ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി അൻഷ സയ്ദിന്റേത്. ക്രൈം പരമ്പരയായ സി.ഐ.ഡി.യിൽ പൂർവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അൻഷ, തന്റെ വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും കുടുംബപശ്ചാത്തലവും പ്രണയബന്ധങ്ങളും കരിയറിലെ വെല്ലുവിളികളും തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിലാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അൻഷ മനസ്സ് തുറന്നത്.
മുംബൈയിൽ ജനിച്ചുവളർന്ന അൻഷയുടെ കുട്ടിക്കാലം വളരെ സാധാരണമായിരുന്നുവെന്നാണ് അവർ പറയുന്നത്. റെയിൽവേയിൽ ജോലി ചെയ്തിരുന്ന അമ്മയും സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അച്ഛനും അടങ്ങുന്നതായിരുന്നു കുടുംബം. സാമ്പത്തികമായി മധ്യവർഗ പശ്ചാത്തലമായിരുന്നു. എന്നാൽ മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്തിരുന്നതിനാൽ കുടുംബത്തിൽ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരുന്നു. എൺപതുകളിലെ സാധാരണ കുടുംബജീവിതമായിരുന്നു തങ്ങളുടേത്. ഇന്നത്തെ കുട്ടികൾക്ക് പ്രത്യേകം മുറിയും വാർഡ്രോബും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ വേണമെന്നുണ്ടാകും. എന്നാൽ അന്ന് കുടുംബത്തിലെ എല്ലാവരുടെയും വസ്ത്രങ്ങൾ ഒരേ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. വീട്ടിൽ ഒന്നോ രണ്ടോ മുറികൾമാത്രം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരുന്നുവെന്നും അൻഷ ഓർത്തുപറഞ്ഞു.ആവശ്യമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ സാമ്പത്തികശേഷി കൂടി പരിഗണിക്കണമെന്ന് അച്ഛൻ എപ്പോഴും ഉപദേശിക്കുമായിരുന്നു. അനാവശ്യമായി വൈദ്യുതി പാഴാക്കരുതെന്നും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യണമെന്നും അദ്ദേഹം പഠിപ്പിച്ചു. അന്ന് അച്ഛന്റെ കർശനമായ സമീപനം മനസ്സിലായിരുന്നില്ലെങ്കിലും ഇന്ന് ആ ശീലങ്ങൾ ജീവിതത്തിൽ ഏറെ സഹായിക്കുന്നുണ്ടെന്ന് അൻഷ പറയുന്നു.
രണ്ട് മതങ്ങളിൽപ്പെട്ട മാതാപിതാക്കൾ
അൻഷയുടെ മാതാപിതാക്കൾ വ്യത്യസ്ത മതവിശ്വാസങ്ങളിൽപ്പെട്ടവരാണ്. അച്ഛൻ മുസ്ലിം കുടുംബത്തിൽനിന്നും അമ്മ ഹിന്ദു കുടുംബത്തിൽനിന്നുമാണ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അച്ഛൻ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അഭിനയപരിശീലനം നേടിയിരുന്നു. എഴുപതുകളിലായിരുന്നു പരിശീലനം. അഭിനയരംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്നതോടെ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു.മുംബൈയിൽ ഒരു കോഴ്സുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ടതോടെ മൂന്ന് മാസത്തിനുള്ളിൽ വിവാഹം തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ട് മതങ്ങളിൽപ്പെട്ടവരായതിനാൽ ഇരുകുടുംബങ്ങളിലും എതിർപ്പുണ്ടായി. ഒടുവിൽ രണ്ട് കുടുംബങ്ങളുടെയും ആചാരങ്ങൾ മാനിച്ചുകൊണ്ട് നിക്കാഹും മറ്റൊരു വിവാഹച്ചടങ്ങും നടത്തി.വിവാഹസമയത്ത് അച്ഛന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അമ്മയുടെ കുടുംബത്തിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന മുത്തച്ഛന്റെ സഹായത്തോടെ അമ്മയ്ക്ക് ജോലി ലഭിച്ചു. മുംബൈയിലെ ചർച്ച്ഗേറ്റിലായിരുന്നു അമ്മയുടെ ജോലി. പിന്നീട് അച്ഛന്റെ ബിസിനസും വളർന്നു. ഇരുവരും ചേർന്ന് സ്വന്തം കുടുംബജീവിതം കെട്ടിപ്പടുത്തുവെന്നും അൻഷ പറഞ്ഞു.
