
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ കാർ ഡ്രൈവറോട് കാണിച്ച എളിമയാർന്ന പെരുമാറ്റം വലിയ ശ്രദ്ധ നേടുന്നു. യാത്രപറഞ്ഞ് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർക്ക് ഹസ്തദാനം നൽകാൻ മറന്നകാര്യം തിരിച്ചറിഞ്ഞ അദ്ദേഹം, തിരികെ നടന്നെത്തി ഡ്രൈവർക്ക് കൈകൊടുക്കുകയും സംസാരിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രശംസിച്ച് രംഗത്തെത്തിയത്. ഷെയ്ഖ് ഖാലിദ് കാറിൽനിന്ന് പുറത്തിറങ്ങി യാത്രതിരിക്കുന്നതിന് മുൻപ് പ്രമുഖരെ അഭിവാദ്യംചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ എന്തോ മറന്നെന്ന് മനസിലാക്കിയ അദ്ദേഹം തിരികെ നടന്ന് കാറിനടുത്തേക്ക് ചെല്ലുകയും ഡ്രൈവർക്ക് ഹസ്തദാനം നൽകുകയും അദ്ദേഹത്തോട് കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. ഈ ഡ്രൈവർ ഇന്ത്യക്കാരനാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിൽ വച്ചാണ് ഉച്ചകോടി നടന്നത്. 13 ലോകനേതാക്കളും 17 പ്രതിനിധി സംഘങ്ങളും ഈ ഉച്ചകോടിയിൽ പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഷെയ്ഖ് ഖാലിദ് ചർച്ചകൾ നടത്തി. ഊർജ്ജവിതരണം, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ചർച്ചകൾ നടന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മേഖലയിലെ സുരക്ഷാ ആശങ്കകൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ, ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ പങ്കാളിത്തം എന്നിവയും ഈ കൂടിക്കാഴ്ചയിൽ വിഷയമായി.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തിനിടെ ലോകനേതാക്കളുമായി 15 ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയതായും മറ്റു നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങളിൽ ഏർപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Published: 14 Sept 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented