മിസ് യൂണിവേഴ്‌സ് വേദിയിൽ സ്വന്തം നാടായ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ഇന്ത്യയുടെ സമ്പന്നമായ കൈത്തറി-തുണിത്തര പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കെസിയ ലിസ് മെജോ . കേരളത്തിന്റെ തനിമയ്‌ക്കൊപ്പം ലാറ്റിനമേരിക്കൻ രാജ്യമായ പ്യൂർട്ടോ റിക്കോയുടെ ഊർജ്ജസ്വലമായ നിറങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള വസ്ത്രം അണിഞ്ഞാണ് മിസ് യൂണിവേഴ്‌സ് നാഷ്ണൽ കോസ്റ്റിയൂം റൗണ്ടിൽ കെസിയ ചുവടുവച്ചത്. ക്യാറ്റ് വാക്കിനൊപ്പം ഭരനാട്യത്തിന്റെ മുദ്രകളും ചലനങ്ങളുമായി ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ മനോഹരമായാണ് കെസിയ അവതരിപ്പിച്ചത്.

To advertise here,

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന തുണിത്തരങ്ങൾ കോർത്തിണക്കിയാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ കരകൗശല വൈദഗ്ധ്യവും സാംസ്‌കാരിക വൈവിധ്യവുമാണ് ഓരോ തുണിത്തരവും വിളിച്ചോതുന്നത്. ഇന്ത്യൻ പരമ്പരാഗത സൗന്ദര്യശാസ്ത്രത്തിനൊപ്പം പ്യൂർട്ടോ റിക്കോയുടെ കടുംനിറങ്ങൾ കൂടി ചേർന്നതോടെ രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളുടെ മനോഹരമായ സംഗമമായി ഈ വസ്ത്രം മാറി.

വസ്ത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം പുറകിലായി ഒരുക്കിയിരിക്കുന്ന ഭീമാകാരമായ അലങ്കാരമാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയും വാസ്തുവിദ്യാ പാരമ്പര്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന ഘടകങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്ത്രത്തിന്റെ മധ്യഭാഗം കേരളീയ തനിമയുള്ള ഐവറി-ഗോൾഡ് നിറത്തിലുള്ള തുണിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്വർണ്ണക്കസവ് ബോർഡറുകളോട് കൂടിയ ഈ വസ്ത്രത്തിന് ആധുനികമായൊരു ഭാവം നൽകുന്നതിനായി ഹൈ-സ്ലിറ്റ് ചേർത്തിരിക്കുന്നു.വസ്ത്രത്തിന്റെ ഇരുവശങ്ങളിലുമായി പിങ്ക്, നീല, മഞ്ഞ, ചുവപ്പ്, പച്ച തുടങ്ങി കടും നിറങ്ങളിലുള്ള തട്ടുകളായുള്ള ഞൊറികൾ നൽകിയിരിക്കുന്നു. ഇതിനോടൊപ്പം തൂങ്ങിക്കിടക്കുന്ന ഓറഞ്ച് നിറത്തിലുള്ള കുഞ്ചലങ്ങളും, കൈകളിൽ നിന്ന് താഴേക്ക് തൂങ്ങുന്ന സ്വർണ്ണ മുത്തുകളുടെ മാലകളും വസ്ത്രത്തിന് ഉത്സവപ്രതീതി നൽകുന്നു.പല നിറങ്ങളിലുള്ള തൂവലുകൾ പതിപ്പിച്ച സ്വർണ്ണക്കിരീടവും, പരമ്പരാഗത ശൈലിയിലുള്ള വലിയ കമ്മലുകളും, കൈകളിൽ നിറയെ വളകളും അണിഞ്ഞാണ് കെസിയ വേദിയിലെത്തിയത്. കാലുകളിൽ സ്വർണ്ണനിറത്തിലുള്ള സ്ട്രാപ്പി ഹീൽസും അണിഞ്ഞിരിക്കുന്നു.

'എന്റെ ഹൃദയത്തിൽ ജീവിക്കുന്ന നാടായ കേരളത്തിനുള്ള ആദരവാണിത്. ഇത് കേവലമൊരു വസ്ത്രമല്ല; എന്റെ വേരുകളുടെയും പൈതൃകത്തിന്റെയും കേരളവും ലാറ്റിനമേരിക്കൻ ഭൂഖണ്ഡവും തമ്മിലുള്ള മനോഹരമായ സാംസ്‌കാരിക ബന്ധത്തിന്റെയും ആഘോഷമാണ്,' കെസിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പഴമയെ ആദരിക്കുമ്പോഴും ഓരോ തലമുറയിലും പുതിയ മാറ്റങ്ങളെ ധൈര്യപൂർവ്വം സ്വീകരിക്കുന്ന കേരളത്തെയാണ് ഈ വസ്ത്രത്തിലൂടെ താൻ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും കെസിയ പറയുന്നു.

മിസ് യൂണിവേഴ്‌സ് വേദിയിൽ തന്റെ നാടിന്റെ കഥ ലോകം തത്സമയം കാണുന്നതിലും, അതിന് ലഭിക്കുന്ന വലിയ സ്‌നേഹത്തിലും വാക്കുകൾക്കതീതമായ സന്തോഷമുണ്ടെന്ന് കസിയ പറഞ്ഞു. 'നമ്മുടെ പാരമ്പര്യങ്ങൾ ഭൂതകാലത്തിന്റെ വെറും കഥകളല്ല; മറിച്ച് നമ്മൾ ഭാവിയിലേക്ക് കൊണ്ടുപോകുന്ന പൈതൃകമാണ്. ഇന്ന് രാത്രി കേരളം പ്രപഞ്ചത്തോളം യാത്ര ചെയ്തിരിക്കുന്നു,'

എന്നാൽ കെസിയയുടെ വസ്ത്രം നന്നായില്ലെന്ന വിമർശനങ്ങളും സോഷ്യൽ മീഡിയിയൽ ഉയരുന്നുണ്ട്. അമച്വറായ രീതിയിലാണ് ഡിസൈനിങ് നടത്തിയിരിക്കുന്നതെന്ന് വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.