തമിഴ് പഠിച്ചത് വീട്ടിൽ നിന്ന്
അമ്മ ജോലിക്ക് പോയിരുന്നതിനാൽ കുട്ടിക്കാലത്ത് അൻഷയെ വളർത്തിയത് അമ്മയുടെ മാതാപിതാക്കളായിരുന്നു. അവർ തമിഴ് കുടുംബത്തിൽപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ സംസാരഭാഷ തമിഴായിരുന്നു.തമിഴിൽ സംസാരിച്ചാൽ മാത്രമേ അമ്മമ്മ വെള്ളം പോലും നൽകുമായിരുന്നുള്ളൂവെന്ന് അൻഷ തമാശയോടെ ഓർത്തെടുത്തു. വെള്ളം ചോദിക്കണമെങ്കിൽ 'തണ്ണി' എന്ന് തമിഴിൽ പറയണം. ഭക്ഷണം ചോദിക്കാനും മറ്റു കാര്യങ്ങൾ പറയാനും തമിഴ് തന്നെ ഉപയോഗിക്കണമായിരുന്നു. അങ്ങനെയാണ് ഭാഷ പഠിച്ചത്. ഇന്നും അമ്മയോട് തമിഴിലാണ് സംസാരിക്കുന്നത്. അച്ഛനോടും മറ്റുള്ളവരോടും കൂടുതലും ഹിന്ദിയിലാണ് ആശയവിനിമയം. തമിഴ് സംസ്കാരവും കുടുംബത്തിലെ ആചാരങ്ങളും അൻഷയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും അവർ പറഞ്ഞു. തന്റെ അച്ഛൻ ഒരിക്കലും അമ്മയെ മതപരമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചില്ലെന്നും പരസ്പരം വിശ്വാസങ്ങളെ മാനിച്ചാണ് ഇരുവരും ജീവിച്ചതെന്നും താരം പറഞ്ഞു.
സഹോദരനെ നഷ്ടപ്പെട്ടു; അർബുദം കുടുംബത്തെ തകർത്തു
അൻഷയുടെ സഹോദരന് 17 വയസ്സുള്ളപ്പോഴാണ് അർബുദം ബാധിച്ചത്. അൻഷയ്ക്ക് അന്ന് 19 വയസ്സായിരുന്നു. ഇരുവരും തമ്മിൽ വെറും രണ്ട് വയസ്സിന്റെ പ്രായവ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രൂപത്തിലും ഇരുവരും ഏറെ സാമ്യമുള്ളവരായിരുന്നു. സഹോദന് മാരകമായ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവിതം മാറിപ്പോയെന്നും അവർ പറഞ്ഞു.2002-ലായിരുന്നു സംഭവം. അന്ന് അർബുദം സ്ഥിരീകരിക്കുന്നത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ആദ്യം മൂന്ന്, നാല് കീമോതെറാപ്പി സെഷനുകൾ നൽകിയശേഷം ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യാമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.ശസ്ത്രക്രിയയ്ക്കുശേഷവും മുറിവ് ഉണങ്ങിയില്ല. പിന്നീട് അർബുദം ശ്വാസകോശത്തിലേക്കും വ്യാപിച്ചു. ചികിത്സയും അതിന്റെ പാർശ്വഫലങ്ങളും സഹോദരന്റെ ജീവിതം കൂടുതൽ വേദനാജനകമാക്കി.സഹോദരന് അർബുദം ബാധിച്ചപ്പോൾ കുടുംബം നേരിട്ട ഏറ്റവും വലിയ വേദനകളിലൊന്ന് സമൂഹത്തിന്റെ സമീപനമായിരുന്നുവെന്ന് അൻഷ പറയുന്നു.അർബുദം പകരുന്ന രോഗമാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. 17 വയസ്സുള്ള കുട്ടി അടുത്തേക്ക് വരുമ്പോൾ പോലും മറ്റുള്ളവർ സ്വന്തം കുട്ടികളേ അകത്തേക്ക് മാറ്റുമായിരുന്നു. സഹോദരന്റെ സുഹൃത്തുക്കൾ പോലും പതുക്കെ അകന്നുതുടങ്ങി. ആദ്യമൊക്കെ നിരവധി പേർ വീട്ടിലെത്തിയെങ്കിലും പിന്നീട് സന്ദർശകരുടെ എണ്ണം കുറഞ്ഞു.അവസാനം സഹോദരനൊപ്പം ഉണ്ടായിരുന്നത് അൻഷ മാത്രമായിരുന്നു. സുഹൃത്തുക്കൾ ഓരോരുത്തരായി അകന്നുപോയപ്പോൾ സഹോദരന് ആശ്വാസം നൽകാൻ ശ്രമിച്ചത് താനായിരുന്നു. എല്ലാം ശരിയാകുമെന്നും ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു.
