ഷാഹിദ് കപൂറിന്റെ അമ്മയും നടിയുമായ നീലിമ അസീം തന്റെ പരാജയപ്പെട്ട മൂന്ന് വിവാഹങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. സത്യം പരിശോധിക്കാതെ തന്നെ അപകീർത്തിപ്പെടുത്താനാണ് സോഷ്യൽ മീഡിയ ശ്രമിക്കുന്നതെന്ന് സൂമിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

To advertise here,

നീലിമ അസീം മൂന്ന് തവണ വിവാഹിതയായിട്ടുണ്ട്. ആദ്യ വിവാഹം പങ്കജ് കപൂറുമായും രണ്ടാമത്തേത് രാജേഷ് ഖട്ടറുമായും ആയിരുന്നു. ഉസ്താദ് റാസ അലി ഖാനായിരുന്നു മൂന്നാമത്തെ ഭർത്താവ്. പങ്കജ് കപൂറുമായുള്ള ബന്ധത്തിലെ മകനാണ് ഷാഹിദ് കപൂർ, രാജേഷ് ഖട്ടറിന്റെ മകനാണ് ഇഷാൻ ഖട്ടർ.

‘കഴിഞ്ഞ ദിവസം ആരോ കമന്റ് ചെയ്തത് 'മദ്യപിച്ച് ഇവരുടെ അവസ്ഥ എന്തായി' എന്നാണ്. എന്നാൽ ഞാൻ മദ്യപിക്കാറില്ല. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നത്’- അഭിമുഖത്തിൽ അവർ പങ്കുവെച്ചു.

തന്റെ വിവാഹങ്ങളെക്കുറിച്ച് സംസാരിക്കവെ, പണം ഒരിക്കലും തന്റെ മുൻഗണനയായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.

‘പണമില്ലാത്ത, എന്നാൽ വലിയ കഴിവുള്ളവരും നല്ലവരുമാണെന്ന് എനിക്ക് തോന്നിയ  മനുഷ്യരെയാണ് ഞാൻ വിവാഹം കഴിച്ചത്. സമ്പത്തിനോ ആഡംബരത്തിനോ വേണ്ടിയല്ല ഞാൻ വിവാഹിതയായത്. എന്റെ കരിയർ വളർത്താനോ ബിസിനസ്സിൽ പണം മുടക്കാനോ ആരെയും ഞാൻ തേടിയിട്ടില്ല. ഒരു നടിയെന്ന നിലയിൽ 27 മികച്ച നടി പുരസ്‌കാരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്, മികച്ച നടന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഞാനൊരിക്കലും അതിനെക്കുറിച്ച് വീമ്പിളക്കിയിട്ടില്ല’-നീലിമ പറഞ്ഞു.

സ്വന്തം ഭാഗം വ്യക്തമാക്കിയില്ലെങ്കിൽ ലോകം തന്നെ തെറ്റായി ചിത്രീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ‘നമ്മുടെ സത്യം നമ്മൾ പറഞ്ഞില്ലെങ്കിൽ ആളുകൾ വസ്തുതകൾ വളച്ചൊടിക്കും. സമയം കടന്നുപോകുമ്പോൾ നമ്മൾ അപകീർത്തിപ്പെടുത്തപ്പെടുകയാണെന്ന് തിരിച്ചറിയും. സങ്കടകരമായ കാര്യം മറ്റൊരു സ്ത്രീയാണ് ഇത് ചെയ്യുന്നതെന്നതാണ്. എങ്ങനെയാണ് സ്ത്രീകൾക്ക് പരസ്പരം ഇങ്ങനെ ചെയ്യാൻ കഴിയുന്നത്? വിവാഹമോചനം എന്റെ ആഗ്രഹമായിരുന്നില്ല, എന്നാൽ ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടാകും. ഒരാളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്’- അഭിമുഖത്തിൽ പറയുന്നുണ്ട്. 

മക്കളായ ഷാഹിദും ഇഷാനുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്നും സന്തോഷമെന്നും പറഞ്ഞ നീലിമ, ജീവിതത്തിലെ വീഴ്ചകളെയും നേട്ടങ്ങളെയും ഒരുപോലെ സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും വ്യക്തമാക്കി.