നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിക്ക് കുട്ടികളോടുള്ള സ്‌നേഹം സുപരിചിതമാണ്. എവിടെവച്ചും കുഞ്ഞുങ്ങളെ കാണുമ്പോൾ അവരെ ചേർത്തണയ്ക്കാനും അവരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരാനും അദ്ദേഹം കാണിക്കുന്ന താല്പര്യം പലപ്പോഴും വാർത്തയായിട്ടുള്ളതാണ്. സുരേഷ് ഗോപിയുടെ കുഞ്ഞുങ്ങളോടുള്ള ഈ അതിരറ്റ വാത്സല്യം വെളിവാക്കുന്ന, ഗായകൻ വിജയ് മാധവിന്റെയും നടി ദേവിക നമ്പ്യാരുടെയും രണ്ടാമത്തെ കുട്ടി ഓം പരമാത്മയെ സുരേഷ് ഗോപി കൊഞ്ചിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നത്.

To advertise here,

വിജയ് മാധവ് തന്നെയാണ് ഈ മനോഹര നിമിഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. സുരേഷ് ഗോപി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് താലോലിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മകനും നടനുമായ മാധവ് സുരേഷും ഒപ്പമുണ്ടായിരുന്നു. രാധികയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ മാധവ് സുരേഷ് സ്‌നേഹത്തോടെ കൊഞ്ചിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 'സ്‌നേഹമെന്ന ഭ്രാന്തിലെ ഏറ്റവും മനോഹരമായ ഭാഗം' എന്ന അടിക്കുറിപ്പോടെയാണ് വിജയ് മാധവ് ഈ വീഡിയോ പങ്കുവെച്ചത്.

കുഞ്ഞിന് ഓം പരമാത്മ എന്ന് പേരിട്ടതിനെ തുടർന്ന് വിജയ് മാധവിനും ദേവികയ്ക്കും സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇവരുടെ മൂത്തകുട്ടിയുടെ പേര് ആത്മജ എന്നാണ്. ആ പേരിനെതിരെയും സൈബർ ആക്രമണം ശക്തമായിരുന്നു.

രാഷ്ട്രീയ നിലപാടുകൾക്കും സിനിമാ ജീവിതത്തിനുമപ്പുറം ഒരു മനുഷ്യസ്‌നേഹി എന്ന നിലയിൽ സുരേഷ് ഗോപി പുലർത്തുന്ന ഈ ആർദ്രതയാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്.

നേരത്തേ ഒരു പൊതുപരിപാടിക്കിടെ കെവിൻ എന്ന കുഞ്ഞിനെ സുരേഷ് ഗോപി വാരിപ്പുണരുന്ന വീഡിയോ വൈറലായിരുന്നു. കെവിന് സമ്മാനം നൽകാനായി സുരേഷ് ഗോപിയെ വേദിയിലേക്ക് വിളിച്ചതായിരുന്നു സംഘാടകർ. സമ്മാനം സ്വീകരിച്ച കുഞ്ഞുകെവിൻ സുരേഷ് ഗോപിക്ക് ഹസ്തദാനം നൽകുകയും പിന്നീട് അദ്ദേഹത്തിന്റെ കാലുകളിൽ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞുകെവിന് വേണ്ടി മുട്ടുകുത്തി അവനെ വാരിപ്പുണരുകയായിരുന്നു സുരേഷ് ഗോപി. കെവിന്റെ നെറുകയിൽ ഒരു ചുംബനവും നൽകിയ ശേഷമാണ് സുരേഷ് ഗോപി വേദിയിൽനിന്ന് മടങ്ങിയത്. ഈ സുരേഷ് ഗോപിയെയാണ് ഞങ്ങൾക്കിഷ്ടം, അയാളിലെ മനുഷ്യനെ ഇഷ്ടമാണ് തുടങ്ങി ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.