അർബുദമെന്നത് ട്യൂമർ ഉണ്ടാക്കുന്ന വേദന മാത്രമല്ല. മരുന്നുകളുടെ പാർശ്വഫലങ്ങളും ശാരീരികമായ മാറ്റങ്ങളും മാനസികമായ ആഘാതങ്ങളും കുടുംബം അനുഭവിക്കേണ്ടിവരുമെന്നും അൻഷ ഓർത്തെടുത്തു.
അച്ഛൻ കരയുന്നത് ആദ്യമായി കണ്ട ദിവസം
സാമ്പത്തികമായി മധ്യവർഗ കുടുംബമായിരുന്ന തങ്ങൾക്ക് സഹോദരന്റെ ചികിത്സ വലിയ പ്രതിസന്ധിയായിരുന്നു. ഇന്നത്തെപ്പോലെ ആരോഗ്യ ഇൻഷുറൻസും അർബുദ ചികിത്സയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയും വ്യാപകമായിരുന്നില്ല. കീമോതെറാപ്പിക്കും റേഡിയേഷനും ശസ്ത്രക്രിയയ്ക്കുമെല്ലാം വലിയ തുക ആവശ്യമായിരുന്നു.ചെറിയ പ്രായത്തിൽ തന്നെ കുടുംബം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ആരും കരുതിയിരുന്നില്ല. പന്ത്രണ്ടാം ക്ലാസ് പഠിക്കുന്ന സമയത്താണ് സഹോദരന്റെ രോഗം കുടുംബത്തെ തകർത്തത്. പരീക്ഷകളും തുടർപഠനവും ഒരു വശത്ത്, സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ മറുവശത്ത്. എന്തിന് മുൻഗണന നൽകണമെന്നറിയാതെ മാതാപിതാക്കളും വിഷമിച്ചു.ചിലർ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും അടുത്ത ബന്ധുക്കളിൽ പലരും സഹായിച്ചില്ല. ചികിത്സാച്ചെലവുകൾക്കായി അച്ഛനും അമ്മയും ഏറെ ബുദ്ധിമുട്ടി. ജീവിതത്തിൽ ആദ്യമായി അച്ഛൻ കരയുന്നത് സഹോദരനെ നഷ്ടപ്പെട്ട ദിവസമാണെന്ന് അൻഷ പറഞ്ഞു. മരിച്ചുപോയ സഹോദരൻ ഇന്നും കൂടെയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നും ഞങ്ങൾ രണ്ടുപേരുണ്ട്, ഞാനും അവനും' എന്ന രീതിയിലാണ് ഇപ്പോൾ ജീവിതത്തെ കാണുന്നതെന്നും അൻഷ പറഞ്ഞു.
വിഷാദത്തിലേക്ക്; പഠനം പോലും ഉപേക്ഷിക്കേണ്ടിവന്നു
സഹോദരന്റെ മരണം അൻഷയുടെ ജീവിതത്തെ പൂർണമായി മാറ്റിമറിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്നെങ്കിലും തുടർപഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കോളേജിൽ പോകാനോ പഠിക്കാനോ താൽപര്യമില്ലാതായി. സഹോദരനൊപ്പം ഒരുമിച്ച് യാത്ര ചെയ്തിരുന്ന ട്രെയിനിൽ കയറുമ്പോൾ പോലും അവനെക്കുറിച്ചുള്ള ഓർമകൾ അലട്ടുമായിരുന്നു.തനിക്ക് വിഷാദരോഗമാണെന്ന് അന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥയായിരുന്നു. കോളേജിൽ പോകാൻ തോന്നില്ല, പഠിക്കാൻ തോന്നില്ല, ആരോടും സംസാരിക്കാനും താൽപര്യമുണ്ടാകില്ല. അന്ന് വിഷാദം എന്ന മാനസികാരോഗ്യ പ്രശ്നത്തെക്കുറിച്ച് ഇന്നത്തെപ്പോലെ ആളുകൾക്ക് അറിവുണ്ടായിരുന്നില്ലെന്നും സങ്കടപ്പെട്ടിരിക്കുന്നതിനെ വെറുമൊരു വിഷമമായി മാത്രമാണ് പലരും കണ്ടിരുന്നതെന്നും അവർ പറഞ്ഞു.പിന്നീട് കറസ്പോണ്ടൻസ് വഴി പഠനം തുടർന്നു. പതുക്കെ ജോലികളിലും ഷൂട്ടിങ്ങിലും സജീവമായതോടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടായി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നത് തന്റെ ശീലമായി. വെറുതെയിരുന്നാൽ നെഗറ്റീവ് ചിന്തകൾ മനസ്സിലേക്ക് വരുമെന്നതിനാൽ ജ്യോതിഷം പഠിക്കുക, യൂട്യൂബ് വീഡിയോകൾ എഡിറ്റ് ചെയ്യുക, സുഹൃത്തുക്കളോട് സംസാരിക്കുക തുടങ്ങിയ കാര്യങ്ങളിൽ സമയം ചെലവഴിക്കും.ഇന്നും ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോൾ തളർന്നുപോകാറുണ്ട്. പ്രത്യേകിച്ച് മറ്റൊരു നഗരത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ പോയി ഹോട്ടൽ മുറിയിൽ തനിച്ചിരിക്കുമ്പോൾ പഴയ ഓർമകൾ തിരിച്ചെത്തും. അതുകൊണ്ട് പരമാവധി തിരക്കിലായിരിക്കാനാണ് ശ്രമിക്കുന്നതെന്നും അൻഷ പറഞ്ഞു.
ജേണലിസ്റ്റാകാനായിരുന്നു മോഹം
അഭിനയരംഗത്ത് എത്തണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നില്ല അൻഷ. ജേണലിസ്റ്റാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സഹോദരന്റെ മരണശേഷമുണ്ടായ മാനസികാഘാതമാണ് ജീവിതത്തെ മറ്റൊരു വഴിയിലേക്ക് നയിച്ചത്.സഹോദരന്റെ മരണശേഷം മാനസികമായി തകർന്നിരുന്ന അൻഷ അഭിനയരംഗത്തേക്ക് കടക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അമ്മ ആദ്യം എതിർത്തു. മകൾ ഈ മേഖലയിലേക്ക് പോകേണ്ടെന്ന് അമ്മ ഉറച്ചുനിന്നു. എന്നാൽ വീട്ടിൽ അവശേഷിക്കുന്ന ഒരേയൊരു കുട്ടിയായതിനാൽ അവളുടെ ആഗ്രഹത്തിന് തടസ്സം നിൽക്കരുതെന്നായിരുന്നു അച്ഛന്റെ നിലപാട്.അങ്ങനെ കോളേജ് പഠനത്തോടൊപ്പം പോർട്ട്ഫോളിയോ ചിത്രങ്ങളുമായി അവസരങ്ങൾ തേടാൻ തുടങ്ങി. ഓരോ ചിത്രത്തിന്റെയും പിന്നിൽ പേരും ഫോൺ നമ്പറും എഴുതി ഓഡിഷനുകൾക്കായി പോകുമായിരുന്നു. അഭിനയപരിശീലനമോ സിനിമാ പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും ഓഡിഷനുകളിലൂടെയാണ് അവസരങ്ങൾ നേടിയത്.
