മുംബൈ പോലൊരു മഹാനഗരത്തിൽ ജീവിക്കാൻ മാസം എത്ര രൂപ ചെലവാകും? വലിയ തുക വേണമെന്നാണ് ഭൂരിഭാഗം പേരുടേയും ഉത്തരം. എന്നാൽ മാസം 18,000 രൂപയ്ക്ക് മുംബൈയിൽ സുഖമായി ജീവിക്കാമെന്ന് പറയുകയാണ് ഒരു യുവതി. ശ്രേയാ ഗാൻ എന്ന എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിലൂടെ തന്റെ പ്രതിമാസ ചെലവുകളുടെ വിശദാംശങ്ങൾ പങ്കുവെച്ചത്. അവിശ്വസനീയമെന്നാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചത്.

To advertise here,

'മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുമ്പോഴുള്ള പ്രതിമാസ ചെലവുകൾ' എന്ന ക്യാപ്ഷനോടെയാണ് ശ്രേയ റീൽ ഷെയർ ചെയ്തത്. ഒരു മുറിയും അടുക്കളയുമുള്ള അപ്പാർട്ട്‌മെന്റിലാണ് താൻ താമസിക്കുന്നത് എന്ന് ശ്രേയ പറയുന്നു. ഇതിന് മാസവാടകയായി 11,500 രൂപയാണ് നൽകുന്നതെന്നും യുവതി പറഞ്ഞു. തുടർന്ന് യുവതി തന്റെ മറ്റ് ചെലവുകളും പറഞ്ഞു. വൈദ്യുതി ബില്ലായി 300-നും 400-നും ഇടയിലുള്ള തുകയാണ് ചെലവ്. മൊബൈൽ റീച്ചാർജിനായി 300 രൂപയും.

ട്രെയിനിലാണ് ശ്രേയ എല്ലാ ദിവസവും ജോലിക്ക് പോകുന്നത്. ട്രെയിൻ പാസിനായി മാസം 265 രൂപയാണ് ചെലവ്. ഓട്ടോറിക്ഷയ്ക്കും ടാക്‌സിക്കുമായി 300 രൂപ. പലചരക്ക് സാധനങ്ങൾ വാങ്ങാനായി 1500 മുതൽ 1800 രൂപവരെയാണ് ചെലവ്. ഷോപ്പിങ്ങിന് 2000 രൂപയും മറ്റ് അല്ലറ ചില്ലറ ചെലവുകൾക്ക് 1000 രൂപയോളവുമാണ് വേണ്ടതെന്നും ശ്രേയ റീലിൽ പറയുന്നു. ഇതെല്ലാം കൂടെ മാസം 17,500-18,000 രൂപയാണ് വരികയെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രേയയുടെ റീൽ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. വാടകയുടെ കാര്യമാണ് പലരും എടുത്തുപറഞ്ഞത്. മുംബൈയിൽ ഒരു മുറിയും അടുക്കളയും മാത്രമുള്ള അപ്പാർട്ട്‌മെന്റിന് വാടക ഇതിലും അധികമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്തരമൊരു അപ്പാർട്ട്‌മെന്റിന് കുറഞ്ഞത് 25,000 മുതൽ 30,000 രൂപ വരെയാകും വാടകയെന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'വൈദ്യുതി ബിൽ 350 രൂപയോ! എനിക്ക് 1600 രൂപയാണ് വൈദ്യുതി ബിൽ. നിങ്ങൾ മുംബൈയിലെ ഏത് ഭാഗത്താണ് ജീവിക്കുന്നത്?' എന്നാണ് മറ്റൊരാൾ ചോദിച്ചത്.