മിനിമലിസ്റ്റ് ജീവിത രീതി സാധാരണ പാശ്ചാത്യനാടുകളിലുള്ളവര്‍ക്കിടയിലുള്ള ഒന്നാണ്. എന്നാല്‍ ഇപ്പോഴതിന് ഇന്ത്യയിലും ജനപ്രീതിയേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ സ്ഥലം കുറയുന്നതും, ഈ ബഹളങ്ങളില്‍ നിന്നെല്ലാം രക്ഷനേടാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതുമാണ് അതിനുള്ള പ്രധാന കാരണം. കുറവുകള്‍ തന്നെ ധാരാളമാണ് (less is more) എന്ന ചിന്താഗതിയിലേക്ക് ഇന്ത്യക്കാര്‍ മാറുകയാണ്. വീടുകളിലെ ആഡംബരങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ലളിതമായ ജീവിതം, സമ്മര്‍ദ്ദം കുറയ്ക്കല്‍, ഏറ്റവും പ്രധാന്യമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കല്‍ എന്നിവയെല്ലാം ആ ജീവിതത്തില്‍ ഉള്‍പ്പെടുന്നു.

To advertise here,

എന്താണ് മിനിമലിസം?

ഒരു വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള ജീവിതമാണ് മിനിമലിസം ലക്ഷ്യമിടുന്നത്. ജീവിതത്തില്‍ യഥാര്‍ഥ മൂല്യമുള്ളവ മാത്രം നിലനിര്‍ത്തുകയും അനാവശ്യ സ്വത്തുക്കള്‍, ശ്രദ്ധ തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ബാധ്യതകള്‍ എന്നിവ ഉപേക്ഷിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ അളവല്ല, ജീവിതത്തിന്റെ ഗുണമേന്മയാണ് ഇവിടെ പ്രധാനം. ഭൗതിക സമൃദ്ധിയേക്കാള്‍ ലാളിത്യത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താനുള്ള ശ്രമമാണിത്.

ഇന്ത്യയില്‍ മിനിമലിസത്തിന് സ്വീകാര്യത കൂടുന്നത് എന്തുകൊണ്ട്?

നഗരജീവിതത്തിന്റെ അമിതവേഗതയും വര്‍ധിച്ചുവരുന്ന ഉപഭോക്തൃസംസ്‌കാരവും നിരവധി പേരെ മാനസികവും ശാരീരികവുമായി തളര്‍ത്തുന്നു. ജീവിതത്തെ ലളിതമാക്കി സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായി മിനിമലിസത്തെ ആളുകള്‍ കാണുന്നു.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലളിതമായ വീടുകളും സമാധാനപൂര്‍ണമായ ജീവിതരീതിയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ആളുകളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. വീടുകളിലെ അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കി ഇടങ്ങള്‍ ലളിതമാക്കുന്ന സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍, പരിമിതമായ വസ്ത്രങ്ങള്‍ മാത്രമുള്ള 'കാപ്‌സ്യൂള്‍ വാര്‍ഡ്രോബുകള്‍', ശ്രദ്ധയോടെയുള്ള ഷോപ്പിങ് എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍ മാരും സജീവമാണ്. മില്ലേനിയല്‍സും ജെന്‍-സിയും ആഡംബരത്തിനപ്പുറം യാത്രകള്‍ക്കും ആരോഗ്യത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കുന്ന തലമുറയാണ്. അതുകൊണ്ടുതന്നെ മിനിമലിസം അവര്‍ക്ക് സ്വാഭാവികമായി ചേര്‍ന്നുപോകുന്നു.

പാരിസ്ഥിതിക ഗുണങ്ങളും

ലളിതമായ ജീവിതത്തിലൂടെ കൂടുതല്‍ പരിസ്ഥിതിക്ക് ഇണങ്ങും വിധം ജീവിക്കാനാകുമെന്നതും ഒരു വസ്തുതയാണ്. മാലിന്യം കുറവായിരിക്കും, ജീവിക്കാനാവശ്യമായ വസ്തുക്കളുടെ ശ്രദ്ധയോടെയുള്ള ഉപഭോഗമായിരിക്കും അങ്ങനെ പോകുന്നു.

ആത്മീയതയും സാംസ്‌കാരികതയും

പണ്ടുകാലത്തെ ഇന്ത്യന്‍ സമൂഹങ്ങളില്‍ പുലര്‍ത്തിയിരുന്ന അഹിംസ (അക്രമരാഹിത്യം) അപരിഗ്രഹ (സ്വന്തമായ സ്വത്തുക്കള്‍ ഇല്ലാത്തത്) പോലുള്ള ആശയങ്ങള്‍ മിനിമലിസ്റ്റ് ചിന്താഗതിയിലുണ്ട്. ഒരര്‍ഥത്തില്‍, നമ്മുടെ തന്നെ പാരമ്പര്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഇന്നത്തെ മിനിമലിസ്റ്റ് തരംഗം.