവാഹത്തിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികള്‍ സാക്ഷിയായത്. സാരിയുടുത്ത് ചടങ്ങിനെത്തിയ ജെന്നിഫര്‍ ലോപ്പസായിരുന്നു വിവാഹത്തിലെ ശ്രദ്ധാകേന്ദ്രം.
പല ദിവസങ്ങളിലായി നീണ്ടുനിന്ന ഈ ആഘോഷത്തില്‍ ആഡംബരപൂര്‍ണ്ണമായ ഹല്‍ദി, മെഹന്ദി, സംഗീത്, വിവാഹ ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇവയെല്ലാം താജ് ലേക്ക് പാലസിലെ പ്രശസ്തമായ സ്ഥലങ്ങളിലായാണ് സംഘടിപ്പിച്ചത്. ഓരോ ചടങ്ങിനുമായി കോടികളാണ് ചെലവാക്കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ ആഡംബരത്തോടെ നടത്തിയ ആനന്ദ് അംബാനിയുടെ വിവാഹവുമായാണ് ഇതിനെ പലരും താരതമ്യം ചെയ്യുന്നത്.
ഹല്‍ദി ചടങ്ങ്
ശാന്തമായ പിച്ചോള തടാകത്തിന് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഫൈവ് സ്റ്റാര്‍ ദ്വീപ് റിസോര്‍ട്ടായ താജ് ലേക്ക് പാലസിലെ ലേക്ക്‌സൈഡ് ബംഗ്ലാവിലായിരുന്നു ഇരുവരുടേയും ഹല്‍ദി ചടങ്ങ്. ഇവിടെ ഒരു വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതിന് ഒരു കോടി രൂപയിലധികം ചെലവ് വരും. ഭക്ഷണത്തിനായി ഏകദേശം 40 ലക്ഷം രൂപയോളം ചെലവായിട്ടുണ്ടാകും. ഇവിടെ ഉച്ചഭക്ഷണത്തിന് ഒരാള്‍ക്ക് 8500 രൂപയും ഡിന്നറിന് 12000 രൂപയുമാണ് വരിക.
ഈ കൊട്ടാരത്തില്‍ 65 മുറികളും 18 സ്യൂട്ടുകളുമുണ്ട്. ഇതില്‍ ബാല്‍ക്കണിയില്ലാത്ത മുറികള്‍ക്ക് ഒരു രാത്രിക്ക് ഏകദേശം അര ലക്ഷം രൂപയാണ് വാടക. ബാല്‍ക്കണിയുള്ള മുറിയാണെങ്കില്‍ ഒരു ലക്ഷം നല്‍കണം. ഇതുകൂടാതെ അലങ്കാരങ്ങള്‍ക്കും മറ്റുമായി 35 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഹന്ദി ചടങ്ങ്
താജ് ലേക്ക് പാലസിലായിരുന്നു മെഹന്ദി ചടങ്ങ്. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, നോറ ഫത്തേഹി, ദിയ മിര്‍സ എന്നിവര്‍ പങ്കെടുത്തു. ദിയ ആയിരുന്നു പരിപാടിയുടെ അവതാരക. മാധുരി തന്റെ പ്രശസ്ത ഗാനമായ 'ഡോലാ രേ ഡോലാ'യ്ക്ക് ചുവടുവെച്ചു. ഇവര്‍ക്ക് കോടിക്കണക്കിന് രൂപ പ്രതിഫലമായിട്ട് നല്‍കിയിട്ടുണ്ടാകും.
സംഗീത് ചടങ്ങ്
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഗീത് ചടങ്ങ് നടന്നത്. രണ്‍വീര്‍ സിങ്ങ,് ഷാഹിദ് കപൂര്‍, കൃതി സനോന്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. രണ്‍വീറിനും ഷാഹിദിനും ഏകദേശം മൂന്ന് കോടിയോളം രൂപ പ്രതിഫലമായി നല്‍കിയിട്ടുണ്ടാകും. കൃതി സനോന്‍, ജാന്‍വി കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍ എന്നിവരും സംഗീതിന്റെ ഭാഗമായി. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ട് കോടി രൂപ നല്‍കിയിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹം
പിച്ചോള തടാകത്തിലെ തിളങ്ങുന്ന ജലത്താല്‍ ചുറ്റപ്പെട്ടതും ആരവല്ലി കുന്നുകളാല്‍ അതിരിടുന്നതുമായ മനോഹരമായ ജഗ്മന്ദിര്‍ ഐലന്‍ഡ് പാലസിലായിരുന്നു വിവാഹ ചടങ്ങുകള്‍. 350 അതിഥികളെ ഉള്‍പ്പെടുത്തി ഇവിടെ വിവാഹം നടത്താന്‍ ഒരു കോടിയോളം രൂപ ചെലവ് വരും. വേദിയുടെ വാടക, അലങ്കാരം, ഭക്ഷണം, വിനോദം എന്നിവ ഉള്‍ക്കൊള്ളുന്ന പാക്കേജുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ജഗ്മന്ദിറില്‍ ഏഴ് സ്യൂട്ടുകളാണുള്ളത്. ഒരു രാത്രിക്ക് ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെയാണ് ഇവിടുത്തെ നിരക്ക്. മറ്റ് അതിഥികള്‍ക്കായി അടുത്തുള്ള ശിവ് നിവാസ്, ഫത്തേ പ്രകാശ് തുടങ്ങിയ ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു.
വിവാഹ രാത്രിയിലെ പരിപാടിക്കായി ദമ്പതികള്‍ അമേരിക്കന്‍ പോപ്പ് താരം ജെന്നിഫര്‍ ലോപ്പസിനെയാണ് എത്തിച്ചത്. നവംബര്‍ 22-ന് ഇന്ത്യയില്‍ എത്തിയ അവര്‍ തൊട്ടടുത്ത ദിവസമാണ് പരിപാടി അവതരിപ്പിച്ചത്. ഇതിന് അവര്‍ 17 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: netra mantena and vamsi gadiraju tie the knot in traditional attire all eyes on jennifer lopez
Published: 25 Nov 2025, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented