ജീവനക്കാരെ ജോലിയിൽനിന്ന് AI പിരിച്ചുവിടുന്നത് ന്യായമോ? റൈഡ്-ഹെയ്‌ലിങ് ആപ്പായ ഉബറിന് യൂറോപ്പിൽ നേരിടേണ്ടിവന്ന വലിയ നിയമ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം വീണ്ടും ചർച്ചയാകുന്നു. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനങ്ങൾ എഐ സംവിധാനം സ്വന്തമായി എടുക്കാൻ പാടില്ല എന്നാണ് നിയമ പോരാട്ടത്തിനിടെ ഡെച്ച് അധികൃതർ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

ഡ്രൈവർമാരെ സസ്‌പെൻഡ് ചെയ്യാനോ അവരുടെ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യാനോ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി കമ്പനിക്ക് 82.5 കോടി യൂറോ (ഏകദേശം 96.6 കോടി ഡോളർ അല്ലെങ്കിൽ 9,244.67 കോടി രൂപ) പിഴ ചുമത്തിയിട്ടുമുണ്ട്. യൂറോപ്പിലെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ (GDPR) ഇതുവരെ ചുമത്തപ്പെട്ടതിൽ വെച്ച് ഏറ്റവും കനത്ത രണ്ടാമത്തെ പിഴയാണിതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

ഒരാളുടെ ജീവനോപാധിയെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ആവശ്യമായ മാനുഷിക മേൽനോട്ടം ഉറപ്പാക്കാതെയും ഡ്രൈവർമാരെ കൃത്യമായി വിവരം അറിയിക്കാതെയും ഉബർ പ്രവർത്തിച്ചത് ശരിയായില്ലെന്ന് ഡച്ച് അധികാരികൾ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ കസ്റ്റമർ റേറ്റിങ്ങടക്കം കണക്കിലെടുത്താണ് എഐ തീരുമാനമെടുത്തതെന്നും ഇതിലൂടെ ചില ഡ്രൈവർമാരുടെ അക്കൗണ്ടുകൾ എന്നെന്നേക്കുമായി ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി. കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ കമ്പ്യൂട്ടർ (നിർമിതബുദ്ധി) സ്വന്തമായി എടുക്കാൻ പാടില്ലെന്ന് ഡച്ച് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ മോണിക് വെർഡിയർ പറഞ്ഞു.

അതിനിടെ, ആരോപണങ്ങൾ ഉബർ നിഷേധിച്ചു. ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെ മാത്രം ഒരിക്കലും ഡ്രൈവർമാരുടെ അക്കൗണ്ടുകൾ സ്ഥിരമായി ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. അക്കൗണ്ട് സസ്‌പെൻഷനുകൾ താത്കാലികമാണെന്നും സ്ഥിരമായി ഡീആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് മാനുഷിക പരിശോധന ഉറപ്പാക്കുമെന്നും കമ്പനി പറഞ്ഞു. വൻ പിഴ ചുമത്തിയ നടപടിക്കെതിരെ അപ്പീൽ നൽകാനാണ് ഉബറിന്റെ പദ്ധതി.

കേസ് ഇങ്ങനെ

ഫ്രാൻസിലെ ഉബർ ഡ്രൈവർമാരുടെ പരാതികളാണ് ഈ കേസിന് ആധാരം. 2019-ൽ തന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടതായി ഒരു മുൻ ഉബർ ഡ്രൈവർ ഡച്ച് പത്രങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം സമാന നടപടി നേരിട്ട 170-ഓളം ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഉബറിന്റെ യൂറോപ്യൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നെതർലാൻഡിൽ പരാതി നൽകുകയും ചെയ്തു.

ഉബറിന്റെ എഐ സിസ്റ്റങ്ങൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എങ്ങനെ എടുക്കുന്നു എന്നതിനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഡ്രൈവർമാരെ സഹായിച്ചത് സ്വിസ് ഡിജിറ്റൽ റൈറ്റ്‌സ് സംഘടനയായ 'പേഴ്‌സണൽ ഡാറ്റ ഡോട്ട് ഐഒ' (PersonalData.io) ആണ്.

പ്രമുഖ യുഎസ് ടെക് കമ്പനികൾക്ക് യൂറോപ്യൻ റെഗുലേറ്റർമാർ വൻതുക പിഴ ചുമത്തുന്ന ഒടുവിലത്തെ സംഭവമാണിത്. മെറ്റ, ഗൂഗിൾ, ആപ്പിൾ, ആമസോൺ എന്നിവയ്ക്കെല്ലാം യൂറോപ്പിൽനിന്ന് വലിയ പിഴകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള ഉരസലിനും പലപ്പോഴും കാരണമായിട്ടുണ്ട്. അമേരിക്കൻ ടെക് കമ്പനികളെ യൂറോപ്പ് അന്യായമായി ലക്ഷ്യമിടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും ആരോപിക്കാറുണ്ട്.