വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും കൈയ്യിൽനിന്ന് സാധനങ്ങൾ തട്ടിയെടുക്കുന്ന കുരങ്ങുകൾ പലപ്പോഴും വലിയ ഭീഷണിയാണ്. തട്ടിയെടുത്ത സാധനങ്ങൾ തിരിച്ചുവാങ്ങുക പലപ്പോഴും അസാധ്യംതന്നെയായിരിക്കും. ഫ്രൂട്ട് ജ്യൂസ് നൽകി കുരങ്ങിന്‍റെ കൈയിൽനിന്ന് ഫോൺ തിരിച്ചുവാങ്ങുന്ന യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

To advertise here,

ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ഒരാളുടെ കൈയില്‍നിന്ന് വിലകൂടിയ സാംസങ് എസ്25 അള്‍ട്രാ ഫോണ്‍ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് അത് തിരികെ കിട്ടാന്‍ ഉടമ നടത്തുന്ന ശ്രമങ്ങളാണ് വീഡിയോയിലുള്ളത്. 

വീഡിയോയുടെ തുടക്കത്തില്‍ ഒരു കെട്ടിടത്തിന് മുകളിൽ സാംസങ് എസ്25 അള്‍ട്രാ ഫോണുമായി ഇരിക്കുന്ന കുരങ്ങിനെ കാണാം. കുരങ്ങിന്റെ കൈയില്‍ നിന്ന് ഫോണ്‍ തിരികെ കിട്ടാന്‍ ഉടമയും മറ്റുള്ളവരും ചേര്‍ന്ന് പാക്കറ്റിലുള്ള മാംഗോ ജ്യൂസ് കുരങ്ങിന് എറിഞ്ഞുനല്‍കുകയാണ്. ജ്യൂസ് കൈയ്യിൽ കിട്ടിയതും വളരെ സ്വാഭാവികമായി ഫോൺ താഴേയ്ക്ക് ഇട്ടുകൊടുക്കുന്ന കുരങ്ങിനെയാണ് വീഡിയോയിൽ കാണുന്നത്.

കാര്‍ത്തിക റാത്തൗഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം നിരവധിയാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. വൃന്ദാവനില്‍ സര്‍വസാധാരണമായ കാഴ്ചയാണിതെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ മറ്റൊരാള്‍ കുരങ്ങിന് ബാര്‍ട്ടര്‍ സിസ്റ്റത്തേപ്പറ്റി അറിയാമെന്നാണ് പ്രതികരിച്ചത്.