
യാത്രയ്ക്കിടെ യോഗിതാ റാത്തോഡിന് ഡ്രൈവര്‍ ഭക്ഷണം വാങ്ങിക്കൊടുത്തപ്പോള്‍ | Photo: instagram/ yogitaarathore
യാത്രക്കിടയില്‍ പല പ്രതിസന്ധികളും നമ്മളെ തേടിയെത്തിയേക്കാം. പ്രത്യേകിച്ച് പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രയാകുമ്പോള്‍. എന്നാല്‍ ആ സമയത്തെല്ലാം ചിലപ്പോള്‍ ആരെങ്കിലും സഹായത്തിനായി ദൈവദൂതനെപ്പോലെ എത്തും. അത്തരത്തില്‍ ബെംഗളൂരുവിലെ ഒരു യൂബര്‍ ഡ്രൈവറുടെ നന്മയെ കുറിച്ചാണ് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.
നമുക്ക് ഈ ലോകത്തോടുള്ള വിശ്വാസവും സ്‌നേഹവും കൂടാന്‍ ചിലരുടെ ചെറിയ പ്രവൃത്തികള്‍ മതിയെന്ന് യുവതി പറയുന്നു. മോഡലും നടിയുമായ യോഗിത റാത്തോഡ് എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മുംബൈ സ്വദേശിയായ ഇവര്‍ ബെംഗളൂരുവില്‍ ഷൂട്ടിന് എത്തിയതായിരുന്നു. തനിക്ക് വിശന്നപ്പോള്‍ യാത്രയ്ക്കിടയില്‍ കാബ് ഡ്രൈവര്‍ സാന്‍ഡ്‌വിച്ച് വാങ്ങിത്തന്നുവെന്ന് യോഗിത പറയുന്നു. 'ബെംഗളൂരുവില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വളരെ മനോഹരമായ ഒരു കാര്യമുണ്ടായി' എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു ഷൂട്ടിനുശേഷം താന്‍ ആകെ തളര്‍ന്നിരുന്നുവെന്നും പുലര്‍ച്ചെ രണ്ട് മണിക്ക് ഫ്‌ളൈറ്റുള്ളതിനാല്‍ ഭക്ഷണമൊന്നും കഴിക്കാതെ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ യാത്രയ്ക്കിടയില്‍ കടുത്ത വിശപ്പ് അനുഭവപ്പെട്ടു. ക്യാബില്‍ ഇരുന്ന് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അവര്‍ വിശപ്പിന്റെ കാര്യം പറഞ്ഞു. 'എനിക്ക് വല്ലാതെ വിശക്കുന്നുണ്ട്. എന്റെ ഫ്‌ളൈറ്റ് പുലര്‍ച്ചെ രണ്ട് മണിക്കാണ്. ബെംഗളൂരു എയര്‍പോര്‍ട്ട് എത്ര ദൂരയാണെന്ന് നിനക്കറിയാമല്ലോ. ഇനി എപ്പോള്‍ ഭക്ഷണം കഴിക്കുമെന്ന് അറിയില്ല' എന്നായിരുന്നു അവര്‍ സുഹൃത്തിനോട് പറഞ്ഞത്.
ഇതോടെ ക്യാബ് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും പുറത്തുപോയി സാന്‍ഡ്‌വിച്ച് വാങ്ങുകയുമായിരുന്നു. എന്നിട്ട് ഇത് യോഗിതയ്ക്ക് നല്‍കി. 'നിങ്ങളിത് പലതവണ പറയുന്നത് കേട്ട് എനിക്ക് വിഷമം തോന്നി. എന്റെ സഹോദരി വിശന്നിരുന്നാലും എനിക്കിങ്ങനെ വിഷമം തോന്നുമായിരുന്നു. നിങ്ങള്‍ കോളില്‍ വെജ് വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാന്‍ വെജിറ്റേറിയന്‍ നോക്കിയത്.'-എന്ന് ഡ്രൈവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും' എന്ന് പറഞ്ഞ യോഗിത ഡ്രൈവറോട് തന്റെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 28 ലക്ഷം പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. ക്യാബ് ഡ്രൈവറെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ കമന്റും ചെയ്തിട്ടുണ്ട്. 'നമ്മളെല്ലാവരും പരസ്പരം ഇത്രയും ദയയോടെ പെരുമാറാന്‍ തുടങ്ങിയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് എപ്പോഴും ഒരു പാഠമായിരിക്കും.' എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. 'ബെംഗളൂരുവിന്റേയും അവിടുത്തെ ആളുകളുടെയും ഈ വശത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.' എന്നായിരുന്നു ഒരു പ്രതികരണം.
Content Highlights: mumbai woman praises bengaluru cab driver who got her sandwiches mid ride
Published: 22 Nov 2025, 05:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented