റാഞ്ചി: രണ്ടെണ്ണം അടിച്ചാൽ മനുഷ്യനെന്നല്ല കുരങ്ങും ചിലപ്പോൾ ‘ഓഫ്’ ആകും. അപ്പോളൊന്ന് മയങ്ങും. അത് ചിലപ്പോൾ മദ്യക്കടയിൽത്തന്നെയാകും. അതാണ് ജാർഖണ്ഡിലെ റാഞ്ചിയിലും സംഭവിച്ചത്. വഴിതെറ്റി മദ്യക്കടയിലെത്തിയ കുരങ്ങൻ മദ്യം കുടിച്ച് ‘പൂസായ’ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യക്കടയിലാണ് സംഭവം നടന്നത്.

To advertise here,

വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുരങ്ങ് അപ്രതീക്ഷിതമായി കടയ്ക്കുള്ളിലേക്ക് കയറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ കുരങ്ങിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് ജീവനക്കാരനെ ആക്രമിച്ചു. ജീവനക്കാരൻ ഭയന്നോടിയതോടെ കുരങ്ങ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ‘മാജിക് മൊമന്റ്’ കുപ്പിയെടുത്ത് രണ്ടെണ്ണം അടിച്ചു. ഒടുവിൽ മദ്യം കുടിച്ച് പൂസായ കുരങ്ങ് മദ്യശാലയിലെ പെട്ടികൾക്ക് മുകളിൽ മണിക്കൂറുകളോളം കിടന്നുറങ്ങുകയും ചെയ്തു.

സംഭവമറിഞ്ഞ് ആളുകൾ മദ്യക്കടയ്ക്കുചുറ്റും തടിച്ചുകൂടി ദൃശ്യങ്ങൾ പകർത്തി. വീഡിയോ ചിത്രീകരിക്കുന്നയാൾ അടുത്തെത്തുമ്പോൾ കുരങ്ങ് ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കുകയും തുടർന്ന് വീണ്ടും കണ്ണടയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യക്കുപ്പിയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെസ്ക്യൂ ടീമാണ് കുരങ്ങിനെ കടയിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്.