പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് നീന ഗുപ്ത. യാഥാസ്ഥിതിക രീതികളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു അവരുടെ ജീവിതം. വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള പ്രണയവും വിവാഹിതയാകാതെ ഗർഭിണിയായതുമെല്ലാം ചർച്ചാവിഷയമായി. എന്നാൽ ഈ പ്രണയത്തിനും മുമ്പ് താൻ മറ്റൊരു വിവാഹത്തിന് തൊട്ടടുത്ത് വരെയെത്തിയിട്ടുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് അവർ. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് നീന ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

വിവാഹത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിശ്രുത വരൻ ചടങ്ങിൽ നിന്ന് പിന്മാറിയെന്നും അതിന്റെ യഥാർഥ കാരണം ഇപ്പോഴും തനിക്ക് അറിയില്ലെന്നും നീന പറയുന്നു. അന്ന് ഫോൺ വിളിച്ച് താൻ വിവാഹത്തിൽ പിന്മാറുകയാണെന്ന് അയാൾ പറഞ്ഞു. സൈനസിന്റെ ശസ്ത്രക്രിയയാണ് കാരണമായി പറഞ്ഞത്. എന്നാൽ അതൊരു ഒഴിവ്കഴിവ് പോലെയാണ് തനിക്ക് തോന്നിയതെന്നും നീന പറയുന്നു.

'അയാൾ അവസാന നിമിഷം എന്നെ ഉപേക്ഷിച്ചുപോയി. മോതിരം മാറൽ ചടങ്ങെല്ലാം കഴിഞ്ഞതായിരുന്നു. അയാളുടെ ഭാര്യയാകാനും കുടുംബജീവിതം തുടങ്ങാനും ഞാൻ പൂർണമായും തയ്യാറെടുത്തിരുന്നു. അയാളുടെ കുഞ്ഞിന് ജന്മം നൽകുന്നതു വരെ ഞാൻ സ്വപ്‌നം കണ്ടു. വിവാഹത്തിനുള്ള എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ ഞാൻ ഡൽഹിയിലേക്ക് പോയതായിരുന്നു. അപ്പോഴാണ് അയാൾ വിളിച്ചത്. 'നമ്മൾ ഇപ്പോൾ വിവാഹിതരാകുന്നില്ല' എന്ന് പറഞ്ഞു. അത് വിശ്വസിക്കാനാകാതെ 'എന്തു പറ്റി' എന്ന് ഞാൻ ചോദിച്ചു. സൈനസിന്റെ ശസ്ത്രക്രിയ ചെയ്യണമെന്ന് അയാൾ പറഞ്ഞു.

അതൊരു വലിയ പ്രശ്‌നമായി എനിക്ക് തോന്നിയില്ല. അത് പിന്നീട് ചെയ്യാവുന്നതേയുള്ളു. ഇന്നുവരെ വിവാഹം റദ്ദാക്കിയതിന്റെ യഥാർഥ കാരണം എനിക്ക് അറിയില്ല. എന്ത് സംഭവിച്ചു എന്ന് ഞാൻ അദ്ദേഹത്തിന്റെ മാതാപിതാക്കളോട് ചോദിച്ചു. പക്ഷേ അവർ എന്നോട് ഒന്നും പറഞ്ഞില്ല. പിന്നീട് ആറ് മാസങ്ങൾക്കുശേഷം അയാൾ തിരിച്ചുവന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അത് എനിക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. 'എനിക്ക് നിങ്ങളെ വിവാഹം കഴിക്കണമെന്നില്ല' എന്ന് പറഞ്ഞ് ഞാൻ അയാളെ തിരിച്ചയച്ചു.'-നീന ഗുപ്ത പറയുന്നു.

അന്നും അയാളോട് വിവാഹം റദ്ദാക്കാനുള്ള കാരണം താൻ ചോദിച്ചിരുന്നുവെന്നും പക്ഷേ അയാൾ ഒന്നും മറുപടി നൽകിയില്ലെന്നും നീന കൂട്ടിച്ചേർക്കുന്നു. 'അപ്പോഴും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആദ്യം പറയൂ, എന്തുകൊണ്ടാണ് നിങ്ങൾ വിവാഹം മാറ്റിവയ്ക്കാൻ ആഗ്രഹിച്ചത് എന്ന്, അദ്ദേഹം ഒന്നും പറഞ്ഞില്ല. ഒരാൾ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്കറിയില്ല. നിസ്സഹായതയിൽ നിന്ന് നാം തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. അതിനാൽ അവരുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ വിധിക്കരുത്'-നീന വ്യക്തമാക്കുന്നു.