ആദ്യമായി ടെലിവിഷനിൽ ലഭിച്ചത് നെഗറ്റീവ് കഥാപാത്രമായിരുന്നു. 'ബന്ധൻ 60 ജൻമോൻ കാ' എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നീട് 'ആഹട്ട്', 'സി.ഐ.ഡി.' തുടങ്ങിയ പരിപാടികളിലും എപ്പിസോഡിക് വേഷങ്ങളിലും അഭിനയിച്ചു. ഭാഗ്യംകൊണ്ട് അവസരം ലഭിച്ചതല്ലെന്നും എല്ലാ വേഷങ്ങൾക്കും ഓഡിഷൻ നടത്തിയിട്ടുണ്ടെന്നും അൻഷ വ്യക്തമാക്കി.
മൂന്ന് വർഷത്തെ പ്രണയം; വിവാഹംവരെ തീരുമാനിച്ച ബന്ധത്തിൽ വഞ്ചന
ജീവിതത്തിൽ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും അത് വലിയ വേദനയാണ് സമ്മാനിച്ചതെന്ന് അൻഷ പറഞ്ഞു. ഏകദേശം 13 വർഷം മുമ്പായിരുന്നു അവസാനത്തെ പ്രണയബന്ധം. സിനിമാ-ടെലിവിഷൻ മേഖലയിൽ നിന്നുള്ള ആളായിരുന്നില്ല പങ്കാളി. മൂന്നു വർഷത്തോളം നീണ്ട ഗൗരവമുള്ള ബന്ധമായിരുന്നു അത്. വിവാഹംവരെ തീരുമാനിച്ചിരുന്നതുമാണ്.എന്നാൽ ആ വ്യക്തി മറ്റൊരു സ്ത്രീയുമായും ഒരേസമയം ബന്ധത്തിലായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ഫേസ്ബുക്ക് ചാറ്റിലൂടെയാണ് സത്യം പുറത്തുവന്നത്. വഞ്ചന തിരിച്ചറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചു. വീണ്ടും അവസരം നൽകാനോ ക്ഷമിക്കാനോ തയ്യാറായില്ല. ഇനി തന്റെ മുഖം പോലും കാണരുതെന്ന് അയാളോട് തുറന്നുപറഞ്ഞാണ് ബന്ധത്തിൽനിന്ന് പുറത്തുവന്നത്.ആ ബന്ധത്തിൽ താൻ സന്തോഷവതിയായിരുന്നില്ലെന്നും അൻഷ വ്യക്തമാക്കി. പങ്കാളി വളരെ ആധിപത്യസ്വഭാവമുള്ള വ്യക്തിയായിരുന്നു. തന്റെ ഇഷ്ടങ്ങൾക്കും വളർച്ചയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബന്ധത്തിൽ ശ്വാസംമുട്ടുന്ന അവസ്ഥയായിരുന്നു. വേർപിരിഞ്ഞശേഷമാണ് കൂടുതൽ സന്തോഷവതിയായതെന്നും കരിയറിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതെന്നും താരം പറഞ്ഞു.
പ്രണയമില്ല; വിവാഹത്തിനായി കണ്ടുമുട്ടിയവരും പിന്മാറി
അവസാന പ്രണയബന്ധം അവസാനിച്ചതിനുശേഷം ഏകദേശം 13 വർഷമായി മറ്റൊരു പ്രണയബന്ധത്തിലുമില്ലെന്നാണ് അൻഷ വെളിപ്പെടുത്തിയത്. ഡേറ്റിങ്ങോ കാഷ്വൽ ബന്ധങ്ങളോ സിറ്റുവേഷൻഷിപ്പുകളോ ഉണ്ടായിട്ടില്ല. സിറ്റുവേഷൻഷിപ്പ് എന്ന വാക്കിന്റെ അർഥം പോലും ഈ അഭിമുഖത്തിനിടയിലാണ് മനസ്സിലാക്കിയത്.മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും നിർദേശപ്രകാരം വിവാഹത്തിനായി മൂന്നോ നാലോ പുരുഷന്മാരെ കണ്ടുമുട്ടിയിരുന്നു. എന്നാൽ ഓരോ തവണയും മറുവശത്തുനിന്ന് ആളുകൾ പിന്മാറുകയായിരുന്നു. അതിനുള്ള വ്യക്തമായ കാരണങ്ങളൊന്നും അവർ പറഞ്ഞിരുന്നില്ല.വിജയകരമായ, സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ സമീപിക്കാൻ ചില പുരുഷന്മാർക്ക് മടിയുണ്ടാകാമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. അതേസമയം, തന്റെ മുൻകാല അനുഭവങ്ങൾ കാരണം മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും അൻഷ സമ്മതിച്ചു.
ഒരിക്കൽ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആ നിർബന്ധമില്ല. ജീവിതത്തിലേക്ക് അനുയോജ്യനായ ഒരാൾ കടന്നുവന്നാൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. അല്ലാത്തപക്ഷം വിവാഹത്തിനായി ഒരാളെ കണ്ടെത്താനും ഡേറ്റിങ് നടത്തി നോക്കാനുമൊന്നും ഇപ്പോൾ താൽപര്യമില്ല.കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിലാണ് ഒരു പുരുഷന്റെ സാന്നിധ്യമില്ലാതെയും സന്തോഷത്തോടെ ജീവിക്കാമെന്ന് തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളാണ് ഇപ്പോൾ തന്റെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവെക്കാനുള്ള കൂട്ടുകാർ. ഷൂട്ടിങ്ങിൽ നല്ലൊരു രംഗം ചെയ്താലും അത് ആദ്യം അറിയിക്കുന്നത് സുഹൃത്തുക്കളെയാണെന്നും അൻഷ പറഞ്ഞു.
Also Read : 'കല്യാണം കഴിക്കുന്നില്ലേ, വയസ്സ് കൂടുവാണ്'; ബന്ധുക്കളുടെ ചോദ്യങ്ങൾ മടുത്തോ? മറുപടി നൽകാൻ വഴികളുണ്ട്
അവിവാഹിതയായതിനാൽ വിവാഹിതരായ സ്ത്രീകൾ സംശയത്തോടെ കണ്ടു
അവിവാഹിതയായതിനാൽ ചില വിവാഹിതരായ സ്ത്രീകൾ തന്നെ ഭീഷണിയായി കണ്ടിട്ടുണ്ടെന്നും അൻഷ വെളിപ്പെടുത്തി. സുന്ദരിയും അവിവാഹിതയുമായ ഒരു സ്ത്രീയെ കണ്ടാൽ അവരുടെ ഭർത്താക്കന്മാരെ വശീകരിക്കാൻ ശ്രമിക്കുമെന്ന തരത്തിൽ ചിലർ ചിന്തിക്കാറുണ്ട്. ടെലിവിഷൻ സെറ്റുകളിലും വ്യക്തിജീവിതത്തിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ തനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ല. സ്ത്രീ സുഹൃത്തുക്കളുമായി വളരെ സ്വതന്ത്രമായി ഇടപഴകുന്ന വ്യക്തിയാണ് താനെന്നും താരം പറഞ്ഞു.ഒരാളുടെ സൗന്ദര്യമോ ഉയരമോ ശരീരഘടനയോ മാത്രമല്ല, വിവാഹിതയല്ലെന്ന കാര്യം പോലും മറ്റുള്ളവർക്ക് സംശയത്തിന് കാരണമാകാറുണ്ടെന്നാണ് അൻഷയുടെ അനുഭവം.
പണമാണ് പ്രധാന പ്രചോദനം
2011-ൽ സി.ഐ.ഡിയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസത്തെ പ്രതിഫലം 8,000 രൂപയായിരുന്നു. തുടർച്ചയായി 20-22 ദിവസം ഷൂട്ടിങ് ഉണ്ടാകുമായിരുന്നു. പിന്നീട് പ്രതിഫലത്തിൽ വർധനവുണ്ടായി.സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ പ്രതിഫലമായിരുന്നോ ലഭിച്ചിരുന്നതെന്ന ചോദ്യത്തിന് അൻഷയുടെ മറുപടി ഇല്ല എന്നായിരുന്നു. എന്നാൽ ദയയെപ്പോലുള്ള മുതിർന്ന താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നത് സ്വാഭാവികമാണെന്നും അവർ വ്യക്തമാക്കി.അന്നത്തെ ടെലിവിഷൻ മേഖലയിൽ പ്രമുഖ നടിമാർക്ക് ഒരു ദിവസത്തെ പ്രതിഫലമായി ഏകദേശം 10,000 മുതൽ 12,000 രൂപവരെ ലഭിച്ചിരുന്നുവെന്നാണ് സംഭാഷണത്തിൽ പരാമർശിച്ചത്. സി.ഐ.ഡിയിൽ അൽപ്പം കുറഞ്ഞ പ്രതിഫലം ലഭിച്ചിരുന്നെങ്കിലും അവിടത്തെ ജോലി അന്തരീക്ഷം കൂടുതൽ സമാധാനപരമായതിനാൽ അതിൽ തൃപ്തിയുണ്ടായിരുന്നു. പ്രശസ്തിയേക്കാൾ പണത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നും അൻഷ പറഞ്ഞു. സഹോദരന്റെ ചികിത്സാസമയത്ത് സാമ്പത്തിക സഹായത്തിനായി പലരെയും സമീപിക്കേണ്ടിവന്നിരുന്നു. ചില ബന്ധുക്കൾ പോലും സഹായിക്കാതിരുന്നത് മനസ്സിൽ വലിയ മുറിവുണ്ടാക്കി. അതുകൊണ്ടുതന്നെ സ്വന്തം കാലിൽ നിൽക്കാനും സാമ്പത്തികമായി സുരക്ഷിതയാകാനും തീരുമാനിക്കുകയായിരുന്നു.
മറ്റൊരു അഭിമുഖത്തിൽ സ്ത്രീകളോടൊപ്പം ജോലി ചെയ്യുന്നതിനേക്കാൾ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതാണ് എളുപ്പമെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. സ്ത്രീകൾ മറ്റൊരു സ്ത്രീയുടെ വളർച്ച തടയുമെന്ന തരത്തിൽ അൻഷ പറഞ്ഞതായി പലരും വിമർശിച്ചു. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് താരം വ്യക്തമാക്കി. കരിയറിന്റെ തുടക്കത്തിൽ ചില വനിതാ സഹപ്രവർത്തകരിൽനിന്ന് മോശം അനുഭവങ്ങളുണ്ടായി. അതിന്റെ പേരിൽ എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് പറയാനാവില്ല. ഇന്നും നിരവധി വനിതാ സഹപ്രവർത്തകരുമായി നല്ല ബന്ധമാണുള്ളത്. ജാൻവി ഛേദ, ശ്രദ്ധ മുസലെ, ക്രിയേറ്റീവ് ഹെഡ് ക്രിസ്റ്റബെൽ ഡി'സൂസ എന്നിവരോടൊപ്പം സന്തോഷത്തോടെ ജോലി ചെയ്യുന്നുണ്ട്. അവരുമായി വാനിറ്റി വാൻ പങ്കിടുകയും യാത്ര ചെയ്യുകയും വീഡിയോകൾ ചെയ്യുകയും ചെയ്യാറുണ്ട്. 4 വയസ്സാണ് പ്രായമെന്നും അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും അൻഷ വ്യക്തമാക്കി. പ്രായം കൂടുന്നത് അനുഗ്രഹമായാണ് കാണുന്നതെന്നും ഇരുപതുകളിലേക്ക് തിരിച്ചുപോകാൻ താൽപര്യമില്ലെന്നും അൻഷ പറഞ്ഞു.
Content Highlights: Ansha Sayed shared her emotional journey of losing her 17-year-old brother to cancer., She discussed her iconic role as Inspector Purvi in CID and why she left the show., The actress opened up about toxic workplace politics in the television industry., She revealed why she has been single for the past 13 years and her views on marriage.
Published: 07 Nov 2026, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented